കൂടുംകുളത്തു ദുരന്തമുണ്ടാകില്ല: മലയാളി ശാസ്ത്രജ്ഞര്‍

February 28, 2012 കേരളം

കൂടുംകുളം ആണവനിലയം

പാലക്കാട്: കൂടംകുളം ഉള്‍പ്പെടെ രാജ്യത്തുള്ള ആണവനിലയങ്ങളില്‍ ഫുക്കുഷിമയിലേതു പോലുള്ള ദുരന്തമുണ്ടാവില്ലെന്നു മലയാളി ശാസ്ത്രജ്ഞര്‍. ഭാഭാ ആറ്റമിക് റിസര്‍ച്ച് സെന്ററിലെ(ബാര്‍ക്ക്) ശാസ്ത്രജ്ഞന്‍ ഡോ സി.എ. കൃഷ്ണന്‍, സീനിയര്‍ സയന്റഫിക് ഓഫീസര്‍ ഡോ.ഗൗരി പണ്ഡിറ്റ്, ന്യൂക്ലിയര്‍ പവര്‍ കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ (എന്‍പിസിസിഐഎല്‍) ചീഫ് എന്‍ജിനിയര്‍ എ.കെ. ബാലസുബ്രഹ്മണ്യന്‍ എന്നിവര്‍ പത്രസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

സാധാരണ ജനങ്ങള്‍ മാത്രമല്ല, വിദ്യാസമ്പന്നരും ആണവോര്‍ജത്തെക്കുറിച്ച് അജ്ഞരാണ്. അതുകൊണ്ടാണ് അവര്‍ ആണവോര്‍ജ പദ്ധതികള്‍ക്കെതിരെ ശബ്ദം ഉയര്‍ത്തുന്നത്. മൊബൈല്‍ഫോണ്‍, വാഹനങ്ങള്‍ തുടങ്ങിയവ പുറത്തുവിടുന്നതിനേക്കാള്‍ തുലോം കുറവാണ് ആണവനിലയങ്ങളില്‍നിന്നു പുറത്തുവരുന്ന വികിരണം. അതുതന്നെ ഇല്ലാതാക്കുന്ന തരത്തിലാണ് ആണവനിലയങ്ങളുടെ പ്രവര്‍ത്തനമെന്നും ശാസ്ത്രജ്ഞര്‍ വ്യക്തമാക്കി.

രാജ്യത്ത് 20 ആണവനിലയങ്ങളാണു പ്രവര്‍ത്തിക്കുന്നത്. കൂടംകുളം ഉള്‍പ്പെടെയുള്ള ഏഴെണ്ണം നിര്‍മാണത്തിലാണ്. നിലവിലെ ആണവനിലയങ്ങളിലെല്ലാം നിഷ്‌ക്രിയ ശീതീകരണ സംരക്ഷണസംവിധാനം സജ്ജമാക്കിയിട്ടുണ്ട്.

സുനാമി പോലെയുള്ള കടല്‍ക്ഷോഭങ്ങളും ആണവനിലയത്തെ ബാധിക്കില്ല. ആണവനിലയങ്ങളുടെ രൂപകല്പന, നിര്‍മാണം, നിര്‍വഹണം, സുരക്ഷാസംവിധാനം എന്നിവ അതീവശ്രദ്ധയോടെയാണു നിര്‍വ ഹിക്കുന്നത്. യാതൊരു വിധത്തിലും പ്രകൃതിക്കും മനുഷ്യനും കോട്ടം തട്ടാത്ത വിധത്തിലുള്ള സംവിധാനത്തോടെയാണ് ആണവനിലയങ്ങളുടെ പ്രവര്‍ത്തനം. ഇവയ്‌ക്കെതിരെ നടത്തുന്ന പ്രക്ഷോഭങ്ങളും പ്രചാരണങ്ങളും നാടിന്റെ വികസനപ്രവര്‍ത്തനത്തെ തടസപ്പെടുത്താന്‍ മാത്രമേ ഉപകരിക്കുകയുള്ളു.

രാജ്യത്തിന്റെ പുരോഗതി വിലയിരുത്തുന്നതു വൈദ്യുതി ഉപഭോഗത്തിന്റെ അടിസ്ഥാനത്തിലാണ്. ലോകത്ത് ഇന്ത്യ ഉത്പാദിപ്പിക്കുന്ന ആണവവൈദ്യുതിയുടെ പങ്ക് 2.30 ശതമാനമാണ്. ഇതു വര്‍ധിപ്പിക്കാന്‍ അഞ്ചുലക്ഷം മെഗാവാട്ട് വൈദ്യുതി കൂടുതല്‍ ഉത്പാദിപ്പിക്കണം.

കാറ്റ്, സൗരോര്‍ജം, ജലം എന്നിവയില്‍നിന്ന് ഇടയ്ക്കുമാത്രം കിട്ടുന്ന വൈദ്യുതിയെ പൂര്‍ണമായും ആശ്രയിക്കാന്‍ സാധിക്കില്ല. ഈ സാഹചര്യത്തില്‍ ആണവോര്‍ജത്തിന്റെ പ്രാധാന്യം ഏറെയാണെന്നും ശാസ്ത്രജ്ഞര്‍ പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം