വനിതാ കംപാര്‍ടുമെന്റ് യാത്രക്കാരിക്കുനേരെ വീണ്ടും അക്രമം

February 18, 2012 കേരളം

ആലുവ: ട്രെയിനിലെ വനിതാ കംപാര്‍ടുമെന്റ് യാത്രക്കാരിക്കുനേരെ വീണ്ടും അക്രമം. ചെന്നൈ മെയിലില്‍ യാത്രചെയ്ത വിദ്യാര്‍ഥിനിയെ വലിച്ചിടാന്‍ ശ്രമിച്ച അജ്ഞാതനെ യാത്രക്കാര്‍ ചെറുത്തുതോല്‍പ്പിച്ചു. ട്രെയിന്‍ ആലുവ സ്‌റ്റേഷന്‍ പിന്നിട്ടപ്പോള്‍ ഓടിക്കയറാന്‍ ശ്രമിച്ച ആളാണ് വിദ്യാര്‍ഥിനിയെ ആക്രമിച്ചത്. കഴിഞ്ഞ രാത്രി ഏഴരയോടെയാണ് യാത്രക്കാരെ ഒന്നടങ്കം ഞെട്ടിച്ച സംഭവം ഉണ്ടായത്.

തിരുവനന്തപുരം ചെന്നൈ മെയില്‍ ആലുവ സ്‌റ്റേഷനില്‍ നിന്നും പുറപ്പെട്ടപ്പോള്‍ അജ്ഞാതന്‍ വനിതാ കംപാര്‍ട്‌മെന്റില്‍ ചടിക്കയറാന്‍ ശ്രമിക്കുകയായിരുന്നു. ഇയാള്‍ , പ്ലാറ്റ്‌ഫോമിനോട് ചേര്‍ന്ന വാതിലിന്റെ എതിര്‍ഭാഗത്ത് നിന്ന വിദ്യാര്‍ഥിനിയുടെ കാലില്‍ പിടിച്ച് വലിച്ചു. പിന്നിലേക്ക് ആഞ്ഞ വിദ്യാര്‍ഥിനി കംപാര്‍ട്ട്‌മെന്റില്‍ വീണു. തുടര്‍ന്ന് ബഹളം കേട്ട് ഒടിയെത്തിയ വനിതായാത്രക്കാര്‍ ചേര്‍ന്ന് ഡോര്‍ അടച്ചതോടെ അക്രമിക്ക് അകത്ത് കടക്കാനായില്ല. മുഷിഞ്ഞ വസ്ത്രം ധരിച്ചിരുന്ന ആള്‍, അടുത്ത പാളത്തില്‍ നിര്‍ത്തിയിട്ടിരുന്ന ചരക്കുവണ്ടിയുടെ ബോഗികള്‍ക്കിടയിലൂടെ കടന്നുപോകുന്നതും യാത്രക്കാര്‍ കണ്ടു.

ആക്രമണത്തിനിരയായ വിദ്യാര്‍ഥിനി തൃശൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ ഇറങ്ങി. സംഭവം നടക്കുന്ന സമയം വനിതാ കംപാര്‍ട്‌മെന്റില്‍ സുരക്ഷ ജീവനക്കാര്‍ ഇല്ലായിരുന്നു. വിവരം അറിഞ്ഞിനെ തുടര്‍ന്ന്, തൃശൂര്‍ സ്‌റ്റേഷനില്‍ നിന്നും സുരക്ഷയാക്കായി ഒരു വനിതാ ജീവനക്കാരിയെ നിയമിച്ചു. പത്തുദിവസത്തിനിടെ ഇത് രണ്ടാംതവണയാണ് വനിതാ കംപാര്‍ട്‌മെന്റ് യാത്രക്കാര്‍ക്ക് നേരെ ആക്രമണം ഉണ്ടാകുന്നത്. രാപകല്‍ വ്യത്യാസമില്ലാതെ ട്രെയിനിലെ വനിതാ യാത്രക്കാര്‍ ആക്രമണത്തിനു വിധേയരാകുന്ന സംഭവങ്ങള്‍ സുരക്ഷാ ക്രമീകരണങ്ങളിലെ വീഴ്ചയാണെന്ന്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം