കടലിലെ കൊലപാതകം: ആയുധം കണ്ടെത്തണമെന്ന് കോടതി

February 22, 2012 കേരളം

കൊല്ലം: മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്ന ആയുധം കണ്ടെത്തുന്നതിനായി ഇറ്റാലിയന്‍ കപ്പല്‍ പരിശോധിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു കൊല്ലം ജുഡീഷല്‍ ഒന്നാംക്ളാസ് മജിസ്ട്രേറ്റ്-2 പി.വി. അനീഷ്കുമാര്‍ അനുമതി നല്‍കി. വിദേശകപ്പലായതുമൂലം ഇതില്‍ കയറി പരിശോധിക്കണമെങ്കില്‍ പ്രത്യേക അനുമതി ആവശ്യമാണ്. തിങ്കളാഴ്ച കോടതി അവധിയായതിനാല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ കരുനാഗപ്പള്ളി ജുഡീഷല്‍ മജിസ്ട്രേറ്റിന് ഇതിനായി അപേക്ഷ നല്‍കിയിരുന്നില്ല. ഇന്നലെയാണു സിജെഎം കോടതിയുടെ ചാര്‍ജുള്ള കൊല്ലം കോടതിക്ക് ഇതിനായി അപേക്ഷ നല്‍കിയത്. കൊലപാതകക്കേസിലെ നിര്‍ണായക തെളിവായ തോക്കുകള്‍ ലഭ്യമാകുന്നതിന് അന്വേഷണ ഉദ്യോഗസ്ഥര്‍ പലതവണ ഇറ്റാലിയന്‍ കപ്പല്‍ അധികൃതരുമായും നയതന്ത്ര പ്രതിനിധികളുമായും ചര്‍ച്ച നടത്തിയെങ്കിലും അവര്‍ വഴങ്ങുകയുണ്ടായില്ല. കൊലപാതകത്തിന് ഉപയോഗിച്ച തോക്കുകള്‍ കണ്െടടുക്കാന്‍ കഴിയാതിരിക്കുന്നത് അന്വേഷണത്തിനു വിഘാതമായ പശ്ചാത്തലത്തിലാണു കോസ്റല്‍ സിഐ ജയരാജിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കപ്പല്‍ പരിശോധിക്കാനുള്ള അനുമതി കോടതിയില്‍ നിന്നു വാങ്ങി. മത്സ്യത്തൊഴിലാളികള്‍ സഞ്ചരിച്ചിരുന്ന ബോട്ടില്‍ ബാലിസ്റിക് വിദഗ്ധര്‍ നടത്തിയ പരിശോധനയില്‍, മരണത്തിനു കാരണമായ ബുള്ളറ്റുകളും ബോട്ടില്‍ പലയിടത്തുമായി പതിച്ച ബുള്ളറ്റ് അടയാളങ്ങളും സമാനമാണെന്നു വ്യക്തമായിരുന്നു. ഇറ്റാലിയന്‍ നാവികസേനയിലെ ഭടന്മാരാണു പ്രതിപ്പട്ടികയില്‍ ചേര്‍ത്തിട്ടുള്ള ഇരുവരും. സൈന്യം ഉപയോഗിക്കുന്ന ആയുധങ്ങള്‍ ഇന്ത്യയ്ക്കു കൈമാറാനാവില്ലെന്നാണ് ഇറ്റാലിയന്‍ അധികൃതരുടെ നിലപാട്. കപ്പല്‍ പരിശോധിക്കാനുള്ള അനുമതി അന്വേഷണസംഘത്തിനു ലഭിച്ചിട്ടുണ്െടങ്കിലും ഇതിന്മേല്‍ ഇറ്റലിയുടെ നിലപാട് പ്രതികൂലമായ സാഹചര്യത്തില്‍ കേസ് കൂടുതല്‍ നിയമക്കുരുക്കുകളിലേക്കു നീങ്ങാനാണിട. കോടതി സെര്‍ച്ച് വാറണ്ട് പുറപ്പെടുവിച്ചതോടെ കേസന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ കപ്പലില്‍ മുദ്രവച്ചു സൂക്ഷിച്ചിരിക്കുന്ന തോക്കുകള്‍ കണ്െടത്താനും കപ്പലിനുള്ളിലെ വിലപ്പെട്ട രേഖകള്‍ പരിശോധിക്കാനും കഴിയുമെന്നാണു വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ 15-ന് വൈകുന്നേരം 4.30-ന് നീണ്ടകര തുറമുഖത്ത് നിന്നു 40 നോട്ടിക്കല്‍ മൈല്‍ അകലെ ആലപ്പുഴ തോട്ടപ്പള്ളി കടലില്‍ ഇറ്റാലിയന്‍ നാവികരുടെ വെടിയേറ്റ് കൊല്ലം മൂതാക്കര ഡെറിക് വില്ലയില്‍ വാലന്റൈന്‍ (ജലസ്റിന്‍-50), കളിയിക്കാവിള നിദ്രവിള ഇരയിമ്മന്‍തുറ അജേഷ് ബിങ്കി(21) എന്നിവരാണു മരിച്ചത്. ദിവസങ്ങള്‍നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇറ്റാലിയന്‍ ഓയില്‍ ടാങ്കറായ ‘എന്റിക്ക ലക്സി’യിലെ സുരക്ഷാഭടന്മാരും നാവികരുമായ ലസ്തോറെ മാസി മിലിയാനോ, സാല്‍വതോരെ ഗിറോണെ എന്നിവരെ കൊച്ചി പോലീസ് കസ്റഡിയിലെടുത്ത് നീണ്ടകര കോസ്റല്‍ പോലീസിനു കൈമാറിയത്. ഇറ്റാലിയന്‍ മന്ത്രി വരുന്നു റോം: ഇറ്റാലിയന്‍ നാവികര്‍ കടലില്‍ ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്ന സംഭവത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്കായി ഇറ്റലിയുടെ ഡെപ്യൂട്ടി വിദേശകാര്യമന്ത്രി സ്റെഫാന്‍ ഡി മിസ്തുരയെ ഇന്ത്യയിലേക്ക് അയച്ചു. അറസ്റിലായ രണ്ട് ഇറ്റാലിയന്‍ നാവികരുടെ അറസ്റ് സംബന്ധിച്ച് അദ്ദേഹം ഇന്ത്യന്‍ അധികൃതരുമായി ചര്‍ച്ചനടത്തും. ഇറ്റാലിയന്‍ വിദേശകാര്യമന്ത്രി ഗിലിയോ ടേര്‍സി അടുത്തയാഴ്ച ഇന്ത്യ സന്ദര്‍ശിക്കുമെന്നും ഇറ്റാലിയന്‍ വിദേശകാര്യ മന്ത്രാലയം സൂചിപ്പിച്ചു. ഇന്ത്യന്‍ പോലീസ് ഏകപക്ഷീയമായി ഇറ്റാലിയന്‍ നാവികരെ അറസ്റ് ചെയ്യുകയായിരുന്നുവെന്ന് ഇറ്റാലിയന്‍ വിദേശകാര്യ മന്ത്രാലയം പറയുന്നു. എന്റിക്ക ലക്സി എന്ന എണ്ണക്കപ്പലില്‍ സുരക്ഷാഭടന്മാരായിരുന്ന ലെസ്റോറെ മാര്‍സി മിലാനോ, സാല്‍വതോറെ ഗിറോണെ എന്നീ നാവികരാണ് അറസ്റിലായത്. ഇറ്റാലിയന്‍ പതാകയേന്തിയ കപ്പല്‍ സംഭവം നടക്കുമ്പോള്‍ രാജ്യാന്തര സമുദ്രപാതയിലായിരുന്നെന്നും ഇവരെ ഇന്ത്യയില്‍ പ്രോസിക്യൂട്ടു ചെയ്യരുതെന്നുമാണ് ഇറ്റലിയുടെ വാദം. ഇന്ത്യന്‍ മത്സ്യബന്ധന ബോട്ടാണു പ്രകോപനമുണ്ടാക്കിയതെന്നും വെടിവയ്ക്കുന്നതിനുമുമ്പ് ആവര്‍ത്തിച്ചു മുന്നറിയിപ്പു നല്കിയിരുന്നെന്നും ഇറ്റലിയുടെ പ്രതിരോധ മന്ത്രാലയം പറയുന്നു. മുന്നറിയിപ്പു വെടിയാണു വച്ചതെന്നും മത്സ്യബന്ധനബോട്ട് പിന്‍വാങ്ങുമ്പോള്‍ അതില്‍ വെടിയേറ്റതിന്റെ ലക്ഷണങ്ങള്‍ കാണാനില്ലായിരുന്നെന്നും ഇറ്റാലിയന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ വിശദീകരണത്തിലുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം