മത്സ്യത്തൊഴിലാളികള്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ കപ്പല്‍ വിട്ടുനല്‍കാന്‍ വൈകും

March 1, 2012 കേരളം

കൊച്ചി: ഇറ്റാലിയന്‍ കപ്പല്‍ എന്റിക ലെക്‌സിയില്‍ നിന്നുള്ള വെടിയേറ്റ് രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ കപ്പല്‍ വിട്ടുനല്‍കാന്‍ വൈകിയേക്കും. ഉടമകള്‍ മൂന്നുകോടി രൂപ കെട്ടിവച്ചാല്‍ കപ്പലിനെ കൊച്ചി വിടാന്‍ അനുവദിക്കാവുന്നതാണെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. നഷ്ടപരിഹാര കേസിനെ സംബന്ധിച്ച് മാത്രമാണ് ഈ ഉത്തരവ് ബാധകമെന്നു കോടതി പറഞ്ഞ സാഹചര്യത്തില്‍ അന്വേഷണം പൂര്‍ത്തിയാകും വരെ കപ്പല്‍ വിട്ടുകൊടുക്കാതിരിക്കുന്ന നടപടിക്ക് നിയമപരമായ തടസ്സങ്ങളും ഇല്ല.

കപ്പലില്‍ നിന്ന് പിടിച്ചെടുത്ത ആയുധങ്ങള്‍ വിശദമായ ഫൊറന്‍സിക് പരിശോധനയ്ക്ക് തിരുവനന്തപുരത്തെ ഫൊറന്‍സിക് ലാബിലാണുള്ളത്. ഇവയുടെ പരിശോധന പൂര്‍ത്തിയാകാന്‍ ഒരാഴ്ചയോളം താമസമുണ്ടാകുമെന്നാണ് സൂചന. കപ്പല്‍ കസ്റ്റഡിയില്‍ എടുത്തതുമുതല്‍ ഇറ്റാലിയന്‍ അധികൃതര്‍ പലവിധ സമ്മര്‍ദ്ദങ്ങള്‍ ചെലുത്തിയിരുന്നെങ്കിലും നിയമസാധുതയില്ലാത്തതിനാല്‍ ഇതിന് വഴങ്ങാതിരിക്കുക എന്ന നയമാണ് പോലീസ് ഇതേവരെ സ്വീകരിച്ചത്. കപ്പലില്‍ സംയുക്ത പരിശോധന എന്ന പ്രധാന ആവശ്യം രണ്ട് ഇറ്റാലിയന്‍ അധികൃതരുടെ സാന്നിധ്യത്തില്‍ പരിശോധന എന്ന നിലയിലേക്ക് കുറച്ചുകൊണ്ടുവരാന്‍ പോലീസിന് കഴിഞ്ഞു. പിടിച്ചെടുത്ത ആയുധങ്ങളുടെ മുദ്രവയ്ക്കല്‍, പ്രതിരോധ വകുപ്പിന്റെ ചുമതലയില്‍ ആയുധങ്ങള്‍ സൂക്ഷിക്കുക തുടങ്ങിയ ഇറ്റാലിയന്‍ കടുംപിടിത്തങ്ങളും പിന്നീട് അയഞ്ഞു.

അറസ്റ്റിലായ നാവികര്‍ ഇപ്പോഴും ചോദ്യംചെയ്യലില്‍ എല്ലാവിവരങ്ങളും നല്‍കി പരിപൂര്‍ണമായി സഹകരിക്കുന്നില്ലെന്നാണ് സൂചന. എന്നാല്‍ നടപടിക്രമങ്ങള്‍ കാരണമായുണ്ടായ കാലതാമസത്തെ തുടര്‍ന്ന് ആയുധങ്ങള്‍ പിടിച്ചെടുക്കാന്‍ വൈകിയത് തെളിവുകള്‍ ഇല്ലാതാക്കുമെന്ന ആശങ്കയും ഉയര്‍ത്തിയിട്ടുണ്ട്. അറസ്റ്റിലായവര്‍ പോലീസ് കസ്റ്റഡിയില്‍ തോപ്പുംപടിയിലെ സി.ഐ.എസ്.എഫ് ഗസ്റ്റ്ഹൗസില്‍ സുഖവാസത്തിലാണെന്ന ആരോപണങ്ങള്‍ രാഷ്ട്രീയ കേന്ദ്രങ്ങളില്‍ നിന്നുതന്നെ ഉയര്‍ന്നിരുന്നു. എന്നാല്‍ പോലീസ് കേന്ദ്രങ്ങള്‍ ഇത് നിഷേധിക്കുകയാണ്. ഈ സംഭവത്തിലുള്ള അന്തര്‍ദേശീയ മാനം, ഇറ്റലിയിലെ നാവികസേനാ ഉദ്യോഗസ്ഥര്‍, അപൂര്‍വമായ കേസ് തുടങ്ങിയ കാര്യങ്ങള്‍ പോലീസ് പരിഗണിച്ചിട്ടുണ്ട്.

കപ്പലിപ്പോള്‍ കോസ്റ്റുഗാഡിന്റെയും നേവിയുടെയും പോര്‍ട്ട് ട്രസ്റ്റിന്റെയും നിരീക്ഷണത്തില്‍ കൊച്ചിയിലെ പുറങ്കടലിലാണ് നങ്കൂരമിട്ടിരിക്കുന്നത്. കപ്പലില്‍ 19 ഇന്ത്യക്കാരുണ്ടെങ്കിലും ഇവര്‍ക്കുനേരെ വിവേചനപരമായ പെരുമാറ്റം ഒന്നും ഉണ്ടായിട്ടില്ലെന്നാണ് പോലീസിന് ലഭിച്ചിട്ടുള്ള വിവരം.

കേസന്വേഷണം പൂര്‍ണമായും സുതാര്യവും എല്ലാ തെളിവുകളും ശേഖരിച്ചുള്ളതാവുമെന്നും പോലീസ് അവകാശപ്പെടുന്നുണ്ട്. കപ്പല്‍ പരിശോധനയ്ക്ക് ഇറ്റാലിയന്‍ സാങ്കേതികവിദഗ്ദ്ധരുടെ സാന്നിധ്യം ഉറപ്പാക്കിയതും മാധ്യമപ്രവര്‍ത്തകരെ കപ്പലിന്റെ ഡോക്ക് വരെ പ്രവേശിപ്പിച്ചതും സുതാര്യതയുടെ ഭാഗമാണെന്ന് പോലീസ് അവകാശപ്പെടുന്നു. ചൊവ്വാഴ്ച കൊച്ചിയിലെത്തിയ ഇറ്റാലിയന്‍ വിദേശകാര്യ മന്ത്രി ജിയൂലിയോ മരിയ തെര്‍സിസാന്റ് അഗാത്തെയും ഇരുപത്തിമൂന്നംഗ സംഘവും ബുധനാഴ്ച രാവിലെ വിയറ്റ്‌നാമിലേക്ക് മടങ്ങി.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം