മത്സ്യത്തൊഴിലാളികളെ വെടിവെക്കാന്‍ ഉപയോഗിച്ച തോക്ക് കണ്ടെത്തി

February 25, 2012 കേരളം

കൊച്ചി: രണ്ടു മത്സ്യത്തൊഴിലാളികള്‍ വെടിയേറ്റു മരിച്ച കേസില്‍ ഇറ്റാലിയന്‍ കപ്പല്‍ ‘എന്‍റിക ലെക്‌സി’യിലെ പരിശോധന തുടരുന്നു. കേരള പോലീസിന്റെ ഫോറന്‍സിക് വിദഗ്ദ്ധരും ഇറ്റലിയില്‍ നിന്നുള്ള ബാലിസ്റ്റിക് വിദഗ്ദ്ധരും സംയുക്തമായാണ് പരിശോധന നടത്തുന്നത്. ഉച്ചയ്ക്ക് പതിനൊന്നു മണിയോടെയാണ് സംഘം കപ്പലിലെത്തി പരിശോധന ആരംഭിച്ചത്. മത്സ്യത്തൊഴിലാളികളെ വെടിവെക്കാന്‍ ഉപയോഗിച്ച തോക്ക് പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ഫോറന്‍സിക് വിദഗ്ദ്ധരെ കൂടാതെ വിരലടയാള വിദഗ്ദ്ധരും സംഘത്തിലുണ്ട്. ബാലിസ്റ്റിക് വിദഗ്ദ്ധനായ മേജര്‍ ഫ്ലാബസിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് ഇറ്റാലിയന്‍ സംഘത്തിലുള്ളത്. തുറമുഖ ട്രസ്റ്റിന്റെ ഓയില്‍ ടാങ്കര്‍ ബെര്‍ത്തിലാണ് ഇപ്പോള്‍ കപ്പലുള്ളത്.

രണ്ടുമണിക്കൂറിലേറെ നീണ്ട പരിശോധനയ്ക്കു ശേഷമാണ് തോക്ക് കണ്ടെത്തിയത്. കപ്പല്‍ തിങ്കളാഴ്ച വൈകിട്ട് അഞ്ചു മണി വരെ തുറമുഖം വിട്ടുപോകുന്നത് ഹൈക്കോടതി ഉത്തരവിലൂടെ തടഞ്ഞിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം