സുരക്ഷാ സംവിധാനം കാര്യക്ഷമമാക്കാന്‍ വിമാനത്താവളത്തില്‍ പ്രത്യേക സോഫ്റ്റ്‌വെയര്‍

February 18, 2012 കേരളം

നെടുമ്പാശ്ശേരി: സുരക്ഷാ മാനേജ്‌മെന്റ് സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി കൊച്ചി വിമാനത്താവളത്തില്‍ പ്രത്യേക സോഫ്റ്റ്‌വെയര്‍ സജ്ജമാക്കി. ബ്രിട്ടനിലെ സാല്‍ കണ്‍സള്‍ട്ടന്‍സിയും ഇന്ത്യയിലെ പിഇടി ഏവിയേഷനും ചേര്‍ന്നാണ് സോഫ്റ്റ്‌വെയര്‍ സജ്ജമാക്കിയത്. വിമാനത്താവളത്തിലെ ഏതെങ്കിലും ഏജന്‍സിയുടെ ഭാഗത്തുനിന്ന് സുരക്ഷാവീഴ്ച ഉണ്ടായാല്‍ അത് ശ്രദ്ധയില്‍പ്പെടുന്ന ഉദ്യോഗസ്ഥന് ഓണ്‍ലൈന്‍ വഴി റിപ്പോര്‍ട്ട് ചെയ്യാം. ഇതിനായി വിമാനത്താവളത്തിലെ ഉദ്യോഗസ്ഥര്‍ക്കെല്ലാം പരിശീലനം നല്‍കിയിട്ടുണ്ട്. സുരക്ഷാ വീഴ്ച ഉണ്ടായാല്‍ അത് ഉടന്‍ തന്നെ ഓണ്‍ലൈന്‍ വഴി ഓപ്പറേഷന്‍ വിഭാഗത്തിന്റെ ശ്രദ്ധയില്‍പ്പെടുത്താന്‍ കഴിയുമെന്നതാണ് പുതിയ സംവിധാനത്തിന്റെ മേന്മ. വീഴ്ച റിപ്പോര്‍ട്ട് ചെയ്യുന്നതും അതിന്മേലുള്ള തുടര്‍ നടപടികളുമെല്ലാം റെക്കോര്‍ഡ് ചെയ്ത് സൂക്ഷിക്കാനും കഴിയും.

വീഴ്ച വരുത്തിയ ഏജന്‍സിയോട് ഓണ്‍ലൈന്‍ വഴി വിശദീകരണവും തേടാം. ഓപ്പറേഷന്‍ വിഭാഗത്തിലെ സേഫ്റ്റി ഓഫീസര്‍ക്കാണ് പുതിയ സംവിധാനത്തിന്റെ ചുമതല. സുരക്ഷാ വീഴ്ച ഉണ്ടാകുമ്പോള്‍ അതിന്‍മേല്‍ എടുത്ത തുടര്‍ നടപടികളും മറ്റും റെക്കോഡ് ചെയ്ത് സൂക്ഷിക്കാമെന്നതിനാല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനും (ഡിജിസിഎ) മറ്റും ഇവ പരിശോധിക്കാനും എളുപ്പമാണ്. സുരക്ഷാ സംവിധാനങ്ങള്‍ ആഗോളനിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായാണ് കൊച്ചി വിമാനത്താവളത്തിലും പ്രത്യേക സോഫ്റ്റ്‌വെയര്‍ സജ്ജമാക്കിയിരിക്കുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം