ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തില്‍ കുത്തിയോട്ട വ്രതത്തിനു തുടക്കമായി

March 2, 2012 കേരളം,ക്ഷേത്രവിശേഷങ്ങള്‍

തിരുവനന്തപുരം: ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തില്‍ കുത്തിയോട്ട വ്രതത്തിനു തുടക്കമായി. രാവിലെ എട്ടരയോടെ തോര്‍ത്തുടുത്ത് ക്ഷേത്രകുളത്തില്‍ മുങ്ങികുളിച്ചെത്തിയ ആണ്‍കുട്ടികള്‍ ക്ഷേത്രത്തിലെത്തി പള്ളിപലകയില്‍ ഏഴ് ഒറ്റരൂപ നാണയങ്ങള്‍ കാണിക്ക അര്‍പ്പിച്ചു. തുടര്‍ന്ന് പ്രധാന നടയിലെത്തി നമസ്കരിച്ചു. ഓരോ നടയിലും മൂന്നുനമസ്കാരം വീതം നടത്തി. നാലുനടയിലുമായി 12 നമസ്കാരം തീര്‍ന്നതോടെ ഉച്ചയായി. വൈകുന്നേരം വീണ്ടും കുളികഴിഞ്ഞ് നമസ്കാരം നടന്നു. പന്ത്രണ്ടു വയസിനു താഴെ പ്രായമുള്ള 885 ബാലന്മാരാണ് ഇന്നലെ വ്രതം തുടങ്ങിയത്. ആകെ 895 പേരാണ് കുത്തിയോട്ടത്തിനായി പേര് രജിസ്റര്‍ ചെയ്തിരുന്നത്. പത്തുപേര്‍ രജിസ്ട്രേഷന്‍ റദ്ദാക്കി.

ക്ഷേത്രാങ്കണത്തില്‍ കഴിയുന്ന കുട്ടികള്‍ നിത്യവും ക്ഷേത്രകുളത്തില്‍ മുങ്ങികുളിച്ച് ദേവിയുടെ മുന്നിലെത്തി നമസ്കരിക്കും. പൊങ്കാല ദിനമാകുമ്പോള്‍ ഇവര്‍ 1008 നമസ്കാരം പൂര്‍ത്തിയാക്കും. അന്ന് ഉച്ചകഴിയുന്നതോടെ കണ്ണെഴുതി ഒരുക്കി കിരീടം വച്ച് കുത്തിയോട്ടത്തിനായി അണിയിച്ചൊരുക്കും. ചൂരല്‍കുത്തുന്നതോടെ ഓട്ടത്തിനു തയാറാകും. രാത്രി പത്തോടെ ആരംഭിക്കുന്ന പുറത്തേക്കെഴുന്നള്ളിപ്പില്‍ കുത്തിയോട്ട ബാലന്മാര്‍ അകമ്പടി സേവിക്കും.

ഒന്നര കിലോമീറ്ററോളം ദൂരം എഴുന്നള്ളിപ്പ് കടന്നുപോകാന്‍ പത്തുമണിക്കൂറിലേറെ സമയമെടുക്കും. വഴിനീളെ പറയെടുപ്പു കഴിഞ്ഞശേഷമേ എഴുന്നള്ളിപ്പ് മുന്നോട്ടു നീങ്ങുകയുള്ളൂ. എഴുന്നള്ളിപ്പ് മണക്കാട് ശാസ്താക്ഷേത്രത്തിലെത്തുമ്പോള്‍ കുത്തിയോട്ടക്കാരെ ക്ഷേത്രത്തിലേക്ക് തിരിച്ചയയ്ക്കും. തിരികെയെത്തി ചൂരല്‍ ഊരുന്നതോടെ കുത്തിയോട്ടം അവസാനിക്കും.

ഇന്നുമുതല്‍ പൊങ്കാല ദിവസംവരെ ദിവസവും പുലര്‍ച്ചെ ദേവിയെ പള്ളി ഉണര്‍ത്തിയശേഷം കുത്തിയോട്ട ബാലന്മാരുടെ നമസ്കാരം ആരംഭിക്കും. രാവിലെ മുതല്‍ ക്ഷേത്രത്തിലേക്ക് ഭക്തരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഉച്ചയോടെ എത്തുന്നവര്‍ അന്നാദനത്തില്‍കൂടെ പങ്കെടുത്തിട്ടാകും മടങ്ങുന്നത്.അംബ ഓഡിറ്റോറിയത്തില്‍ ഭക്തരുടെ സംഭാവനയായും കാര്‍ത്തിക ഓഡിറ്റോറിയത്തില്‍ ക്ഷേത്രം വകയായുമാണ് അന്നദാനം നടത്തുന്നത്. വൈകുന്നേരമാകുന്നതോടെ ക്ഷേത്രവളപ്പിലേക്ക് ഭക്തരുടെ ഒഴുക്ക് കൂടും. ഇതേസമയം മിനി സ്റ്റേജിലും മെയിന്‍ സ്റേജിലും കലാപരിപാടികള്‍ ആരംഭിക്കും.കലാപരിപാടികളും ക്ഷേത്രത്തിലെ ദീപാരാധനകളും വിവിധ കര്‍മങ്ങളും നടക്കുന്നതിനിടെ നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിളക്കുകെട്ടുകള്‍ എത്തിച്ചേരുന്നുണ്ടാകും. ക്ഷേത്രാങ്കണത്തിലെത്തുന്നതോടെ മറ്റു പരിപാടികള്‍ക്കു തടസമുണ്ടാകാതിരിക്കാനായി നിശബ്ദമായിട്ടാണ് വിളക്കുകെട്ടുകള്‍ പ്രവേശിച്ച് കാത്തിരിക്കും.വാഴത്തടവിളക്കുകള്‍, പൂവ് കൊണ്ടു നിര്‍മിച്ച വിളക്കുകെട്ടുകള്‍ എന്നിവയെല്ലാം ഉണ്ടാകും. അര്‍ധരാത്രിയോടെ വാഴത്തടയില്‍ നിര്‍മിച്ച വിളക്കുകെട്ടില്‍ തീപന്തങ്ങള്‍ കൊളുത്തും. ഇതോടെ ചെണ്ടവാദ്യത്തിനൊത്ത് വിളക്കുകെട്ടുകള്‍ തുള്ളിത്തുടങ്ങും. പൂവില്‍ നിര്‍മിച്ച വിളക്കുകെട്ടുകളും തുള്ളലില്‍ പങ്കുചേരും.ഇതവസാനിക്കുമ്പോള്‍ പുലര്‍ച്ചെ ഒന്നിന് നട അടയ്ക്കും.വീണ്ടും പുലര്‍ച്ചെ നാലരയ്ക്ക് നട തുറന്ന് പള്ളിയുണര്‍ത്തുന്നതോടെ അടുത്തദിവസത്തെ ചടങ്ങുകള്‍ ആരംഭിക്കുകയായി.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം