ശബരിമലയില്‍ ഹെലിപ്പാഡ്: വീണ്ടും ചര്‍ച്ച പുരോഗമിക്കുന്നു

February 24, 2012 കേരളം

ശബരിമല: സന്നിധാനത്തിനു സമീപം ശരംകുത്തിയിലും നിലയ്ക്കലിലും ഹെലിപ്പാഡ് നിര്‍മിക്കുന്നതു സംബന്ധിച്ച ചര്‍ച്ച പുരോഗമിക്കുന്നു. ഹെലിപ്പാഡ് നിര്‍മാണത്തിനു കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ആവശ്യമെന്നതിനാല്‍ അതുലഭിച്ചാല്‍ തുടര്‍നടപടിയുമായി മുന്നോട്ടുപോകുമെന്ന് ദേവസ്വംബോര്‍ഡ് കമ്മീഷണര്‍ എന്‍.വാസു പുണ്യഭൂമിയോടു പറഞ്ഞു.  ശബരിമല തീര്‍ഥാടന കാലയളവില്‍ അടിയന്തിര സാഹചര്യം ഉണ്ടായാല്‍ ഹെലികോപ്ടറിന്റെ സേവനം പ്രയോജനപ്പെടുത്താമെന്നു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം. രാജഗോപാലന്‍ നായരുടെ നിര്‍ദേശമാണ് ചര്‍ച്ചയ്ക്കു സര്‍ക്കാര്‍ പച്ചക്കൊടി കാണിച്ചിരിക്കുന്നത്.

വര്‍ഷങ്ങള്‍ക്കു മുമ്പ് ശരംകുത്തിയില്‍ ഹെലിപ്പാഡ് നിര്‍മാണം നടന്നിരുന്നെങ്കിലും ചില എതിര്‍പ്പിനെ തുടര്‍ന്നു നിര്‍ത്തിവയ്ക്കുകയായിരുന്നു. എന്നാല്‍ ശബരിമലയില്‍ തീര്‍ഥാടകരുടെ എണ്ണത്തില്‍ ഉണ്ടാകുന്ന വര്‍ധനയും പ്രതികൂല കാലാവസ്ഥയും മറ്റും മൂലം അപകടങ്ങളുണ്ടായാല്‍ വേണ്ട ശുശ്രൂഷ നല്കുന്നതിനും ഹെലികോപ്ടര്‍ സേവനം ഉപയോഗപ്പെടുത്താനാകും. കഴിഞ്ഞയിടെ മുഖ്യമന്ത്രിയുടെ ചേംബറില്‍ കൂടിയ ശബരിമല അവലോകന യോഗത്തിലാണ് ഹെലിപ്പാഡിനുള്ള നിര്‍ദേശം ദേവസ്വം ബോര്‍ഡ് മുന്നോട്ടു വച്ചത്. യോഗത്തില്‍ പങ്കെടുത്ത വനംമന്ത്രി കെ.ബി. ഗണേഷ് കുമാര്‍ മൃഗങ്ങള്‍ക്കു ശല്യമുണ്ടാകാത്ത രീതിയില്‍ ഹെലികോപ്ടര്‍ സേവനം ഉപയോഗിക്കുകയാണെങ്കില്‍ വനംവകുപ്പ് അംഗീകരിക്കുമെന്ന നിലപാടാണ് സ്വീകരിച്ചതെന്നു പറയുന്നു.

ഹൃദയാഘാതവും മറ്റ് അപകടങ്ങള്‍ മൂലവും ആളുകള്‍ മരിക്കുന്ന സാഹചര്യവും മുന്‍കാലങ്ങളില്‍ നിന്ന് ഇപ്പോള്‍ ഏറിയിരിക്കുകയാണെന്നതും ഹെലികോപ്ടര്‍ സേവനത്തിനുള്ള ചര്‍ച്ചയ്ക്ക് ആക്കംകൂട്ടിയിരിക്കുകയാണ്. മലേഷ്യ, സിംഗപ്പോര്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും രാജ്യത്തെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ശബരിമലയിലേക്കു തീര്‍ഥാടകര്‍ എത്തുന്നുണ്ട്. ഇവരുടെ സൗകര്യാര്‍ഥം നെടുമ്പാശേരിയില്‍ നിന്നു നിലയ്ക്കല്‍ വരെ ഹെലികോപ്ടര്‍ സേവനം പ്രയോജനപ്പെടുത്താന്‍ സ്വകാര്യ കമ്പനികളും മുന്നോട്ടു വന്നിട്ടുണ്ട്. അതേസമയം കാനനഭംഗിക്ക് കോട്ടം തട്ടുന്നരീതിയിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഭക്തജനങ്ങള്‍ക്കിടയില്‍ കടുത്ത എതിര്‍പ്പുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം