കോപ്പിയടി ചൂണ്ടിക്കാണിച്ചാല്‍ ശിക്ഷ ചാപ്പകുത്ത് !

February 26, 2012 കേരളം

തിരുവനന്തപുരം: പരീക്ഷയില്‍ കോപ്പിയടിച്ചത് ചൂണ്ടിക്കാണിച്ചതിന് എട്ടാംക്ലാസ്സുകാരന്റെ കൈയില്‍ സീനിയര്‍ വിദ്യാര്‍ഥികള്‍ ചാപ്പകുത്തി. തലസ്ഥാനത്തെ വെള്ളയമ്പലം ക്രൈസ്റ്റ് നഗര്‍ സ്‌കൂളിലെ ഐ.സി.എസ്. ഇ. എട്ടാം ക്ലാസ് വിദ്യാര്‍ഥിയുടെ ഇടതുകൈത്തണ്ടയിലാണ് കൂര്‍ത്ത മുനകൊണ്ട് ‘ജെ’ എന്നെഴുതി ക്രൂരത കാട്ടിയത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ എ.ഡി.ജി.പി. പി. ചന്ദ്രശേഖരനും പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ എ. ഷാജഹാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഈ മാസം 16നാണ് കുട്ടിയുടെ കൈയില്‍ രണ്ടരയിഞ്ച് വീതിയിലും രണ്ടരയിഞ്ച് നീളത്തിലും സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ചാപ്പ കുത്തിയത്. അതിനു മുമ്പുള്ള ദിവസങ്ങളില്‍ നാലംഗ സംഘം ഈ കുട്ടിയെ മര്‍ദിച്ച് അവശനാക്കിയിരുന്നു. സീനിയര്‍ വിദ്യാര്‍ഥികളുടെ കോപ്പിയടി ചൂണ്ടിക്കാട്ടിയതിനായിരുന്നു ആദ്യ ദിവസത്തെ മര്‍ദനം. ഇത് സ്‌കൂളിലെ പി.ടി. അദ്ധ്യാപകനെ അറിയിച്ചതിന്റെ പേരില്‍ തുടര്‍ന്നുള്ള ദിവസങ്ങളിലും മര്‍ദനമുണ്ടായെന്ന് കുട്ടിയുടെ രക്ഷിതാക്കള്‍ പറഞ്ഞു.

കുട്ടിയുടെ കൈയിലെ മുറിവ് ശ്രദ്ധയില്‍പ്പെട്ട രക്ഷിതാക്കള്‍ വിവരം ആരാഞ്ഞെങ്കിലും വീഴ്ചയില്‍ സംഭവിച്ചതാണെന്നായിരുന്നു മറുപടി. പിന്നീട് വീട്ടുകാരുടെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് കുട്ടി സത്യം വെളിപ്പെടുത്തിയത്. വിവരം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് സീനിയര്‍ വിദ്യാര്‍ഥികള്‍ ഭീഷണിപ്പെടുത്തിയതായും കുട്ടി രക്ഷിതാക്കളോടു പറഞ്ഞു. രക്ഷിതാക്കള്‍ ഫെബ്രവരി 21ന് സ്‌കൂള്‍ അധികൃതര്‍ക്ക് പരാതി നല്‍കി. എന്നാല്‍ സംഭവം നടന്ന് ഒന്നരയാഴ്ച കഴിഞ്ഞിട്ടും കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടായില്ലെന്ന് അവര്‍ പറഞ്ഞു. സംഭവം തേച്ചുമായ്ച്ചു കളയാന്‍ ഒരു അദ്ധ്യാപകന്‍ ശ്രമിച്ചതായുംരക്ഷിതാക്കള്‍ പരാതിപ്പെട്ടു.

തന്റെ മകനെ ദ്രോഹിച്ചവരെ ശിക്ഷിക്കണമെന്ന നിര്‍ബന്ധം തനിക്കില്ലെന്ന് കുട്ടിയുടെ അച്ഛന്‍ പറഞ്ഞു. എന്നാല്‍, കുറ്റക്കാരെ കണ്ടെത്തി തെറ്റ് ആവര്‍ത്തിക്കരുതെന്ന് ഉപദേശിക്കുകയും തന്റെ മകന്റെ സുരക്ഷിതത്വം ഉറപ്പാക്കാനുള്ള നടപടി സ്വീകരിക്കുകയും വേണമെന്ന് അദ്ദേഹം വ്യക്തമാക്കി.

പരാതിയെക്കുറിച്ച് സ്‌കൂള്‍ അച്ചടക്ക സമിതി അന്വേഷിക്കുകയാണെന്നും കുറ്റക്കാരായ വിദ്യാര്‍ഥികളെ കണ്ടെത്താനായില്ലെന്നും െ്രെകസ്റ്റ് നഗര്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. സിറിയക് കാനായി പറഞ്ഞു. സംഭവത്തിന് സാക്ഷികളായവരെയോ ചെയ്ത ആളെയോ ഇതുവരെ കണ്ടെത്താനായിട്ടില്ല. കുട്ടിക്ക് പേടിയായതിനാല്‍ ആരാണെന്ന് അവന്‍ പറയുന്നില്ല. ഫോട്ടോയടക്കമുള്ള കാര്യങ്ങള്‍ കാണിച്ചുവെങ്കിലും ഫലമുണ്ടായില്ല. ഏതെങ്കിലും കുട്ടിയുടെ പേരില്‍ അച്ചടക്കനടപടിയെടുക്കുമ്പോള്‍ അവരുടെ രക്ഷിതാക്കളെയും കാര്യങ്ങള്‍ ബോദ്ധ്യപ്പെടുത്താന്‍ സ്‌കൂളിന് ബാദ്ധ്യതയുണ്ട്. അതിനാലാണ് വ്യക്തമായ തെളിവിനായി അന്വേഷണം തുടരുന്നത്. വിഷയം ഗൗരവമായിത്തന്നെയാണ് കാണുന്നതെന്നും കുറ്റക്കാരെ കണ്ടെത്തി നടപടിയെടുക്കുമെന്നും പ്രിന്‍സിപ്പല്‍ വ്യക്തമാക്കി.

എ.ഡി.ജി.പി. ചന്ദ്രശേഖരന്റെ നിര്‍ദേശപ്രകാരം മ്യൂസിയം പോലീസ് സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങി. വിഷയം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസറോടാണ് ഡി.പി.ഐ. ഷാജഹാന്‍ ആവശ്യപ്പെട്ടിട്ടുള്ളത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം