ഇസ്രായേലി എംബസി കാര്‍ സ്‌ഫോടനം: അന്വേഷണം കേരളത്തിലേക്ക് നീളുന്നു

February 18, 2012 ദേശീയം

ന്യൂഡല്‍ഹി: ഇസ്രായേലി എംബസി വാഹനത്തിനു നേര്‍ക്കുണ്ടായ ബോംബാക്രമണത്തിന്റെ അന്വേഷണം കേരളത്തിലേക്ക്. മോട്ടോര്‍ സൈക്കിളിലെത്തി കാന്തം കൊണ്ടുള്ള ഒട്ടിപ്പു ബോംബ് സ്ഥാപിച്ചയാള്‍ക്കു നിരോധിത ഭീകരസംഘടനയായ സിമിയുമായി ബന്ധമുണ്ടെന്ന സൂചനയെത്തുടര്‍ന്നാണ് കേരളം, യുപി, മഹാരാഷ്ട്ര എന്നിവിടങ്ങിലേക്ക് അന്വേഷണ സംഘങ്ങളെ അയച്ചത്.

കാര്‍ സ്‌ഫോടനം അന്വേഷിക്കുന്ന ഡല്‍ഹി പോലീസിന്റെ പ്രത്യേക അന്വേഷണസംഘമാണ് കേരളത്തിലേക്ക് അന്വേഷണം വ്യാപിപ്പിച്ചത്. പ്രത്യേക സംഘം ഇന്നലെ കേരളത്തിലെത്തി. സംസ്ഥാനത്തു തീവ്രവാദ ബന്ധമുള്ള ഗ്രൂപ്പുകളും ഇവര്‍ മറയാക്കുന്ന രാഷ്്ട്രീയപാര്‍ട്ടികള്‍ അടക്കമുള്ള സംഘടനകളും പോലീസിന്റെ നിരീക്ഷണത്തിലായിരിക്കും. നിരോധിക്കപ്പെട്ട സ്റ്റുഡന്റ് ഇസ്‌ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ (സിമി) നേതാക്കളുമായി ബന്ധമുള്ളവരുടെ ഫോണ്‍കോളുകളും ഇമെയിലുകളും ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ നെറ്റ വര്‍ക്കിംഗ് മാധ്യമങ്ങളും പോലീസ് വിശദമായി പരിശോധിക്കും.

ഇതിനിടെ, ഡല്‍ഹിയിലെ കാര്‍ ബോംബ് സ്‌ഫോടനം ഇന്നലെ പോലീസ് പുനരാവിഷ്‌കരിച്ചു. ബൈക്കിലെത്തിയ ഒരാള്‍ക്ക് ഒറ്റയ്ക്ക് ഈ ആക്രമണം നടത്താനാകുമോ എന്നാണു പ്രധാനമായും വിലയിരുത്തിയത്. ഫോറന്‍സിക് പരിശോധനാഫലം ഇന്നു കിട്ടിയശേഷം കൂടുതല്‍ തെളിവുകള്‍ കിട്ടിയേക്കുമെന്നാണു പ്രതീക്ഷ. ബാങ്കോക്കിലും ടിബിലിസിയിലും നടന്ന ഭീകരപദ്ധതികളുമായി ബന്ധമുണ്ടോയെന്ന കാര്യം സ്ഥിരീകരിക്കാന്‍ ഫോറന്‍സിക് പരിശോധന സഹായിച്ചേക്കും.

എന്നാല്‍, സ്‌ഫോടനം നടന്ന് അഞ്ചാം ദിവസത്തിലേക്കു കടന്നിട്ടും കേസിനു തുമ്പുണ്ടാക്കാനോ, പ്രതിയെ കണ്ടെത്താനോ കഴിയാത്തത് ഇന്ത്യയിലെ അന്വേഷണ ഏജന്‍സികള്‍ക്കു കനത്ത ആഘാതമായി. ഇത്രയും ഗൗരവമുള്ള സംഭവത്തിന്റെ അന്വേഷണം ഇനിയും ദേശീയ അന്വേഷണ ഏജന്‍സിക്കു കൈമാറാത്തതും വിമര്‍ശനവിധേയമായിട്ടുണ്ട്. ഡല്‍ഹി പോലീസിന്റെ പ്രത്യേക സെല്ലാണ് ഇപ്പോഴും കേസന്വേഷണം നടത്തുന്നത്.

പരിക്കേറ്റു ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്ന എംബസി ഉദ്യോഗസ്ഥന്റെ ഭാര്യ ടല്‍ യഹോഷുവ കോറനെ ഇന്നലെ പ്രത്യേക ആംബുലന്‍സ് വിമാനത്തില്‍ ഇസ്രയേലിലേക്കു കൊ ണ്ടുപോയി. ആശുപത്രി വിടുന്നതിനുമുമ്പ് ഏഴും പന്ത്രണ്ടും വയസുള്ള മക്കളെ യഹോഷുവ കണ്ടിരുന്നു. ദുരന്തത്തിനുശേഷം ആദ്യമായി കുട്ടികളെ കണ്ട ഇവര്‍ വളരെ സന്തോഷവതിയായിരുന്നു.

ഇസ്രയേലിനെ ആക്രമിക്കാന്‍ മിത്രരാജ്യമായ ഇന്ത്യയുടെ തലസ്ഥാനം ഇറാന്‍ ഉപയോഗപ്പെടുത്തില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ കരുതുന്നത്. ഇന്ത്യയുമായി നല്ല ബന്ധമുള്ള രാജ്യമാണ് ഇറാന്‍. ഇറാനെതിരേയുള്ള അമേരിക്കയുടെയും ഇസ്രയേലിന്റെയും നേതൃത്വത്തിലുള്ള നീക്കങ്ങള്‍ ചെറുക്കുന്നതില്‍ ചൈനയും റഷ്യയും കഴിഞ്ഞാല്‍ ചെറുതല്ലാത്ത പങ്കു വഹിക്കുന്ന പ്രമുഖ രാജ്യമാണ് ഇന്ത്യ. ഡല്‍ഹി ആക്രമണത്തിനു പിന്നില്‍ ഇറാനാണെന്ന ഇസ്രേലി പ്രധാനമന്ത്രിയുടെ പ്രസ്താവനയോട് തുടക്കം മുതല്‍ ഇന്ത്യ യോജിക്കാതിരുന്നത് ഇതുമൂലമാണ്. ഡല്‍ഹി സ്‌ഫോടനത്തില്‍ പങ്കില്ലെന്നു ഹിസ്ബുള്ള നേതാവ് ഹസന്‍ നസറുല്ലയും വ്യക്തമാക്കിയിരുന്നു. ഇക്കാര്യങ്ങള്‍കൂടി കണക്കിലെടുത്താണ് ഇന്ത്യയിലെതന്നെ ഭീകരവാദ സംഘങ്ങളിലേക്ക് അന്വേഷണം തിരിക്കാന്‍ പോലീസിനെ പ്രേരിപ്പിച്ചത്.

പാക്കിസ്ഥാന്‍ കേന്ദ്രമായുള്ള ലഷ്‌കര്‍ ഇ തോയിബ, ഹുജി (ഹര്‍ക്കത്തുള്‍ ജിഹാദി ഇസ്‌ലാമിക്) ഇന്ത്യന്‍ മുജാഹിദീന്‍ തുടങ്ങിയവരുടെ ഭീകരാക്രമണങ്ങള്‍ക്ക് നേരിട്ടുള്ള സഹായവും പിന്തുണയും സിമി നല്‍കിയിരുന്നു.

അമേരിക്കയ്ക്കും ഇസ്രയേലിനുമെതിരേ ആക്രമണത്തിനു പ്രേരിപ്പിക്കുന്ന നിരവധി ലഘുലേഖകള്‍, പ്രസംഗങ്ങള്‍, വീഡിയോകള്‍ എന്നിവ പോലീസ് പിടിച്ചെടുത്തിട്ടുമുണ്ട്. കേരളത്തില്‍നിന്നോ മറ്റോ തെരഞ്ഞെടുത്ത ആളാകും ഡല്‍ഹിയിലെ ബോംബാക്രമണം നടത്തിയതെന്നാണു പോലീസിന്റെ നിഗമനം.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം