അയോധ്യ: വിധി 17ന്‌

September 5, 2010 ദേശീയം,മറ്റുവാര്‍ത്തകള്‍

അയോധ്യയിലെ നിര്‍ദ്ദിഷ്‌ട രാമക്ഷേത്രത്തിന്റെ മാതൃക

ന്യൂഡല്‍ഹി: അയോധ്യയിലെ രാമജന്മഭൂമി തര്‍ക്കത്തില്‍, അലഹബാദ്‌ ഹൈക്കോടതി ഈ മാസം 17 ന്‌ വിധി പറയും. തര്‍ക്കപ്രദേശത്തിന്റെ ഉടമസ്‌ഥാവകാശം ആര്‍ക്കെന്നതു സംബന്ധിച്ച അടിസ്‌ഥാന പ്രശ്‌നത്തിലാണ്‌, കോടതി തീര്‍പ്പു കല്‍പ്പിക്കുന്നത്‌. വിധി ഉണ്ടാക്കിയേക്കാവുന്ന പ്രതികരണങ്ങള്‍ നേരിടാന്‍ കേന്ദ്ര- സംസ്‌ഥാന സര്‍ക്കാരുകള്‍ വിപുലമായ നീക്കങ്ങള്‍ ആരംഭിച്ചു.
60 വര്‍ഷത്തെ നിയമയുദ്ധത്തിനു ശേഷമാണ്‌ ഉടമാവകാശം സംബന്ധിച്ച കേസില്‍ തീര്‍പ്പുണ്ടാകുന്നത്‌. 1950 മുതല്‍ സമര്‍പ്പിക്കപ്പെട്ട 4 ഹര്‍ജികളിലാണ്‌ അലഹബാദ്‌ ഹൈക്കോടതിയുടെ മൂന്നംഗ പ്രത്യേക ബഞ്ച്‌ തീരുമാനമെടുക്കുന്നത്‌. 1992 ല്‍ തകര്‍ക്കപ്പെട്ട
മന്ദിരം ഉണ്ടായിരുന്ന അതേസ്‌ഥലത്താണ്‌ ശ്രീരാമന്‍ ജനിച്ചതെന്ന്‌ ഹിന്ദുസംഘടനകള്‍ വിശ്വസിക്കുന്നു. രാമജന്മഭൂമി അയോധ്യയാണെന്ന കാര്യത്തില്‍ മുസ്ലിം സംഘടനകള്‍ക്കും തര്‍ക്കമില്ല. എന്നാല്‍ പള്ളിക്കുള്ളിലാണ്‌ രാമന്റെ ജന്മസ്‌ഥലം എന്ന വാദത്തെ അവര്‍ എതിര്‍ക്കുന്നു. എന്നാല്‍ പള്ളി നിന്നിരുന്ന സ്‌ഥലത്ത്‌ മുമ്പ്‌ ക്ഷേത്രമായിരുന്നുവെന്നും ഇതിനു തെളിവുണ്ടെന്നും വിശ്വഹിന്ദു പരിഷത്ത്‌ വാദിക്കുന്നു.
നിര്‍ണായകവിധി കണക്കിലെടുത്ത്‌ കേന്ദ്ര- സംസ്‌ഥാന സര്‍ക്കാരുകള്‍ ശക്‌തമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കുന്നുണ്ട്‌. പ്രധാനമന്ത്രി തുടര്‍ച്ചയായി സ്‌ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്‌. 4500 അര്‍ധസൈനികരെക്കൂടി വേണമെന്ന മായാവതി സര്‍ക്കാരിന്റെ ആവശ്യത്തിന്മേല്‍ കേന്ദ്രം ഉടന്‍ തീരുമാനമെടുക്കും. അതേസമയം യുപി ആഭ്യന്തര സെക്രട്ടറി പ്രശ്‌നസാധ്യതയുള്ള പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തി.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം