ഇറ്റാലിയന്‍ ചരക്കുകപ്പലിലെ ജീവനക്കാരുടെ അറസ്റ്റ്: പ്രധാനമന്ത്രി ഇടപെടുന്നു

February 18, 2012 ദേശീയം

ന്യൂഡല്‍ഹി: ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്ന ഇറ്റാലിയന്‍ ചരക്കുകപ്പലിലെ ജീവനക്കാരെ അറസ്റ്റ് ചെയ്യുന്നത് സംബന്ധിച്ച കാര്യത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് റിപ്പോര്‍ട്ട് തേടി. ഈ വിഷയത്തില്‍ ആഭ്യന്തര മന്ത്രാലയത്തിന്റെയും വിശദീകരണം ആരാഞ്ഞിട്ടുണ്ട്. ഇരുരാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്ര ബന്ധത്തെ ബാധിക്കുന്ന വിഷയം ആയതിനാലാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ഇക്കാര്യത്തില്‍ ഇടപെടുന്നത്. സംഭവം നടന്ന് 48 മണിക്കൂര്‍ കഴിഞ്ഞിട്ടും വെടിവെപ്പ് നടത്തിയ കപ്പല്‍ ജീവനക്കാരെ അറസ്റ്റുചെയ്യാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല.

ചോദ്യംചെയ്യലിന് വിധേയരാവാന്‍ കപ്പലിലെ ജീവനക്കാര്‍ വിസമ്മതിക്കുന്നതാണ് നടപടികള്‍ വൈകാന്‍ കാരണം. ഇറ്റലിയില്‍നിന്ന് നയതന്ത്ര ഉദ്യോഗസ്ഥര്‍ എത്താന്‍ കാത്തിരിക്കുകയാണ് കപ്പലിലെ ജീവനക്കാര്‍. ഇറ്റാലിയന്‍ ഉദ്യോഗസ്ഥരുമായി ആലോചിച്ചശേഷം പോലീസുമായി സഹകരിക്കാമെന്ന നിലപാടിലാണ് അവര്‍. അന്താരാഷ്ട്ര കപ്പല്‍ പാതയില്‍വച്ചാണ് സംഭവം നടന്നതെന്നും ജീവനക്കാര്‍ അവകാശപ്പെടുന്നു. അതിനാല്‍ ഇന്ത്യയ്ക്ക് നടപടി സ്വീകരിക്കാന്‍ കഴിയില്ല എന്ന വാദവും അവര്‍ ഉയര്‍ത്തുന്നു. അതിനിടെ സംഭവത്തില്‍ നിയമാനുസൃതം പ്രവര്‍ത്തിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം