ഇറ്റാലിയന്‍ കപ്പലില്‍ നിന്നും കണ്ടെടുത്ത വസ്തുക്കള്‍ ഇന്നു കൊല്ലം കോടതിയില്‍ ഹാജരാക്കും

February 27, 2012 കേരളം

കൊച്ചി: ഇറ്റാലിയന്‍ കപ്പല്‍ എന്റിക ലെക്‌സിയില്‍ നിന്നും തോക്കുകളടക്കമുള്ള മുഴുവന്‍ വസ്തുക്കളും സീല്‍ചെയ്ത് വന്‍ സുരക്ഷാസന്നാഹത്തോടെ ഞായറാഴ്ച പുലര്‍ച്ചെ എറണാകുളം ഹാര്‍ബര്‍ പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചു. ഇവ ഇന്നു കൊല്ലം കോടതിയില്‍ ഹാജരാക്കും. അതിനു ശേഷം കോടതി അനുമതിയോടെ ഇവ തിരുവനന്തപുരത്തെ ഫൊറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ വിശദമായ പരിശോധനയ്ക്കയക്കും. ശനിയാഴ്ച രാവിലെ 11 മണിയോടെ ആരംഭിച്ച പരിശോധന ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് പൂര്‍ത്തിയായത്. കപ്പലിലെ സാങ്കേതികകാര്യങ്ങള്‍ കോസ്റ്റ് ഗാര്‍ഡും ആയുധങ്ങള്‍ നേവി സംഘവും പരിശോധിച്ചു. വിരലടയാള, ബാലിസ്റ്റിക് വിദഗ്ദ്ധരും വിശദമായ പരിശോധനകള്‍ നടത്തി തെളിവെടുത്തു. ഇറ്റാലിയന്‍ അധികൃതരുടെ ആവശ്യപ്രകാരം സാങ്കേതികവിദഗ്ദ്ധരായ മേജര്‍ ഫ്‌ളേവസ് ലൂക്കാ, മേജര്‍ പഌറ്റിനി പോളോ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന. ഉന്നതതല ഇറ്റാലിയന്‍ സംഘവും എത്തിയിരുന്നു.

പിടിച്ചെടുത്ത വസ്തുക്കള്‍ പെട്ടികളിലാക്കിയാണ് ഞായറാഴ്ച പുലര്‍ച്ചെ ഹാര്‍ബര്‍ പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചത്. അന്വേഷണ ചുമതലയുള്ള കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ ദേബേഷ് കുമാര്‍ ബഹ്‌റ ഉള്‍പ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥരും പരിശോധനയ്ക്ക് ഉണ്ടായിരുന്നു. ഇനി അന്വേഷണം കൊല്ലം ടീമായിരിക്കും നടത്തുക. കൊച്ചിയില്‍ പിടിച്ചിട്ടിരിക്കുന്ന കപ്പല്‍ വിട്ടുനല്‍കുന്നതിന് തീരുമാനമൊന്നും ആയില്ല. ഹൈക്കോടതിയില്‍ നിന്നുള്ള തീരുമാനപ്രകാരമേ ഇക്കാര്യത്തില്‍ നടപടിയുണ്ടാകൂ. അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കാനാണ് പോലീസ് ശ്രമം. പരിശോധനയില്‍ വിവിധ വകുപ്പുകളും ഇറ്റലി അധികൃതരും പൂര്‍ണമായി സഹകരിച്ചെന്ന് അന്വേഷണസംഘത്തിന് നേതൃത്വം നല്‍കുന്ന കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ എം.ആര്‍.അജിത്കുമാര്‍ പറഞ്ഞു. ഇപ്പോള്‍ കസ്റ്റഡിയുള്ള ഇറ്റാലിയന്‍ നാവികരുടെ കസ്റ്റഡി നീട്ടുമോയെന്ന ചോദ്യത്തിന് അന്വേഷണ സംഘമാണ് തീരുമാനമെടുക്കുകയെന്നായിരുന്നു മറുപടി. കപ്പല്‍ പൂര്‍ണമായി കസ്റ്റംസ് അധികൃതരും പരിശോധിച്ചിട്ടുണ്ട്. ഇതിന്റെ റിപ്പോര്‍ട്ട് കസ്റ്റംസ് പോലീസിന് കൈമാറും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം