ശ്രീപത്മനാഭസ്വാമി ക്ഷേത്രം: മൂല്യനിര്‍ണയം തുടങ്ങി

February 21, 2012 കേരളം

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറകളിലെ സമ്പദ്ശേഖരത്തിന്റെ ശാസ്ത്രീയ മൂല്യനിര്‍ണയം തുടങ്ങി. പ്രത്യേക ദിവസങ്ങളിലെ പൂജാ സാമഗ്രികള്‍ സൂക്ഷിക്കുന്ന എഫ് നിലവറയിലെ പത്തോളം സാധനങ്ങളാണു സുപ്രീംകോടതി നിയോഗിച്ച വിദഗ്ധ സമിതിയുടെ നേതൃത്വത്തില്‍ പുറത്തെടുത്തു മൂല്യനിര്‍ണയം നടത്തിയത്.

സാധനങ്ങളുടെ ത്രിമാന ചിത്രമെടുത്തശേഷം കാലപ്പഴക്കം, തൂക്കം എന്നിവ രേഖപ്പെടുത്തി. ഒരു സാധനം പരിശോധിക്കാന്‍ 20 മിനിറ്റുവരെ സമയമെടുത്തു. ശ്രീകോവിലിനു സമീപം പ്രത്യേകമായി കെട്ടിമറച്ച സ്ഥലത്തുവച്ചാണ് പരിശോധന. അളവു തൂക്കം രേഖപ്പെടുത്തിയശേഷം എടുത്ത സാധനങ്ങള്‍ അതേ അറയില്‍ത്തന്നെ തിരികെവച്ചു.

പരിശോധനാ സ്ഥലത്ത് 20 കാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. ശ്രീകോവിലിന്റെ രണ്ടുവശങ്ങളിലായി കണ്‍ട്രോള്‍ റൂമും ഒരുക്കിയിട്ടുണ്ട്. കാമറകള്‍ ഒപ്പിയെടുക്കുന്ന ദൃശ്യങ്ങള്‍ പ്രധാന സെര്‍വറിലെത്തുന്നതു റെക്കോര്‍ഡ് ചെയ്തു സൂക്ഷിക്കും. ഈ ദൃശ്യങ്ങള്‍ മൂല്യനിര്‍ണയ കമ്മിറ്റിയിലെ മൂന്നുപേര്‍ ഒരുമിച്ചു ചേര്‍ന്നാല്‍ മാത്രമേ വീണ്ടും തുറന്നു പരിശോധിക്കാനാകൂ.

സുപ്രീംകോടതി നിയോഗിച്ച സമിതിയുടേയും മേല്‍നോട്ട സമിതിയുടേയും നേതൃത്വത്തിലാണു പരിശോധന നടക്കുന്നത്. എം.വി. നായരാണു സമിതി അധ്യക്ഷന്‍. വിദഗ്ധ സമിതി അംഗം ഡോ.എസ്. നമ്പിരാജനാണു ശാസ്ത്രീയ പരിശോധനയുടെ ചുമതല.

ആറു നിലവറകളാണു ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലുള്ളത്. ഇതില്‍ പണ്ടാരവക നിലവറ എന്നറിയപ്പെടുന്ന എ നിലവറ തുറന്നപ്പോള്‍മാത്രം ലക്ഷം കോടി രൂപയുടെ സമ്പദ്ശേഖരം കണ്െടത്തി. ബി നിലവറ പിന്നീട് തുറന്നാല്‍മതിയെന്നു സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഈ നിലവറയില്‍ ക്ഷേത്രത്തിലെ ആദ്യകാലത്തെ പ്രധാന വിഗ്രഹം മുതല്‍ സ്വര്‍ണം, വെള്ളി എന്നിവയുടെ അട്ടികളും വജ്രകിരീടങ്ങളും ഉള്ളതായി കരുതുന്നു.

സി, ഡി എന്നീ നിലവറകള്‍ ആദ്യം തുറക്കാനാണു സുപ്രീംകോടതി നിര്‍ദേശിച്ചത്. ഈ നിലവറകളില്‍ ക്ഷേത്രത്തിലെ പ്രത്യേക പൂജകള്‍ക്കായുള്ള വെള്ളി, സ്വര്‍ണക്കുടങ്ങളും പാത്രങ്ങളുമാണു സൂക്ഷിച്ചിട്ടുള്ളത്.

കഴിഞ്ഞ നാലുവര്‍ഷമായി തിരുവനന്തപുരം സബ്കോടതി നിയോഗിച്ച അഭിഭാഷക കമ്മീഷനാണ് ഉത്സവ ആവശ്യങ്ങള്‍ക്കായി സാധനങ്ങള്‍ നല്‍കുന്നതും തിരികെവയ്ക്കുന്നതും. ഇനി സുപ്രീംകോടതിയുടെ അനുമതി വാങ്ങിയശേഷമേ സി, ഡി നിലവറകള്‍ തുറക്കാനാകൂ. പത്മതീര്‍ഥക്കരയ്ക്കു സമീപമായി രാമനാമഠം കൊട്ടാരത്തിന്റെ ഭാഗമാണു വിദഗ്ധ സമിതിയുടെ ഓഫീസായി മാറ്റിയിട്ടുള്ളത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം