കോപ്പിയടി ചൂണ്ടിക്കാണിച്ചതിന് ക്രൂരമര്‍ദനം: പ്ലസ് ടു വിദ്യാര്‍ഥിയുടെ താടിയെല്ല് തകര്‍ത്തു

February 27, 2012 കേരളം

തിരുവനന്തപുരം: വിദ്യാര്‍ഥിയുടെ കൈയില്‍ കമ്പി കൊണ്ട് ചാപ്പകുത്തിയ സംഭവത്തിനുപിന്നാലെ, തലസ്ഥാനനഗരിയില്‍ മറ്റൊരു സ്‌കൂളിലെ ക്രൂരമര്‍ദനം കൂടി പുറത്തുവന്നു. വെള്ളയമ്പലം വിദ്യാധിരാജ വിദ്യാമന്ദിറിലെ പത്താംക്ലാസ് വിദ്യാര്‍ഥികളുടെ ഹെല്‍മെറ്റ് കൊണ്ടുള്ള അടിയേറ്റ് പ്ലസ് ടു വിദ്യാര്‍ഥി സ്വകാര്യ ആസ്പത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

പത്താംക്ലാസിലെ ഒരുസംഘം വിദ്യാര്‍ത്ഥികളും പ്ലസ് ടു വിദ്യാര്‍ത്ഥിയും തമ്മില്‍ നേരത്തെ ചില പ്രശ്‌നങ്ങളുണ്ടായിരുന്നതായി സഹപാഠികള്‍ പറയുന്നു. ഇക്കഴിഞ്ഞ ബുധനാഴ്ച പത്താംക്ലാസുകാര്‍ക്ക് ‘സോഷ്യല്‍’ വെച്ചിരുന്നെങ്കിലും ഹര്‍ത്താല്‍ കാരണം മാറ്റി. പതിനൊന്ന് മണിയുടെ വിദ്യാര്‍ഥികള്‍ വീട്ടില്‍ പോകാന്‍ പ്രിന്‍സിപ്പല്‍ നിര്‍ദേശം നല്‍കി. ഉദാരശിരോമണി റോഡിനരികില്‍ വെച്ച് രണ്ടു ബൈക്കുകളിലായെത്തിയ മൂന്നംഗ പത്താംക്ലാസ് സംഘം പ്ലസ് ടു കാരനെ വളഞ്ഞുവയ്ക്കുകയും ഹെല്‍മെറ്റ് കൊണ്ടടിക്കുകയും ചെയ്തു. ഒപ്പമുണ്ടായിരുന്ന പ്ലസ് വണ്‍കാരന്‍ ബൈക്കുമായെത്തി ഈ കുട്ടിയെ വീട്ടിലെത്തിച്ചു. തുടര്‍ന്ന് ആസ്പത്രിയിലെത്തിച്ച് നടത്തിയ പരിശോധനയില്‍ താടിയെല്ലിന് രണ്ട് പൊട്ടലുകള്‍ ഉണ്ടെന്നും മുഖത്തെ ഞരമ്പിന് ക്ഷതമേറ്റതായും തെളിഞ്ഞു. പിറ്റേന്ന് പ്രാക്ടിക്കല്‍ പരീക്ഷയുണ്ടായിരുന്നതിനാല്‍ കുട്ടി സ്‌കൂളിലെത്തി. പരീക്ഷയ്ക്കു ശേഷം ശസ്ത്രക്രീയയ്ക്ക് വിധേയനായി. ഇപ്പോള്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. പ്ലസ് വണ്‍ കാരനെ മര്‍ദിച്ച പത്താംക്ലാസുകാര്‍ മദ്യപിച്ചിരുന്നതായി സംശയമുണ്ടെന്ന് സഹപാഠികള്‍ പറയുന്നു. പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സിന് സമീപം പണി നടക്കുന്ന ഫ്‌ലാറ്റില്‍ ഇവര്‍ സംഘം ചേരാറുള്ളതായും ആരോപണമുണ്ട്. ശ്രീവരാഹം സ്വദേശിയായ കുട്ടിക്കാണ് മര്‍ദനമേറ്റത്. മര്‍ദനമേറ്റ കുട്ടിയുടെ രക്ഷാകര്‍ത്താക്കള്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിന് പരാതി നല്‍കിയെങ്കിലും തുടര്‍ നടപടിയുണ്ടായില്ലെന്ന പരാതിയുണ്ട്. തുടര്‍ന്ന് ഇവര്‍ മ്യൂസിയം പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. പോലീസ് ജുവനൈല്‍ സെല്‍, മൂന്ന് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വിശദമായ അന്വേഷണം നടക്കുന്നതായി പോലീസ് അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം