ഇറ്റാലിയന്‍ നാവികരെ കേരള പൊലീസ് അറസ്റ്റ് ചെയ്തു

February 19, 2012 കേരളം

കൊച്ചി:  മല്‍സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്ന സംഭവത്തില്‍ ഇറ്റാലിയന്‍ കപ്പല്‍ ‘എന്റിക്ക ലെക്‌സിയിലെ രണ്ട് നാവികരെ കേരള പൊലീസ് കസ്റ്റഡിയിലെടുത്തു. കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ എം.ആര്‍. അജിത്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കപ്പലിലെത്തി നാവികരെ അറസ്റ്റ് ചെയ്തത്. ഇവരെ കൊല്ലം സിറ്റി പൊലീസ് കമ്മിഷണര്‍ സാം ക്രിസ്റ്റി ഡാനിയേലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ചോദ്യംചെയ്യുകയാണ്.

കൊച്ചി സിറ്റി പൊലീസ് കമ്മിഷണറും കൊല്ലം സിറ്റി പൊലീസ് കമ്മിഷണറും ഉള്‍പ്പെടെയുള്ള സംഘം രാവിലെ എട്ടുമണിയോടെ കപ്പലിലെത്തിയിരുന്നു. കപ്പലിലെ ജീവനക്കാരുടെ മൊഴിയെടുത്ത ശേഷമാണ് ഉച്ചയോടെ നാവികരെ കസ്റ്റഡിയിലെടുത്തത്. ഇറ്റാലിയന്‍ കോണ്‍സുലേറ്റ് ജനറലും കപ്പലില്‍ എത്തിയിരുന്നു.എറണാകുളം റേഞ്ച് ഐജി പത്മകുമാറും ഉച്ചയോടെ കപ്പലിലെത്തി. മൊഴികളും രേഖകളും പരിശോധിച്ച ശേഷം അന്തിമ തീരുമാനമെടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ഇറ്റലിയില്‍ നിന്നുള്ള വിദേശകാര്യസംഘം ഡല്‍ഹിയിലെത്തി വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥരുമായി ചര്‍ച്ച തുടങ്ങി. സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാനായി ഇറ്റലിയുടെ വിദേശകാര്യമന്ത്രി  ഈ മാസം 28ന് ഇന്ത്യയിലെത്തുമെന്ന് റിപ്പോര്‍ട്ടുണ്ട്. രാവിലെ എട്ടുമണിക്കകം കീഴടങ്ങണമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ കപ്പല്‍ അധികൃതര്‍ക്ക് ഇന്നലെ രാത്രി അന്ത്യശാസനം നല്‍കിയിരുന്നു. രാജ്യാന്തര നിയമപ്രകാരം കുറ്റം ചെയ്ത രാജ്യത്തു തന്നെ ഇവര്‍ വിചാരണ നേരിടണം.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം