ഇന്ത്യയില്‍ വിദേശ പൌരന്മാരുടെ പ്രവര്‍ത്തനങ്ങള്‍ സംശയാസ്പദമാണെങ്കില്‍ പുറത്താക്കണമെന്നു ഹൈക്കോടതി

February 25, 2012 കേരളം

കൊച്ചി: ഇന്ത്യയില്‍ വിദേശ പൌരന്മാരുടെ പ്രവര്‍ത്തനങ്ങള്‍ സംശയാസ്പദമാണെങ്കില്‍ അവരെ പുറത്താക്കണമെന്നും രാജ്യത്തെ ദ്രോഹിക്കാന്‍ അവസരം നല്കരുതെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ പൌരത്വം അനുവദിക്കണമെന്ന അപേക്ഷ നിരസിച്ചതിനെതിരേ മലപ്പുറത്തു താമസിക്കുന്ന പാല്‍പ്പെറ്റി മുഹമ്മദ് നല്കിയ ഹര്‍ജിയിലാണ് ജസ്റീസ് എസ്. സിരിജഗന്റെ നിരീക്ഷണം. കേരളത്തിലെ അവസ്ഥയെക്കുറിച്ച് ഇപ്പോള്‍ ഭയപ്പെടേണ്ടിയിരിക്കുന്നുവെന്നു കോടതി  നിരീക്ഷിച്ചു. സംസ്ഥാനം വളരെ സുരക്ഷിതമാണെന്നാണു നാം കരുതിയിരുന്നത്. എന്നാല്‍, രാജ്യത്തിനെതിരായ എല്ലാ പദ്ധതികളും തയാറാക്കുന്നത് ഇപ്പോള്‍ കേരളത്തിലായിരിക്കുന്നു. ഹര്‍ജി നല്കിയ വ്യക്തിക്ക് ഇന്ത്യന്‍ പൌരത്വം വേണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കോടതിയില്‍ സമര്‍പ്പിച്ച രേഖകളുടെ അടിസ്ഥാനത്തില്‍ പല തവണ ഹര്‍ജിക്കാരന്‍ പാക്കിസ്ഥാനിലേക്കു യാത്ര നടത്തിയെന്നു വ്യക്തമായിട്ടുണ്ട്. ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും രാജ്യത്തു വരുകയോ പോവുകയോ ചെയ്യാമെന്ന സാഹചര്യമാണു നിലനില്‍ക്കുന്നത്. പുറത്തുനിന്നുള്ളവരുടെ സുരക്ഷ ഉറപ്പാക്കാനാണ് അധികാരികള്‍ക്കു താത്പര്യം. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഇവിടത്തെ ജനങ്ങളുടെ സുരക്ഷ പലപ്പോഴും അപകടത്തില്‍ പെടുകയാണ്. എല്ലാവരെയും സ്വീകരിക്കുന്ന ഇന്ത്യക്കാരുടെ മനോഭാവം പലരും ചൂഷണം ചെയ്യുകയാണ്.

രാജ്യത്തെ ദ്രോഹിക്കാന്‍ ഇത്തരക്കാരെ അനുവദിക്കരുത്. പലരും രാജ്യത്തു വന്നു ചാരപ്പണി നടത്തുന്നു. ഇത്തരക്കാരെ പലപ്പോഴും തിരിച്ചറിയുന്നത് അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകുമ്പോഴാണ്. മൂന്നു പാക്കിസ്ഥാന്‍ പാസ്പോര്‍ട്ടും രണ്ട് ഇന്ത്യന്‍ പാസ്പോര്‍ട്ടും ഹര്‍ജിക്കാരന്റെ പക്കലുണ്ടായിരുന്നുവെന്നു കോടതി ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കേണ്ടതുണ്ട്.

നമ്മുടെ രാജ്യത്തെ തന്ത്രപ്രധാനമായ സ്ഥലങ്ങള്‍ പലരും വ്യാജപേരുകളില്‍ വാങ്ങിക്കൂട്ടുകയാണ്. ഒന്നിലധികം പാസ്പോര്‍ട്ടുകള്‍ സ്വന്തമാക്കാന്‍ പലപ്പോഴും മറ്റു രാജ്യങ്ങളിലെ വ്യക്തികള്‍ക്കു കഴിയുന്നു. രാജ്യത്തുനിന്നു പുറത്താക്കണമെന്ന ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടു നിരവധി ഹര്‍ജികളാണു കോടതിയിലെത്തുന്നത്. എന്നാല്‍, രാജ്യത്തെ പൌരന്മാര്‍ക്കു മാത്രമാണു മൌലികാവകാശങ്ങളെന്നും ഇത്തരം ആവശ്യങ്ങളുന്നയിച്ചു മറ്റുള്ളവര്‍ക്കു കോടതിയെ സമീപിക്കാനാവില്ലെന്നും കോടതി ഓര്‍മിപ്പിച്ചു. ഹര്‍ജിയുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തി മലപ്പുറം ഡിവൈഎസ്പി കെ. രാധാകൃഷ്ണപിള്ള കഴിഞ്ഞ ഡിസംബര്‍ 11നു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഹര്‍ജിക്കാരനു മൂന്നു പാക്കിസ്ഥാന്‍ പാസ്പോര്‍ട്ടും രണ്ട് ഇന്ത്യന്‍ പാസ്പോര്‍ട്ടും ഉണ്െടന്നു ചൂണ്ടിക്കാണിച്ചിരുന്നു. വിഭജന സമയത്ത് ഇന്ത്യയില്‍നിന്നു പാക്കിസ്ഥാനിലേക്കു പോയ വ്യക്തിയാണു ഹര്‍ജിക്കാരനെന്നു കണ്െടത്താനായിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ കേസില്‍ വിശദമായ വാദം കേള്‍ക്കണം.

മലപ്പുറം തിരൂരങ്ങാടിയില്‍ താമസിക്കുന്ന എണ്‍പത്തൊമ്പതുകാരനായ പാല്‍പ്പെട്ടി മുഹമ്മദ് നല്കിയ ഹര്‍ജിയാണു കോടതി പരിഗണിക്കുന്നത്. 1955ലെ പൌരത്വ നിയമം അനുസരിച്ച് ഇന്ത്യന്‍ പൌരത്വത്തിനു വേണ്ടി നല്കിയ അപേക്ഷ നിരസിച്ചെന്നു ഹര്‍ജിയില്‍ പറയുന്നു. അഞ്ചു വര്‍ഷം സ്ഥിരതാമസമുള്ള വ്യക്തിക്കു പൌരത്വത്തിന് അപേക്ഷ നല്കാമെന്നും എന്നാല്‍, 25 വര്‍ഷമായി മലപ്പുറത്തു താമസിക്കുന്ന തന്റെ അപേക്ഷ മന്ത്രാ ലയം നിരസിച്ചെന്നുമാണു ഹര്‍ജിയിലെ വാദം. തനിക്കു ഭാര്യയും കുട്ടികളും ഉണ്െടന്നും തനിക്കെതിരേ നിലവില്‍ ഒരു കേസുമില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. തനിക്കു രാജ്യത്തു തങ്ങാന്‍ അവസരം നല്കണമെന്നാണു ഹര്‍ജിക്കാരന്റെ ആവശ്യം.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം