ഇറ്റാലിയന്‍ കപ്പലിലെ ജീവനക്കാര്‍ നടത്തിയത് മൃഗീയ കൊലപാതകമാണെന്നു മുഖ്യമന്ത്രി

February 18, 2012 കേരളം

കൊച്ചി: കൊല്ലത്ത് നീണ്ടകരയില്‍ മത്സ്യബന്ധന തൊഴിലാളികള്‍ക്കു നേരെ ഇറ്റാലിയന്‍ കപ്പലിലെ ജീവനക്കാര്‍ നടത്തിയത് മൃഗീയ കൊലപാതകമാണെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. സംഭവത്തില്‍ പൊലീസ് തെളിവുകള്‍ ശേഖരിച്ചുവരികയാണ്. വിദേശകാര്യ മന്ത്രാലയവുമായി സംസ്ഥാന സര്‍ക്കാര്‍ നിരന്തരം ബന്ധപ്പെടുന്നുണ്ട്. കുറ്റക്കാരെ രക്ഷപെടാന്‍ അനുവദിക്കില്ല. കുറ്റക്കാര്‍ക്കെതിരെ കൊലപാതകക്കേസെടുത്തിട്ടുണ്ട്.

വിട്ടുവീഴ്ചയില്ലാതെ നടപടി സ്വീകരിക്കും. വികാരപരമായി പ്രശ്‌നത്തെ സമീപിക്കാന്‍ കഴിയില്ല. നിയമത്തിന്റെ എല്ലാ പഴുതുകളം അടയ്ക്കുന്നതിനാണ് ചെറിയ കാലതാമസം ഉണ്ടാകുന്നതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. വെടിവയ്പ് നടന്നത് ഇന്ത്യന്‍ സമുദ്രാതിര്‍ത്തിക്കുള്ളില്‍ ആണെന്നു തെളിയിക്കുന്നതിനായി സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കേണ്ടി വരും. കേസില്‍ കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍ സ്വാഗതാര്‍ഹം ആണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്ന ഇറ്റാലിയന്‍ കപ്പല്‍ ജീവനക്കാര്‍ കുറ്റകരമായ പ്രവര്‍ത്തിയാണ് ചെയ്തതെന്ന് ഡി.ജി.പി ജേക്കബ് പുന്നൂസ് പറഞ്ഞു. കപ്പലിലെ രേഖകള്‍ പരിശോധിച്ചശേഷം കുറ്റക്കാരെ അറസ്റ്റ് ചെയ്യും. പോലീസ് നടപടികളോടുള്ള വിയോജിപ്പ് അറിയിക്കേണ്ടത് കോടതിയെ ആണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ അധികാര പരിധിയിലുള്ള കടലിലാണ് വെടിവെപ്പ് നടന്നത്. ഇന്ത്യയുടെ സാമ്പത്തിക മേഖലയ്ക്കും മത്സ്യബന്ധന മേഖലയ്ക്കും ഉള്ളില്‍വച്ചായിരുന്നു സംഭവമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം