ഭക്തിയുടെ നിറവില്‍ ദൃശ്യവിസ്മയമായി ചെട്ടികുളങ്ങര കെട്ടുകാഴ്ച

February 29, 2012 കേരളം

മാവേലിക്കര: ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും പൊന്‍പ്രഭ വിതറി, വിശ്വാസികളുടെ ഹൃദയങ്ങളില്‍ ഭക്തിയുടെ വേലിയേറ്റമൊരുക്കിയ ചെട്ടികുളങ്ങര കുംഭഭരണി ദൃശ്യവിരുന്നായി. കേരളത്തിലെ ശ്രദ്ധേയമായ പ്രാദേശിക ഉത്സവങ്ങളുടെ മുന്‍നിരയിലെന്നു മാത്രമല്ല, ആഗോളതലത്തില്‍ത്തന്നെ പ്രമുഖ അനുഷ്ഠാന ആഘോഷങ്ങളുടെ ഗണത്തില്‍ ഉള്‍പ്പെട്ട ഒന്നായി ചെട്ടികുളങ്ങര കെട്ടുകാഴ്ച ഇതിനോടകം മാറിക്കഴിഞ്ഞു.  വൈവിധ്യവും കലാമേന്മയും സമന്വയിക്കുന്ന ദൃശ്യഭംഗിയും നാട്ടുകൂട്ടത്തിന്റെ കൂട്ടായ്മയും മെയ്ക്കരുത്തും ഒരുമിച്ച കലാവിരുന്ന് ശിവരാത്രിമുതല്‍ കുംഭഭരണിവരെയുള്ള ഏഴു ദിനരാത്രങ്ങളിലാണ് അരങ്ങേറുന്നത്. ഈരേഴ തെക്ക്, വടക്ക്, കൈത തെക്ക്, വടക്ക്, പേള, നടയ്ക്കാവ് എന്നീ കരക്കാര്‍ കുതിരകളെയും, കണ്ണമംഗലം തെക്ക്, കണ്ണമംഗലം വടക്ക്, കടവൂര്‍ ആഞ്ഞിലാപ്ര, മേനാമ്പള്ളില്‍ എന്നീ കരക്കാരുടെ തേരുകളെയും മറ്റം തെക്ക് കരയുടെ ഹനുമാനെയും പാഞ്ചാലിയെയും മറ്റം വടക്ക് കരക്കാരുടെ ഭീമനെയും അണിയിച്ചൊരുക്കിയാണ് ക്ഷേത്ര സന്നിധിയിലെത്തിച്ചത്. ഇന്നലെ സന്ധ്യയോടെ വിവിധ കരകളില്‍ നിന്നുള്ള കെട്ടുകാഴ്ചകള്‍ ക്രമപ്രകാരം ക്ഷേത്രത്തിലെത്തി ദേവിയെ വണങ്ങിയശേഷം കാഴ്ചക്കണ്ടത്തില്‍ അണിനിരന്നു. ഇത് ആസ്വദിക്കാനും വന്ദിക്കുന്നതിനുമായി ആയിരങ്ങളാണ് നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയത്. ഇന്നു പുലര്‍ച്ചെ നാലോടെ ചെട്ടികുളങ്ങര കുംഭഭരണിയുടെ ഏറ്റവും പ്രധാന ചടങ്ങു നടന്നു. തീവെട്ടികള്‍ മിഴിവട്ട വിളക്കുകള്‍, വാദ്യമേളങ്ങള്‍ എന്നിവയുടെ അകമ്പടിയോടെ ഭഗവതി ജീവതയേറി ക്ഷേത്രത്തിനു പുറത്തു വന്ന് കെട്ടുകാഴ്ചകള്‍ കണ്ടു. തുടര്‍ന്ന് പ്രത്യേക അനുഷ്ഠാനരീതിയിലുള്ള ജീവതകളോടെ ഓരോ കെട്ടുകാഴ്ചകളെയും നാട്ടുകാരെയും അനുഗ്രഹിച്ചു. അതിനുശേഷം ക്ഷേത്രം ചുറ്റിയുള്ള എഴുന്നള്ളത്തിനെത്തുടര്‍ന്ന് ഭഗവതി ക്ഷേത്രത്തിലേക്ക് തിരിച്ചു കയറി. പിന്നീട് ഓരോ കരക്കാരും തങ്ങളുടെ കെട്ടുകാഴ്ചകള്‍ കാഴ്ചക്കണ്ടത്തില്‍നിന്നും കെട്ടുപുരയിലെത്തിച്ചതോടെ ചടങ്ങുകള്‍ക്കു സമാപനായി.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം