ശ്രീജിത്തിനെതിരായ വ്യാജപരാതികള്‍ അന്വേഷിക്കണം: എഡിജിപി

February 26, 2012 കേരളം

കണ്ണൂര്‍: ഉത്തരമേഖലാ ഡിഐജി എസ്. ശ്രീജിത്തിനെതിരേ വ്യാജ പരാതികള്‍ തുടര്‍ച്ചയായി നല്കുന്നവര്‍ക്കെതിരേ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് എഡിജിപി രാജേഷ് ദിവാന്‍ ആഭ്യന്തരവകുപ്പിനു റിപ്പോര്‍ട്ട് നല്കി. ഡിഐജി ശ്രീജിത്ത് വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്നും മറ്റും പറഞ്ഞു നിരന്തരമായി പോലീസ് സ്റേഷനുകളിലും കോടതികളിലും പരാതി നല്കാന്‍ നേതൃത്വം നല്കുന്ന മലപ്പുറം വള്ളിക്കുന്ന് സ്വദേശി കെ.പി. ഷാജുവടക്കം മൂന്നുപേര്‍ക്കെതിരേ കേസെടുക്കണമെന്നാണ് എഡിജിപി ആഭ്യന്തരവകുപ്പിനു നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.

നിരന്തരമായി ഒരേ പരാതികള്‍ വിവിധ കോടതികളിലായി നല്കി ശ്രീജിത്തിനെ പൊതുജന മധ്യത്തില്‍ താഴ്ത്തിക്കാണിക്കാനാണു ശ്രമമെന്ന് എഡിജിപിയുടെ റിപ്പോര്‍ട്ടില്‍ തെളിവുകള്‍സഹിതം ചൂണ്ടിക്കാട്ടിയിട്ടുണ്െടന്നറിയുന്നു. കേരളത്തിലും കര്‍ണാടകത്തിലും തമിഴ്നാട്ടിലുമായി വ്യാജ പാസ്പോര്‍ട്ട് കൈവശംവച്ച കേസുകളില്‍ ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണു ഷാജുവെന്നും റിപ്പോര്‍ട്ടിലുണ്ട്.

ഡിഐജി എസ്. ശ്രീജിത്തിനെതിരേ നല്കുന്ന പരാതികളില്‍ പ്രഥമദൃഷ്ട്യാ കഴമ്പില്ലെന്നു ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. ആഭ്യന്തരവകുപ്പിനു നല്കിയ അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് എഡിജിപി രാജേഷ് ദിവാന്‍ അടുത്തദിവസം ഹൈക്കോടതിയിലും നല്കും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം