ശിവരാത്രി ഭക്തിനിര്‍ഭരമായി ആഘോഷിച്ചു

February 21, 2012 ക്ഷേത്രവിശേഷങ്ങള്‍

ആലുവ: ശിവപഞ്ചാക്ഷരി മന്ത്രങ്ങളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ ഭക്തജനങ്ങള്‍ ശിവരാത്രി ആഘോഷിച്ചു. ആലുവ മണപ്പുറത്ത് ബലിതര്‍പ്പണ ചടങ്ങുകള്‍ക്കായി നിരവധി പേര്‍ എത്തി. തിങ്കളാഴ്ച രാത്രി 12 ന് മണപ്പുറത്തെ ശിവക്ഷേത്രത്തില്‍ നടന്ന ശിവരാത്രി വിളക്കോടെയാണ് പിതൃതര്‍പ്പണ ചടങ്ങുകള്‍ക്ക് തുടക്കമായത്. കുംഭമാസത്തിലെ കറുത്തവാവ് അവസാനിക്കുന്ന ചൊവ്വാഴ്ച അസ്തമയസമയംവരെ ചടങ്ങുകള്‍ തുടരും. വൈകീട്ട് നടന്ന ദീപാരാധനതൊഴാനും നീണ്ടനിരതന്നെയായിരുന്നു. ഇത്തവണ തെക്കേമണപ്പുറത്ത് ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ വിപുലമായ ക്രമീകരണങ്ങള്‍ ഒരുക്കിയത് വിശ്വാസികള്‍ക്ക് ബലിതര്‍പ്പണം നടത്തുന്നതിനും ക്ഷേത്രദര്‍ശനത്തിനും ഏറെ സൗകര്യപ്രദമായി.
തിരുവനന്തപുരം ശ്രീകണ്ഠേശ്വരം ക്ഷേത്രത്തില്‍ ഭക്തജനങ്ങളുടെ വന്‍ തിരക്കായിരുന്നു.ക്ഷേത്രത്തില്‍ പ്രത്യേക പൂജകളും അഹോരാത്രം ഘൃതധാരയും നടന്നു. വലിയ ഋഷഭ വാഹനത്തിലെ എഴുന്നള്ളിപ്പോടെയാണ് ഉത്സവം സമാപിച്ചത്. തിരുവനന്തപുരം ഗൌരീശപട്ടം മഹാദേവക്ഷേത്രം, മണികണ്ഠേശ്വം ശിവക്ഷേത്രം, ആഴിമല ശിവക്ഷേത്രം, ഉദിയന്നൂര്‍ ശിവക്ഷേത്രം തുടങ്ങിയയിടങ്ങളിലും ശിവരാത്രി ഭക്തിനിര്‍ഭരമായി ആഘോഷിച്ചു.
കോഴിക്കോട് തളി മഹാക്ഷേത്രത്തില്‍ ശിവരാത്രിക്ക് വന്‍ഭക്തജനത്തിരക്കായിരന്നു. അഖണ്ഡനാമജപവും പ്രസാദഊട്ടും ഉണ്ടായിരുന്നു. വൈകിട്ട് മട്ടന്നൂര്‍ ശങ്കരന്‍കുട്ടിമാരാരും സംഘവും അവതരിപ്പിച്ച ട്രിപ്പിള്‍ തായമ്പകയും നടന്നു. ശ്രീകണേ്ഠശ്വരക്ഷേത്രത്തില്‍ രാവിലെ മുതല്‍ വന്‍ ഭക്തജനത്തിരക്കായിരുന്നു. രാത്രി ഏഴു മണിക്ക് നടന്ന ശിവസഹസ്ര നാമാര്‍ച്ചനയ്ക്കുശേഷം ആറാട്ടുപുറപ്പാട് കഴിഞ്ഞ് എഴുന്നള്ളിപ്പിനുശേഷം കൊടിയിറക്കി. വൈകിട്ട് അക്ഷരശ്ലോക സദസ്സുമുണ്ടായിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍