ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തില്‍ ഉത്സവത്തിനു കൊടിയേറി

February 24, 2012 ക്ഷേത്രവിശേഷങ്ങള്‍

ഏറ്റുമാനൂര്‍: പഞ്ചാക്ഷരീ മന്ത്രധ്വനികള്‍ അലയടിച്ച ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തില്‍ ഉത്സവത്തിനു കൊടിയേറി. ഇനി പത്തുനാള്‍ ഏറ്റുമാനൂര്‍ ഉത്സവലഹരിയില്‍. ഇന്നലെ രാവിലെ ഒമ്പതിന് ക്ഷേത്രം തന്ത്രി താഴമണ്‍ മഠം കണ്ഠര് രാജീവരര്, മേല്‍ശാന്തി വാരിക്കാട്ട് നാരായണന്‍ ശ്രീധരന്‍ എന്നിവരുടെ കാര്‍മികത്വത്തിലായിരുന്നു കൊടിയേറ്റ്. ചോറ്റാനിക്കര സത്യന്‍ മാരാരും സംഘവും അവതരിപ്പിച്ച മേജര്‍ സെറ്റ് പഞ്ചവാദ്യം അകമ്പടിയായി. ഡെപ്യൂട്ടി ദേവസ്വം കമ്മീഷണര്‍ ജി.അനില്‍കുമാര്‍, അസിസ്റന്റ് ദേവസ്വം കമ്മീഷണര്‍ കെ.ജി. സദാശിവന്‍ നായര്‍, ഏറ്റുമാനൂര്‍ ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ആര്‍. ശ്രീദേവി, ക്ഷേത്രോപദേശകസമിതി കണ്‍വീനര്‍ കെ.എന്‍. ശ്രീകുമാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

എട്ടാം ഉത്സവദിനമായ മാര്‍ച്ച് ഒന്നിനു രാത്രി 12നാണ് ഏഴരപ്പൊന്നാന ദര്‍ശനവും വലിയകാണിക്കയും. ഒമ്പതാം ഉത്സവദിനത്തില്‍ രാത്രി 12ന് പള്ളിനായാട്ട്. മാര്‍ച്ച് മൂന്നിന് ആറാട്ടോടെ ഉത്സവം സമാപിക്കും. ഇന്ന് ഉത്സവബലിദര്‍ശനം ആരംഭിക്കും. ഒമ്പതാം ഉത്സവദിനംവരെ ദിവസവും ഉച്ചയ്ക്ക് ഒന്നിനാണ് ഉത്സവബലിദര്‍ശനം. ക്ഷേത്രവുമായി ബന്ധപ്പെട്ട ഐതിഹ്യവുമായി ഇഴചേര്‍ന്നു നില്‍ക്കുന്ന വേലകളിയും ഇന്നു മുതല്‍ മാര്‍ച്ച് രണ്ടുവരെയാണ്. ആദ്യദിനത്തില്‍ത്തന്നെ തിരുവരങ്ങ് ഉണര്‍ന്നു. മേജര്‍ സെറ്റ് കഥകളി നാളെമുതല്‍ തിങ്കളാഴ്ചവരെയാണ്. മാത്തൂര്‍ ഗോവിന്ദന്‍കുട്ടിയും കലാമണ്ഡലം ഗോവിന്ദന്‍കുട്ടിയും ഇത്തവണയും അരങ്ങിലുണ്ട്. 28ന് സിനിമാതാരം ശരണ്യാ മോഹനും സംഘവും അവതരിപ്പിക്കുന്ന ഭരതനാട്യം. 29ന് ഐഡിയ സ്റാര്‍ സിംഗര്‍ സോണിയയും പ്രമോദും അവതരിപ്പിക്കുന്ന ഭക്തിഗാനസുധ. മാര്‍ച്ച് ഒന്നിന് സിനിമാതാരം നവ്യാനായരും സംഘവും അവതരിപ്പിക്കുന്ന ശാസ്ത്രീയ നൃത്തം. രണ്ടിന് ചലച്ചിത്ര പിന്നണി ഗായിക അനുരാധ ശ്രീറാമും സംഘവും അവതരിപ്പിക്കുന്ന ഭക്തിഗാനമേള. മൂന്നിന് മാതംഗി സത്യമൂര്‍ത്തിയുടെ സംഗീതസദസ്.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍