വെടിവയ്പ് ഇന്ത്യന്‍ അതിര്‍ത്തിയിലല്ലെന്ന വാദം അടിസ്ഥാനരഹിതമെന്ന് സര്‍ക്കാര്‍

February 29, 2012 കേരളം

കൊച്ചി: ഇറ്റാലിയന്‍ കപ്പലില്‍നിന്നു രണ്ടു മത്സ്യത്തൊഴിലാളികള്‍ വെടിയേറ്റു മരിച്ച സംഭവം ഇന്ത്യന്‍ അതിര്‍ത്തിയിലല്ലെന്ന ഇറ്റാലിയന്‍ അധികൃതരുടെ വാദം നിലനില്‍ക്കുന്നതല്ലെന്നു ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കേരളത്തിന്റെ കടല്‍ത്തീരം കടല്‍ക്കൊള്ള വിമുക്തമാണ്. മ ത്സ്യബന്ധനത്തിനായി സദാസമയം തൊഴിലാളികള്‍ കടലിലുണ്ടാവുന്ന തീരം കൂടിയാണു കേരളത്തിലേത്. ഇവിടെ കടല്‍ക്കൊള്ളക്കാരുടെ ആക്രമണം ഉണ്ടായെന്ന ആരോപണം കള്ളമാണ്. ഒരു മണിക്കൂറില്‍ പരമാവധി നാലു മുതല്‍ അഞ്ചുവരെ നോട്ടിക്കല്‍ മൈല്‍ വേഗമുള്ള മത്സ്യബന്ധനബോട്ട് കപ്പലിനെ ആക്രമിക്കാന്‍ ശ്രമിച്ചുവെന്ന വാദം കള്ളമാണെന്നു സംസ്ഥാന സര്‍ക്കാരിനുവേണ്ടി കേസിന്റെ അന്വേഷണ ചുമതലയുള്ള ക്രൈംബ്രാഞ്ച് എസ്പി സാം ക്രിസ്റി ഡാനിയല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

എഫ്ഐആറില്‍ 33 നോട്ടിക്കല്‍ മൈല്‍ എന്നു പറഞ്ഞിട്ടുള്ളതു സംഭവം നടന്ന സ്ഥലത്തുനിന്നു പരാതി ലഭിച്ച പോലീസ് സ്റേഷന്‍ വരെയുള്ള ദൂരമാണ്. നീണ്ടകര പോലീസ് സ്റേഷനില്‍ പരാതി നല്കാന്‍ സെന്റ് ആന്റണി എന്ന ബോട്ടിലുണ്ടായിരുന്നവര്‍ സഞ്ചരിച്ച ദൂരമായി ഇതിനെ കണ്ടാല്‍ മതി. മറിച്ച് കടലില്‍ 33 നോട്ടിക്കല്‍ മൈല്‍ അകലെയാണ് ആക്രമണം ഉണ്ടായതെന്ന തരത്തില്‍ വ്യാഖ്യാനിക്കേണ്ട ആവശ്യമില്ല.

സംഭവം നടന്നത് എവിടെ വച്ചാണെന്നു കൃത്യമായി അറിയാന്‍ കപ്പലിന്റെ യാത്രാ വിവരങ്ങള്‍, ജിപിഎസ് സംവിധാനത്തിലെ വിവരങ്ങള്‍, മറ്റു സാങ്കേതിക ആശയവിനിമയ രേഖകള്‍ തുടങ്ങിയവ പരിശോധിക്കണം. കപ്പലധികൃതരുടെ നിസഹകരണം മൂലം ഇതുവരെ അതിനു കഴിഞ്ഞിട്ടില്ല- റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യയ്ക്കു പരമാധികാരമുള്ള സമുദ്ര മേഖലയിലാണു സംഭവം നടന്നത്. ഇന്ത്യന്‍ അതിര്‍ത്തിയില്‍ നടന്ന കുറ്റകൃത്യത്തില്‍നിന്നു പ്രതികള്‍ ഇറ്റലിക്കാരാണ് എന്നതുകൊണ്ടു രക്ഷപ്പെടാനാവില്ല. വാണിജ്യ കപ്പലുകളില്‍ പ്രതിഫലം വാങ്ങിയാണു ഭടന്മാര്‍ പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടു തന്നെ രാഷ്ട്രത്തിന്റെ ദൌത്യമായി ഇതിനെ കാണാനാവില്ല.

ഇന്ത്യയില്‍ കുറ്റം ചെയ്ത വിദേശി ഇന്ത്യയില്‍ ഇല്ലെങ്കില്‍ പോലും ഇവിടത്തെ നിയമം അനുസരിച്ചു ശിക്ഷാര്‍ഹനാണ്. എഫ്ഐആര്‍ റദ്ദാക്കണമെന്ന ആവശ്യം നിലനില്‍ക്കുന്നതല്ല. കേസ് രജിസ്റര്‍ ചെയ്ത് പോസ്റ്മോര്‍ട്ടം നടത്തിയും തെളിവു ശേഖരിച്ചും കേസിന്റെ തുടര്‍നടപടികള്‍ നടത്താന്‍ എഫ്ഐആര്‍ വേണമെന്നു ചട്ടം അനുശാസിക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെയും കോസ്റ് ഗാര്‍ഡിന്റെയും റിപ്പോര്‍ട്ടു കൂടി പരിഗണിച്ചാണു കേസുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും സമര്‍പ്പിക്കാന്‍ ഹൈക്കോടതി ഉത്തരവു നല്കിയത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം