പി.കെ.നാരായണപ്പണിക്കര്‍ അന്തരിച്ചു

February 29, 2012 കേരളം

ചങ്ങനാശ്ശേരി: എന്‍.എസ്.എസ് പ്രസിഡന്റ് പി.കെ.നാരായണപ്പണിക്കര്‍(81) അന്തരിച്ചു. ചങ്ങനാശ്ശേരിയിലെ വസതിയില്‍ 2.10നായിരുന്നു അന്ത്യം സംഭവിച്ചത്. ഏറെക്കാലമായി അദ്ദേഹം ചികിത്സയിലായിരുന്നു. 1984 ല്‍ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റ അദ്ദേഹം 28 വര്‍ഷം തല്‍സ്ഥാനത്ത് തുടര്‍ന്നു. മന്നത്ത് പത്മനാഭനുശേഷം ഏറ്റവും കൂടുതല്‍കാലം എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയായിരുന്ന വ്യക്തിയാണ് നാരായണ പണിക്കര്‍. ചങ്ങനാശ്ശേരി വാഴപ്പള്ളി പിച്ചാമത്തില്‍ എ.എന്‍. വേലുപ്പിള്ളയുടെയും ലക്ഷ്മിക്കുട്ടിയുമ്മയുടെയും ഏഴുമക്കളില്‍ മൂന്നാമനാമായാണ് നാരായണപ്പണിക്കര്‍ ജനിച്ചത്.

അനാരോഗ്യംമൂലം രണ്ടു വര്‍ഷം മുന്‍പ് അദ്ദേഹം ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിയുകയായിരുന്നു. പിന്നീട് പ്രസിഡന്റായി പ്രവര്‍ത്തിച്ചു. അഭിഭാഷകനായ അദ്ദേഹം 1977 ല്‍ ട്രഷററായാണ് എന്‍.എസ്.എസ് നേതൃസ്ഥാനത്ത് പ്രവര്‍ത്തനം തുടങ്ങിയത്.കേരള രാഷ്ട്രീയ നിഘണ്ടുവില്‍ സമദൂരം എന്ന വാക്ക് സംഭാവന ചെയ്ത വ്യക്തിയാണ് പണിക്കര്‍. ശവസംസ്‌കാരം വ്യാഴാഴ്ച വൈകീട്ട് നാലിന് ചങ്ങനാശ്ശേരിയിലെ വീട്ടുവളപ്പില്‍ നടക്കും. ഭൗതികദേഹം രാവിലെ പത്തുമുതല്‍ എന്‍.എസ്.എസ് ആസ്ഥാനത്ത് പൊതുദര്‍ശനത്തിന് വയ്ക്കും. എന്‍.എസ്.എസ്സിന്റെ സ്ഥാപനങ്ങള്‍ക്ക് വ്യാഴം, വെള്ളി ദിവസങ്ങളില്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

വാഴപ്പിള്ളി ഗവ. ഹൈസ്‌കൂള്‍ മുന്‍ അധ്യാപിക പരേതയായ എം. സാവിത്രിയമ്മയാണ് ഭാര്യ. മക്കള്‍: പി.എന്‍. സതീശ്കുമാര്‍, ഡോ. ജഗദീഷ് കുമാര്‍, രഞ്ജിത് കുമാര്‍.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം