കുറ്റിപ്പുറത്തും വണ്ടൂരിലും മദ്യദുരന്തം: 9 മരണം

September 6, 2010 മറ്റുവാര്‍ത്തകള്‍

മലപ്പുറം: കുറ്റിപ്പുറത്തും വണ്ടൂരിലും വ്യാജക്കള്ള്‌ കഴിച്ച്‌ ദമ്പതികളുള്‍പ്പെടെ ഒന്‍പതുപേര്‍ മരിച്ചു. കുറ്റിപ്പുറത്തെയും പേരശന്നൂരിലെയും ഷാപ്പുകളില്‍നിന്നു മദ്യപിച്ച പേരശന്നൂര്‍ സ്വദേശികളായ പിലാക്കല്‍ ബാലന്‍ (62), കാരത്തൂര്‍പറമ്പ്‌ സുബ്രഹ്‌മണ്യന്‍ (32), തമിഴ്‌നാട്‌ സ്വദേശികളായ തിരുവണ്ണാമല താതന്‍കുപ്പം നീതി (25), ടി. ധനശേഖരന്‍ (35),വണ്ടൂര്‍ വാണിയമ്പലത്തെ ഷാപ്പില്‍നിന്നു മദ്യപിച്ച പൂത്രക്കോവ്‌ കാരക്കാട്‌ കോളനിയിലെ തണ്ടുപാറ മഠത്തില്‍കൂട്ടില്‍ കുമാരന്‍ (40), ഭാര്യ മീനാക്ഷി (39) എന്നിവരാണു മരിച്ചത്‌.

കുറ്റിപ്പുറത്തെ ഷാപ്പില്‍നിന്നു മദ്യപിച്ച തിരുവനന്തപുരം തൊളിക്കോട്‌ മലയടി ലക്ഷം വീട്‌ കോളനി വിനോബ നികേതനില്‍ നവാസ്‌(38) ഞായറാഴ്‌ച കോഴിക്കോട്‌ മെഡിക്കല്‍ കോളജ്‌ മരിച്ചിരുന്നു. തമിഴ്‌നാട്‌ സ്വദേശികളായ രണ്ടുപേരുടെ മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല. പേരശന്നൂര്‍ പുല്ലാട്ടുകുളമ്പില്‍ കണക്കറായി (50), പേരശന്നൂര്‍ തേക്കേതില്‍ ബാലന്‍ (48), ചെല്ലൂര്‍ കരിമ്പനക്കൂട്ടത്തില്‍ അന്‍വര്‍ (25) എന്നിവര്‍ ഗുരുതരാവസ്‌ഥയില്‍ പെരിന്തല്‍മണ്ണ എംഇഎസ്‌ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ ചികില്‍സയിലുണ്ട്‌. ബീരാഞ്ചിറ, ആലത്തിയൂര്‍, തിരുനാവായ ഭാഗങ്ങളില്‍ ദേഹാസ്വാസ്‌ഥ്യമനുഭവപ്പെട്ട ഇരുപതോളംപേര്‍ വിവിധ ആശുപത്രികളില്‍ ചികില്‍സ തേടിയിട്ടുണ്ട്‌.

കുറ്റിപ്പുറത്ത്‌ റയില്‍വേ സ്‌റ്റേഷനു സമീപത്തെയും പേരശന്നൂരിലെയും കള്ളുഷാപ്പുകളില്‍നിന്നു മദ്യപിച്ചവരാണ്‌ ദുരന്തത്തിനിരയായത്‌. സംഭവത്തെത്തുടര്‍ന്ന്‌ ഷാപ്പ്‌ നടത്തിപ്പുകാരന്‍ പട്ടാമ്പി കൈപ്പുറം കൂര്‍ക്കപറമ്പത്ത്‌ ദ്രവ്യനെ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. രോഷാകുലരായ നാട്ടുകാര്‍ രണ്ടു ഷാപ്പുകളും തകര്‍ത്ത്‌ തീയിട്ടു. തിരൂര്‍ എക്‌സൈസ്‌ സര്‍ക്കിളിനു കീഴിലുള്ള ഷാപ്പുകള്‍ പൂട്ടി.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍