നാം മരുഭൂവിലേയ്‌ക്കോ?

February 25, 2012 സനാതനം

ഡോ.പൂജപ്പുര കൃഷ്ണന്‍ നായര്‍
ഇക്കാണുന്ന പ്രകൃതിയെ പരിരക്ഷിച്ചു നിലനിര്‍ത്തുന്നതില്‍ അടിയുറച്ച ഒരു ധര്‍മ്മമാണ് ഭാരതീയനും പ്രകൃതിയും തമ്മിലുള്ള ഗാഢബന്ധത്തെ തലമുറകളായി കൈമാറിയത്. ഇന്നാകട്ടെ ആ ധര്‍മ്മം ആദ്യന്തം ഒരു ധര്‍മ്മാധര്‍മ്മ പരീക്ഷണത്തില്‍പ്പെട്ടിരിക്കുകയാണ്. മനുഷ്യന്റെ ഭൗതിക നേട്ടമോ പരിസ്ഥിതിപാലനമോ ഏതിനാണ് മുന്‍തൂക്കം എന്ന പരീക്ഷണം. പരിസ്ഥിതി ക്രമേണ മലീമസമായി. പ്രകൃതി മരുഭൂമിക്ക് വഴിമാറി മണ്‍മറയാനും തുടങ്ങുന്നു. പ്രകൃതി പുരുഷന്റെ വാമഭാഗമാണ്. രൂപം, വര്‍ണ്ണം, യാമം, വളര്‍ച്ച, ഉല്പത്തി, മാറ്റം, നാശം എന്നീ വികാരങ്ങള്‍ പ്രകൃതിയില്‍ സമ്മേളിച്ചിരിക്കുന്നു. പുരുഷന് ഈ വക യാതൊരു ഗുണങ്ങളുമില്ല. പ്രകൃതിയുടെ സാന്നിദ്ധ്യത്താല്‍ പുരുഷന്‍ സൃഷ്ടിസ്ഥിതിസംഹാരാദി കര്‍മ്മങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നു എന്നു തോന്നുക മാത്രമാണ് ഇവിടെ പരാമര്‍ശിക്കുന്ന പ്രകൃതി. നാം ചുറ്റിലും  കാണുന്നതും ജീവലോകത്തിന്റെ ജീവിതത്തെ ഒന്നടങ്കം സ്വാധീനിക്കുന്നതുമായ പ്രകൃതിയാണ്. അതായത് പരിസ്ഥിതിയും ഇതര ഘടകങ്ങളും.

എന്തുകൊണ്ട് പരിസ്ഥിതിയെ ചൊല്ലി ഒരു ഭാരതീയന്‍ ബഹളമുണ്ടാക്കുന്നു? പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ തകര്‍ക്കാതിരിക്കൂ എന്ന് കോലാഹലം വയ്ക്കുന്നു? അതിന് വ്യക്തമായ മറുപടിയുണ്ട്. ഭാരതീയന്റെ രക്തത്തില്‍ പരിസ്ഥിതിയെ പോറ്റി വളര്‍ത്തിയ ഒരു സംസ്‌കാരം അലിഞ്ഞു ചേര്‍ന്നിരിക്കുന്നു. ഒരു ധര്‍മ്മം ലയിച്ചിരിക്കുന്നു. ഇക്കാണുന്ന പ്രകൃതിയെ പരിരക്ഷിച്ചു നിലനിര്‍ത്തുന്നതില്‍ അടിയുറച്ച ഒരു ധര്‍മ്മമാണ് ഭാരതീയനും പ്രകൃതിയും തമ്മിലുള്ള ഗാഢബന്ധത്തെ തലമുറകളായി കൈമാറിയത്. ഇന്നാകട്ടെ ആ ധര്‍മ്മം ആദ്യന്തം ഒരു ധര്‍മ്മാധര്‍മ്മ പരീക്ഷണത്തില്‍പ്പെട്ടിരിക്കുകയാണ്. മനുഷ്യന്റെ ഭൗതികനേട്ടമോ പരിസ്ഥിതിപാലനമോ ഏതിനാണ് മുന്‍തൂക്കം എന്ന പരീക്ഷണം. പരിസ്ഥിതി ക്രമേണ മലീമസമായി പ്രകൃതി മരുഭൂമിക്ക് വഴിമാറി മണ്‍മറയാനും തുടങ്ങുന്നു.
വലിപ്പത്തില്‍ ലോകത്തിലെ ഏഴാമത്തെ രാഷ്ട്രമായ ഇന്ത്യ ഇന്ന് പരിസ്ഥിതിയെച്ചൊല്ലി ഏറെ ഒച്ചപ്പാടുണ്ടാക്കുന്നുണ്ട്. ഈ ഒച്ചപ്പാടിന്റെ അളവിനൊത്തവണ്ണം അര്‍ഹമായ പ്രാധാന്യം ഇന്ത്യയിലെ വാര്‍ത്താമാദ്ധ്യമങ്ങള്‍ ഇതിനു നല്‍കുന്നില്ല എന്നതത്രേ സത്യം. ഉത്തര്‍പ്രദേശിലെ ഗോപേശ്വറില്‍ ”ചിപ്‌കോ ആന്തോളന്‍” എന്ന പേരില്‍ പരിസ്ഥിതിയ്ക്കുവേണ്ടിയുള്ള സമരം ഒരു സ്ത്രീ തുടങ്ങിവച്ചു. 1973ലായിരുന്നു ഇത്. തുടര്‍ന്ന് വടക്കന്‍ മലഞ്ചെരുവിലെല്ലാം മരംവെട്ടലിനെതിരെ സത്യാഗ്രഹസമരം നടന്നു. നദികളും അന്തരീക്ഷവും മലിനമാക്കുന്നതിനെതിരെ, വന്യജീവികളെയും പക്ഷികളെയും ഉന്മൂലനാശം വരുത്തുന്നതിനെതിരെ, വനങ്ങള്‍ നശിപ്പിക്കുന്നതിനെതിരെ, കീടനാശിനി പ്രയോഗിക്കുന്നതിനെതിരെയെല്ലാം അതാതിടങ്ങളിലെ പ്രകൃതി സ്‌നേഹികള്‍ സംഘടിച്ച് ശബ്ദമുയര്‍ത്തി. ഇന്ന് 300-ഓളം പരിസ്ഥിതി സംരക്ഷണ സംഘടനകള്‍ ഇന്ത്യയിലുടനീളം പ്രവര്‍ത്തിക്കുന്ന അധികൃതര്‍ക്ക് ശ്രദ്ധ തിരിക്കാന്‍ കഴിയാത്തവിധം അവ ജനകീയാഭിപ്രായം സ്വരൂപിച്ച് മുന്നോട്ടുവയ്ക്കുന്നു. ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ് കേരളത്തിലെ സൈലന്റ്‌വാലി പദ്ധതിയില്‍ നിന്നും 8950 ഹെക്ടര്‍ വനഭൂമിയെ രക്ഷിച്ചെടുത്തത്.

ആ വിശുദ്ധിയെവിടെ?
ഹിന്ദുധര്‍മ്മം വിവിധ സങ്കല്പങ്ങളിലൂടെയും, വിശ്വാസം, ആചാരാനുഷ്ഠാനങ്ങള്‍ എന്നിവയിലൂടെയും പരിസ്ഥിതിയെ സംരക്ഷിച്ചു. വേദകാലത്തും അതിനുമുമ്പും പ്രകൃതിയെ പൂജിച്ചുപോന്നവരാണ് ഭാരതീയര്‍, ദൈവം സര്‍വ്വചരാചരങ്ങളിലും കുടികൊള്ളുന്നു എന്ന അടിസ്ഥാന വിശ്വാസം ഈ പ്രകൃതിപൂജയില്‍ നിഴലിക്കുന്നു. വരാനിരിക്കുന്ന ആപത്തോ ശുഭലക്ഷണമോ പ്രകൃതി മുന്‍കൂട്ടി അറിയിക്കവേ അവ മനുഷ്യന് അനുഗ്രഹമായി മാറി, ഇത്തരം അടയാളങ്ങള്‍ക്ക് പിന്നില്‍ ഏതോ ദിവ്യശക്തി എപ്പോഴും പ്രവര്‍ത്തിക്കുന്നു എന്ന വിശ്വാസവും വേരുറച്ചു. ദൈവികമാഹത്മ്യവുമായി വൃക്ഷങ്ങള്‍ക്കും ജന്തുക്കള്‍ക്കും ബന്ധമുണ്ടായപ്പോള്‍ അവ മനുഷ്യന്റെ കാരുണ്യത്തിന് പാത്രീഭവിച്ചു. ദൈവികമായ പൂജാനുഷ്ഠാനങ്ങള്‍ക്കായി പരിസ്ഥിതിയിലടങ്ങുന്ന പുല്‍ക്കൊടി മുതല്‍ തേജോഗോളങ്ങളെവരെ മാനവന്‍ പ്രതീകങ്ങളാക്കി മാറ്റി. ഭൂമിയിലെ ജൈവചംക്രമണത്തെ ആകെ നിയന്ത്രിക്കുന്ന സൂര്യന്‍ അധിദേവനാണ്. ഓരോരുത്തരും പ്രാതസ്‌നാനം കഴിഞ്ഞ് സൂര്യദേവനെ പ്രണമിച്ചശേഷമാണ് ആഹാരം കഴിക്കുകയോ പ്രവര്‍ത്തി ആരംഭിക്കുകയോ ചെയ്തുപോന്നത്. നിദ്രവിട്ടെഴുന്നേറ്റാല്‍ ആരാണ് ഭൂമിയെ തൊട്ടുവന്ദിക്കാതിരുന്നിട്ടുള്ളത്. എല്ലാ നല്ലകാര്യങ്ങള്‍ക്കും ഭൂമിപൂജയുണ്ടായിരുന്നു. നിലമുഴുന്നതിനുമുമ്പും വിത്തുവിതയ്ക്കുന്നതിനുമുമ്പും ഭൂമിയെ പ്രണമിച്ചുപോന്നു. ഗോക്കളെ കറക്കുമ്പോള്‍ കിടാവിനെ ആദ്യം ഊട്ടിക്കഴിഞ്ഞ് അഞ്ചുവട്ടം പാല്‍ ഭൂമിയിലേക്ക് ഇറ്റിക്കാറുണ്ട്. ഔഷധം സേവിക്കുമ്പോഴും ആദ്യം ഒരില്‍റ്റ് ഭൂമിയിലേക്ക് കുടയും. ചന്ദ്രനെ പ്രണമിച്ച് നൈവേദ്യമര്‍പ്പിക്കുന്ന ചടങ്ങും ഭവനമോ നിര്‍മ്മിക്കാനൊരുങ്ങുമ്പോഴുള്ള ഗ്രഹപൂജയുമെല്ലാം നവഗ്രഹങ്ങളെ ആദരിച്ചശേഷമായിരുന്നു. ഭാരതത്തിലെ എല്ലാ നദികളും പുണ്യനദികളാണ്. അവയ്‌ക്കെല്ലാം ഓരോ ദേവതയുമായോ ഐതിഹ്യവുമായോ ബന്ധമുണ്ട്. മൃഗങ്ങളും പക്ഷികളും ദേവീദേവന്മാരുടെ വാഹനങ്ങളായി ഗണിച്ചുപോന്നു. ചുരുക്കത്തില്‍ വെറും ആചാരത്തിനപ്പുറം ഇവയില്‍ ആവാഹിച്ചുകയറ്റിയ പവിത്രതയും പരിശുദ്ധിയും പരിസ്ഥിതിസംരക്ഷണത്തിന് വേണ്ടത്ര പ്രയോജനപ്പെട്ടു. അവ പരിസ്ഥിതിയെ നശിപ്പിക്കാതെ പരിപാലിച്ചുപോന്നു.

ഇന്ന് ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ പരിസ്ഥിതിയുടെ ഘടകങ്ങളെ ഭാഗാവാക്കാക്കി ആഘോഷങ്ങളും ആചാരാനുഷ്ഠാനങ്ങളും നടക്കുന്നുണ്ട്. അവ എന്തുകൊണ്ട് വെറും ചടങ്ങുകളായി ക്രിയാത്മകരംഗത്ത് നേരിട്ട് പരിവര്‍ത്തനമുണ്ടാക്കാതെ ഒതുങ്ങിപ്പോകുന്നുവെന്നകാര്യം ചിന്തനീയമാണ്. മതമണ്ഡലത്തിലെ വെറും ചടങ്ങുകളെന്നതിലുപരി ഇവയ്ക്ക് പുതുജീവന്‍ നല്‍കി സാമൂഹ്യ മണ്ഡലത്തില്‍ ഉണര്‍വുണ്ടാകാന്‍ കഴിയുന്നില്ല. യജ്ഞാദികര്‍മ്മങ്ങളിലെ വിധിപ്രകാരത്തിന്റെ ബാഹ്യപ്രചുരിമയില്‍ കുടുങ്ങി അവയുടെ ആന്തരികസത്ത നാം മറന്നുപോയതാണോ അതിലൂടെ അന്തഃരംഗത്തില്‍ അനുഷ്ഠിക്കേണ്ട ധര്‍മ്മങ്ങള്‍ കാലക്രമേണ നാം കയ്യൊഴിഞ്ഞതാണോ? എന്തായാലും ഇന്നുള്ള പരിസ്ഥിതിയുടെ ഘടനയില്‍ വരുന്ന മാറ്റം മനുഷ്യന്റെ നിലവിലുള്ള ജീവിതരീതിയിലും അവന്റെ വിശ്വാസത്തിലും സാരമായ വ്യത്യാസം വരുത്തുമെന്നതില്‍ സംശയിക്കേണ്ട. പരിസ്ഥിതിയുടെ ഒരു ഘടകത്തെപ്പോലും സ്പര്‍ശിക്കാതെ തികച്ചും ഒറ്റപ്പെട്ട ഒരു യാന്ത്രികസമൂഹത്തെക്കുറിച്ച് ചിന്തിക്കുന്നത് ഒരു പാഴ്‌വേലയുമാണ്.

അഹിംസാതത്വത്തിലൂടെ പരിസ്ഥിതിയെ വീക്ഷിച്ചറിയുന്നു ഹിന്ദുധര്‍മ്മം. സര്‍വചരാചരങ്ങളും ഏകശക്തിയുടെ സൃഷ്ടിയാണ്. ജീവികളില്‍ വിശേഷ ജീവിയായ മനുഷ്യന്‍ സൃഷ്ടികര്‍ത്താവിനോടുള്ള കൃതജ്ഞത മനുഷ്യന്‍ കാട്ടുന്നു. അതിലുപരി അവയിലൂടെയെല്ലാം ഉന്നതനായ മാനവന്‍ ഈശ്വരനെ ദര്‍ശിക്കുന്നു. ഉദാഹരണത്തിന് പരിസ്ഥിതിയിലെ പ്രധാന ഘടകമായ വൃക്ഷങ്ങളെ മനുഷ്യന്റെ മതസാംസ്‌കാരിക അത്യുന്നതിയുമായി ശാസ്ത്രീയമാംവണ്ണം എങ്ങനെ കോര്‍ത്തിണക്കിയിരിക്കുന്നു എന്നറിയുന്നത് രസകരമാണ്.

മരം നട്ടാല്‍ പരലോകം
ജന്തുലോകത്തില്‍ മനുഷ്യനാകുന്നു ഒന്നാം സ്ഥാനത്ത്. സസ്യലോകത്തില്‍ ആ സ്ഥാനം വൃക്ഷങ്ങള്‍ക്കും. വൃക്ഷച്ചുവട്ടില്‍ വച്ചായിരുന്നു വേദേതിഹാസപുരാണാദി ഉപനിഷത്തുകള്‍ രചിക്കപ്പെട്ടത്. ഭാരതത്തിന്റെ സംസ്‌കാരസമ്പന്നമായ ഗുരുശിഷ്യപരമ്പരയും തലമുറകള്‍ തമ്മിലുള്ള വിദ്യാവിനിമയവുമെല്ലാം വൃക്ഷച്ചുവട്ടില്‍ നിന്നായിരുന്നു നാമ്പിട്ട് വളര്‍ന്നത്. വൃക്ഷങ്ങള്‍ മനുഷ്യന് ഊഷ്മളമായ ജീവവായു പകര്‍ന്നു, ഭക്ഷണം നല്‍കി, തണലേകി, ഔഷധമേകി, അവന്റെ ആത്മീയവും ലകികവുമായ ജീവിതരംഗമാകെ കരുപ്പിടിപ്പിച്ചു. ഇതാണ് വൃക്ഷങ്ങളും മാനവനുമായുള്ള ഗാഢബന്ധം. അവയെ പൂജിക്കാനുള്ള പ്രചോദനം ആ വഴിക്ക് മനുഷ്യനില്‍ ഉളവായി.

രാവണന്‍ അന്ത്യവേളയില്‍ ഇങ്ങനെ വിലപിക്കുന്നു.
വൈശാഖമാസത്തില്‍ ഞാന്‍ ഒരു അത്തിമരം പോലും മുറിച്ചില്ലല്ലോ; എന്നിട്ടും എനിക്കെങ്ങനെ ഈ ദുര്‍ഗതി വന്നു?
സല്‍ഗതിയും പരലോകവും ലഭിക്കുമെന്നതില്‍ ഒരു വൃക്ഷത്തിനുള്ള പങ്ക് ലങ്കേശന്റെ വിലാപത്തിലുണ്ട്. വിഷ്ണുവിന്റെ അവതാരമാണ് അത്തിമരം. നാടന്‍ അത്തി രുദ്രന്റെ അവതാരമെന്നും പ്ലാശ്‌വൃക്ഷം ബ്രഹ്മാവിന്റെ അവതാരമെന്നും പുരാണത്തില്‍ പറയുന്നു. ഗീതയിലെ വിഭൂതി യോഗത്തില്‍ ‘അശ്വത്ഥം സര്‍വവൃക്ഷാണാം’ (വൃക്ഷങ്ങളില്‍ ഞാന്‍ അരയാല്‍) എന്ന് ഭഗവാന്‍ പറയുന്നു.

ഒരു അരയാലോ, ഒരു വേപ്പോ, ഒരു പേരാലോ അല്ലെങ്കില്‍ പത്തു മുല്ലയോ രണ്ട് ഇലവോ അഞ്ചുമാവുകളോ നടുന്നയാള്‍ ഒരിക്കലും നരകത്തില്‍ പോവില്ലെന്ന് വരാഹപുരാണം വെളിപ്പെടുത്തുന്നു. ഇവയ്ക്കു പകരം രണ്ടു ചെമ്പകമോ മൂന്ന് ഇലഞ്ഞിയോ ഏഴ് പനയോ ഒമ്പതുകേരവൃക്ഷങ്ങളോ നടുന്നവരും നരകത്തില്‍ പോവുകയില്ലത്രേ.

അഞ്ചു വടവൃക്ഷങ്ങള്‍ ഉള്ള സ്ഥലം എന്നത്രേ പഞ്ചവടിക്ക് അര്‍ത്ഥം. സീതാരാമലക്ഷ്മണന്മാര്‍ വളരെ നാള്‍ വസിച്ച ഈ ഭാഗത്തിനു കിഴക്ക് അരയാലും വടക്ക് വില്വവും പടിഞ്ഞാറ് പേരാലും തെക്ക് നെല്ലിയും തെക്കുകിഴക്ക് അശോകവും നിന്നിരുന്നു.
ഹോമാദി ആരാധനയ്ക്കും മറ്റും ഉപയോഗിക്കാറുള്ള ദര്‍ഭപുല്ല് വിഷ്ണുവിന്റെ തുടയില്‍ നിന്നുത്ഭവിച്ചതാണെന്ന് പറയപ്പെടുന്നു. അരയാല്‍ ധനം വര്‍ദ്ധിപ്പിക്കും. അശോകം, ദുഃഖമകറ്റും, വേപ്പ് ആഹ്ലാദമുണ്ടാക്കും, ഞാവല്‍ പരമാനന്ദം നല്‍കും, ഇലവ് നല്ല പ്രേയസിയെ തരും, അത്തി ദീനമകറ്റും, പ്ലാശ് സൃഷ്ടികര്‍ത്താവിനെ പോറ്റും, മന്ദാരം സൂര്യനെ പ്രസാദിപ്പിക്കും. കൂവളം ശിവനെ പ്രീതനാക്കും. പനിനീര്‍ ചെമ്പകം പാര്‍വ്വതിയെ പ്രസാദവതിയാക്കും, ഇലവ് അപ്‌സരസ്സുകളെയും മുല്ല ഗന്ധര്‍വ്വന്മാരെയും സംപ്രീതരാക്കും ഇലഞ്ഞി സേവകയെ തരും, കേരവൃക്ഷം അനേകം ഭാര്യമാരെയും നല്‍കും.

നാടന്‍ അത്തിമരം വീടിന്റെ കിഴക്കുവശത്തും, അരയാല്‍ തെക്കും ശുഭോദര്‍ക്കമാണ്. തെങ്ങ് വീടിന്റെ സമീപത്തുണ്ടായാല്‍ കുടുംബത്തില്‍ ധനം വര്‍ദ്ധിക്കും, അതു കിഴക്കോ വടക്കോ കിഴക്കോ നിന്നാല്‍ പുത്രസൗഭാഗ്യവും കൈവരും. മാവ് എവിടെ നിന്നാലും നന്നാണ്, കിഴക്കായാല്‍ ധനാഗമം. കൂവളവും ഞാവലും പ്ലാവും എപ്പോഴും അഭ്യുന്നതിയുണ്ടാക്കും.
ദുര്‍ഗ്ഗാപൂജക്ക് ഒമ്പതിനും ഇലകളെ ആരാധിക്കുന്ന ആചാരമുണ്ട്. ഒന്നാം ദിവസം ഒമ്പതുശാഖകള്‍ ഒമ്പത് ഇലകളോടെ മന്ത്രം ജപിച്ച് ചേര്‍ത്തു കെട്ടുന്നു. ദേവീ വിഗ്രഹങ്ങള്‍ക്കടുത്ത് ഇവ വയ്ക്കുകയും വിവിധയിനം മരങ്ങളെയും അതാതിന്റെ ഇഷ്ടദേവതകളെയും വന്ദിച്ച് ആരാധിക്കുകയും ചെയ്യും. പേരാല്‍ അനേകവര്‍ഷം ജീവിക്കുന്നു. ഇതിന്റെ മുകളില്‍ യക്ഷഗന്ധര്‍വ്വാദി പിശാചുക്കളും ചുവട്ടില്‍ ദക്ഷിണാമൂര്‍ത്തിയും ഇലയില്‍ വിഷ്ണുവും വസിക്കുന്നതായി ഐതിഹ്യമുണ്ട്.

ക്ഷേമദായകരായ പുണ്യവൃക്ഷങ്ങളില്‍ ചിലതിന്റെ പേരുകള്‍ ഇതാ- അശോകം, വേപ്പ്, മാതളം, നെല്ലി, ഇലിപ്പ, മാവ്, പുളി, കടമ്പ്, കൊന്ന, അകില്‍ (ശിംശപാ), പ്ലാവ്, (പലാശ), നീര്‍മാതാളം. ചെമ്പകം, ഇലവ്, കൂവളം, അരയാല്‍, ഇലന്തം, അത്തി, സാലവൃക്ഷം, തുളസി, ഞാവല്‍ ഇവയില്‍ ഇന്നെത്ര പുണ്യവൃക്ഷങ്ങള്‍ ഈ ഭൂമുഖത്തുണ്ട്. അല്ലെങ്കില്‍ കേരളക്കരയിലുണ്ട്? വളരെ പരിമിതം, പകരം യൂക്കാലിയും അക്കേഷ്യയും നടുന്ന നാം ഒരു മരുഭൂവിലേക്കോ.

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം