കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ മനഃപൂര്‍വം അപകടമുണ്ടാക്കിയാല്‍ ലൈസന്‍സ് റദ്ദുചെയ്യും

February 26, 2012 കേരളം

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ക്കു വീണ്ടും മാനേജ്മെന്റിന്റെ മുന്നറിയിപ്പ്. മനഃപൂര്‍വം അപകടമുണ്ടാക്കിയാല്‍ സര്‍വീസില്‍നിന്നു സസ്പെന്‍ഡ് ചെയ്യുന്നതിനൊപ്പം ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കുന്നതിനു മോട്ടോര്‍ വാഹന വകുപ്പിനോടു ശിപാര്‍ശ ചെയ്യുന്നത് അടക്കമുള്ള കര്‍ക്കശ നടപടികള്‍ സ്വീകരിക്കുമെന്നു മാനേജ്മെന്റ് ഡ്രൈവര്‍മാര്‍ക്കു മുന്നറിയിപ്പു നല്കി.

ഹെവിവാഹനങ്ങള്‍ മൂലമുള്ള അപകടങ്ങള്‍ വര്‍ധിക്കുന്നുവെന്ന കണ്െടത്തലിന്റെ അടിസ്ഥാനത്തില്‍ മനഃപൂര്‍വം അപകടങ്ങള്‍ സൃഷ്ടിക്കുന്ന വാഹനങ്ങളുടെ ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കുമെന്ന പോലീസ് നിര്‍ദേശത്തിനു പിന്നാലെയാണു ഡ്രൈവര്‍മാര്‍ക്കു കെഎസ്ആര്‍ടിസി മാനേജ്മെന്റ് മുന്നറിയിപ്പു നല്കിയത്.

അപകടങ്ങള്‍ കുറയ്ക്കുന്നതിന്റെ ഭാഗമായി അശ്രദ്ധമായ ഡ്രൈവിംഗ് ഒഴിവാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. കെഎസ്ആര്‍ടിസി വാഹന ങ്ങള്‍ അപകടകരമായ തര ത്തില്‍ ഓവര്‍ടേക്ക് ചെയ്യുന്നതും അശ്രദ്ധമായ ഡ്രൈവിംഗും മൂലം സംസ്ഥാനത്ത് ഒട്ടേറെ അപകടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നു പോലീസ് കണ്ടെത്തിയിരുന്നു.

നേരത്തേ വാഹനാപകടങ്ങള്‍ സൃഷ്ടിക്കുന്ന കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരെ സര്‍വീസില്‍നിന്നു സസ്പെന്‍ഡ് ചെയ്യുന്നതടക്കമുള്ള നടപടികള്‍ അപൂര്‍വമായ സാഹചര്യങ്ങളില്‍ മാനേജ്മെന്റ് സ്വീകരിച്ചിരുന്നു. അപകടം കുറയ്ക്കുന്നതിന്റെ ഭാഗമായി കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഒട്ടേറെ നിര്‍ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ വിതരണം ചെയ്തിട്ടുണ്ടെന്നു കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം