പത്മനാഭ സ്വാമിക്ഷേത്രത്തിലെ സി, ഡി നിലവറകള്‍ തുറക്കാന്‍ വിദഗ്ധ സമിതിക്ക് അനുമതി

February 23, 2012 കേരളം

തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിലെ സി, ഡി നിലവറകള്‍ തുറന്നുപരിശോധിക്കാന്‍ വിദഗ്ധ സംഘത്തിന് സുപ്രീംകോടതി അനുമതി നല്‍കി. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സബ് കോടതിയില്‍ നിലനിന്ന ഒരു കേസുമായി ബന്ധപ്പെട്ട് കോടതി സി നിലവറ പൂട്ടി സീല്‍ ചെയ്തിരിക്കുകയായിരുന്നു. ഇത് മറികടന്ന് നിലവറ തുറക്കാനാണ് വിദഗ്ധസംഘം സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കിയത്. കണക്കെടുപ്പിനായി അറ തുറക്കുമ്പോള്‍ തിരുവനന്തപുരം സബ് കോടതി നിയോഗിച്ച അഭിഭാഷക കമ്മീഷന്റെ സാന്നിധ്യം ആവശ്യമില്ലെന്ന് കോടതി വ്യക്തമാക്കി. അഭിഭാഷക കമ്മീഷന്‍ സഹകരിക്കുന്നില്ലെങ്കില്‍ അവരെ മാറ്റാന്‍ സമിതിക്ക് അധികാരമുണ്ടെന്നും കോടതി പറഞ്ഞു. അതേസമയം സ്വത്തുക്കളുടെ സംരക്ഷണത്തിനായി സുരക്ഷാ കവചം ഒരുക്കാന്‍ പണം അനുവദിക്കാന്‍ കഴിയില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി. ഇതിനോടകം തന്നെ സര്‍ക്കാര്‍ ധാരാളം പണം ചെലവഴിച്ചതായും സുരക്ഷാ കവചം ഒരുക്കാനുള്ള പണം ക്ഷേത്രഭരണസമിതി തന്നെ കണ്ടെത്തണമെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. തുടര്‍ന്ന് സുരക്ഷാ കവചമൊരുക്കാനുള്ള ചെലവ് എത്രയെന്ന് വ്യക്തമാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോടും ക്ഷേത്രഭരണസമിതിയോടും കോടതി നിര്‍ദേശിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം