മഹാശിവരാത്രി ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

February 18, 2012 കേരളം

ക്രമസമാധാനം ഉറപ്പാക്കാന്‍ പോലീസിനു നിര്‍ദേശം

ആലുവ: 20ന് രാജ്യമൊട്ടാകെ ശിവരാത്രി ആഘോഷിക്കുന്നതിന്റെ ഭാഗമായി ആലുവ മണപ്പുറത്തെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ശിവരാത്രിക്കു മുന്നോടിയായി കൊട്ടാരകടവില്‍നിന്നും പെരിയാറിനു കുറുകെയുള്ള താല്‍ക്കാലിക പാലത്തിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ ഒമ്പതിന് പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് നിര്‍വഹിച്ചു. സുരക്ഷാപരിശോധനയ്ക്കുശേഷം പാലം ഭക്തര്‍ക്ക് തുറന്നു കൊടുത്തിട്ടുണ്ട്. 200 മീറ്റര്‍ നീളത്തിലും ആറ് മീറ്റര്‍ വീതിയിലുമാണ് പാലം നിര്‍മിച്ചിരിക്കുന്നത്. ഒരുവശത്തേക്ക് യാത്ര ചെയ്യുന്നതിന് അഞ്ചു രൂപയും ഇരുവശത്തേക്കും യാത്ര ചെയ്യുന്നതിന് 10 രൂപയും ആണ് നിരക്ക്. ശ്രീകൃഷ്ണ സ്വാമിക്ഷേത്ര ഉപദേശക സമിതിയാണ് പാലം നിര്‍മിച്ചിട്ടുള്ളത് ഇതിനായി ആലുവ നഗരസഭയും ദേവസ്വംബോര്‍ഡും ചേര്‍ന്ന് 15 ലക്ഷം രൂപ ചെലവിട്ടു. ശിവരാത്രിയോടനുബന്ധിച്ച് മണപ്പുറത്തെ താല്‍ക്കാലിക കച്ചവട സ്റ്റാളുകളുടേയും ഓഫീസുകളുടേയും പണികള്‍ പൂര്‍ത്തിയായി. ഭക്തജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് നഗരത്തിന്റെയും മണപ്പുറത്തിന്റെയും വിവിധ ഭാഗങ്ങളില്‍ രഹസ്യകാമറകള്‍ സ്ഥാപിച്ച് പോലീസ് നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അതേസമയം ആലുവ ശിവരാത്രിയോടനുബന്ധിച്ച് ക്രമസമാധാനം ഉറപ്പാക്കാനുള്ള നടപടി സ്വീകരിക്കാന്‍ ഹൈക്കോടതി സര്‍ക്കാരിനും പോലീസിനും നിര്‍ദേശം നല്‍കി. കുറ്റകൃത്യം തടയുന്നതിനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നും സ്ഥിരം കുറ്റവാളികള്‍ക്കെതിരെ കരുതല്‍ തടങ്കല്‍ ഉള്‍പ്പെടെയുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നും ജസ്റ്റീസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍, ജസ്റ്റീസ് സി.ടി. രവികുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

ഹൈക്കോടതി നിര്‍ദേശപ്രകാരം ശിവരാത്രിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നടത്തിയ തയാറെടുപ്പുകള്‍ സംബന്ധിച്ച് പോലീസ് ഹൈക്കോടതിയില്‍ വിശദീകരണം നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഭക്തര്‍ക്കു പരാമാവധി സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ കോടതി നിര്‍ദേശം നല്‍കിയത്. പണത്തിന് പുറമേ, മൊബൈല്‍ ഫോണ്‍, ക്രെഡിറ്റ് കാര്‍ഡ് എന്നിവ മോഷ്ടിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഭയമില്ലാതെ ക്ഷേത്രദര്‍ശനത്തിന് ഭക്തജനങ്ങള്‍ക്കു സൗകര്യം ഒരുക്കണം. സ്ഥിരം കുറ്റവാളികളെ നിയന്ത്രിക്കുന്നതിന് ഫലപ്രദമായ നടപടി വേണം. ജനങ്ങള്‍ക്ക് ആവശ്യമായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കാന്‍ പോലീസും മറ്റ് വകുപ്പുകളും തയാറാവണമെന്നും കോടതി നിര്‍ദേശിച്ചു.

ആലുവ ശിവരാത്രിയോടനുബന്ധിച്ച് കൂടുതല്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ടെന്നും ഫലപ്രദമായി നടപടികള്‍ സ്വീകരിച്ചു വരുകയാണെന്നും എഡിജിപി ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ശിവരാത്രിയോടനുബന്ധിച്ച് പരമാവധി സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഹൈക്കോടതി നേരത്തെ ബന്ധപ്പെട്ട വകുപ്പുകള്‍ക്കും ദേവസ്വം ബോര്‍ഡിനും നിര്‍ദേശം നല്‍കിയിരുന്നു. ഏതെങ്കിലും തരത്തിലുണ്ടാവുന്ന അനിഷ്ട സംഭവങ്ങള്‍ക്ക് ബന്ധപ്പെട്ട് വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തിപരാമായി ബാധ്യതയുണ്ടായിരിക്കുമെന്നും കോടതി ചൂണ്ടിക്കാണിച്ചിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം