നദീസംയോജനം അടിയന്തിരമായി നടപ്പാക്കണമെന്ന് സുപ്രീംകോടതി

February 28, 2012 ദേശീയം

ന്യൂഡല്‍ഹി: രാജ്യംനേരിടുന്ന കടുത്തവരള്‍ച്ചയ്ക്കു പരിഹാരമായി നിര്‍ദേശിക്കപ്പെട്ട നദീസംയോജന പദ്ധതി അടിയന്തിരമായി നടപ്പാക്കാന്‍ സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനു നിര്‍ദേശം നല്കി. കേരളത്തിലെ പമ്പ-അച്ചന്‍കോവില്‍ നദികളെ തമിഴ്‌നാട്ടിലെ വൈപ്പാറുമായി ബന്ധിപ്പിക്കുന്നതുള്‍പ്പെടെയുള്ള നിര്‍ദേശങ്ങളാണു പദ്ധതിയിലുള്ളത്. ഇതിന്റെ ആസൂത്രണത്തിനും നടത്തിപ്പിനുമായി ഉന്നതാധികാരസമിതിയെയും കോടതി നിയോഗിച്ചു.

പദ്ധതി ഇപ്പോള്‍ത്തന്നെ വൈകിയതു നിര്‍മാണച്ചെലവ് ഉയരുന്നതിനു കാരണമായെന്നും ചീഫ് ജസ്റ്റീസ് എസ്. എച്ച്. കപാഡിയ അധ്യക്ഷനായ മൂന്നംഗബെഞ്ച് നിരീക്ഷിച്ചു. ഈ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാരും ബന്ധപ്പെട്ട സംസ്ഥാനസര്‍ക്കാരുകളും സഹകരിച്ചു പദ്ധതി സമയബന്ധിതമായി നടപ്പാക്കാന്‍ ശ്രമിക്കണമെന്നും നിര്‍ദേശമുണ്ട്. ജസ്റ്റീസ് സ്വതന്ത്രകുമാര്‍, ജസ്റ്റീസ് എ.കെ പട്‌നായിക് എന്നിവരാണു ഡിവിഷന്‍ ബെഞ്ചിലെ മറ്റംഗങ്ങള്‍. കേന്ദ്രജലവിഭവമന്ത്രി, സെക്രട്ടറി, വനം-പരിസ്ഥിതി മന്ത്രാലയം സെക്രട്ടറി, ജലവിഭവമന്ത്രാലയം നിയമിക്കുന്ന നാലു വിദഗ്ധര്‍ എന്നിവരുള്‍പ്പെട്ടതാണു വിദഗ്ധസമിതി. സംസ്ഥാനങ്ങളുടെ പ്രതിനിധികള്‍, രണ്ടു സാമൂഹ്യപ്രവര്‍ത്തകര്‍ എന്നിവര്‍ക്കൊപ്പം കേസില്‍ സുപ്രീംകോടതിയെ സഹായിക്കുന്ന മുതിര്‍ന്ന അഭിഭാഷകനായ രഞ്ജിത്കുമാറും സമിതിയിലെ അംഗങ്ങളാണ്.

2002ല്‍ കേന്ദ്രത്തില്‍ അധികാരത്തിലിരുന്ന എന്‍ഡിഎ സര്‍ക്കാരാണ് നദീ സംയോജന പദ്ധതിക്കു രൂപം നല്കിയത്. വിശദമായ പഠനത്തിനും നടത്തിപ്പിനുമായി അന്നത്തെ പ്രധാനമന്ത്രി എ.ബി.വാജ്‌പേയി കര്‍മസമിതിയും രൂപീകരിച്ചു. പദ്ധതി രണ്ടായി നടപ്പാക്കണമെന്നു കര്‍മസമിതി സര്‍ക്കാരിനു റിപ്പോര്‍ട്ടും നല്കിയിരുന്നു. ഉത്തരേന്ത്യക്കായി ഹിമാലയം ഉള്‍പ്പെടുന്ന പ്രദേശം കേന്ദ്രീകരിച്ചു പദ്ധതി നടപ്പാക്കണമെന്നായിരുന്നു റിപ്പോര്‍ട്ട്. തെക്കന്‍പ്രദേശങ്ങള്‍ക്കായി മറ്റൊരുപദ്ധതിയും.

പമ്പ-അച്ചന്‍കോവില്‍ നദികളെ വൈപ്പാറുമായി സംയോജിപ്പിക്കുന്നതിനു പുറമേ മഹാനദി, ഗോദാവരി എന്നിവിടങ്ങളിലെ അധികജലം പെണ്ണാര്‍, കൃഷ്ണ, വൈഗ, കാവേരി തുടങ്ങിയവയിലേക്കു തുറന്നുവിടുന്നതും ഈ പദ്ധതിയുടെ ഭാഗമായി നിര്‍ദേശിക്കപ്പെട്ടിരുന്നു. കേരളത്തിലെയും കര്‍ണാടകത്തിലെയും നദികളുടെ പടിഞ്ഞാറോട്ടുള്ള ഒഴുക്ക് കിഴക്കന്‍പ്രദേശങ്ങളിലേക്കുകൂടി വ്യാപിപ്പിക്കുന്നതിനും പദ്ധതി ലക്ഷ്യമിട്ടിരുന്നു.

ഗംഗ, ബ്രഹ്മപുത്ര നദികളില്‍ സംഭരണകേന്ദ്രങ്ങള്‍ സ്ഥാപിച്ചു ജലംസംഭരിക്കുന്നതിനും ചെറിയ നദികളെ ഇവയുമായി ബന്ധിപ്പിക്കുന്നതിനുമായിരുന്നു വടക്കേയിന്ത്യയിലെ പ്രധാനപ്പെട്ട ജോലികളായി ലക്ഷ്യമിട്ടിരുന്നത്. കൃഷി, വൈദ്യുതോദ്പാദനം എന്നിവയ്ക്കുപുറമേ വെള്ളപ്പൊക്കം തടയുക എന്നതും ഇതുവഴി സാധ്യമാണ്. നദീതടസംയോജനം പൂര്‍ത്തിയാക്കിയാല്‍ 2050 ഓടെ രാജ്യത്തെ 1.40 ലക്ഷം ഹെക്ടര്‍ പ്രദേശത്തെ കൃഷിക്ക് ആവശ്യമായ ജലം ലഭിക്കുമെന്നും കര്‍മസമിതി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. 2016ല്‍ പൂര്‍ത്തിയാക്കുമെന്നു പ്രഖ്യാപിച്ചാണ് 2002-ല്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതി പ്രഖ്യാപിച്ചിരുന്നത്. 5,60,000 കോടി രൂപ ചെലവുവരുമെന്നും അന്നു കണക്കാക്കിയിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം