കേരളത്തില്‍ പണം കൈമാറ്റത്തിന് ഇനി എയര്‍ടെല്‍ മണി

March 2, 2012 കേരളം

കൊച്ചി: ഭാരതി എയര്‍ടെല്ലിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ എയര്‍ടെല്‍ എം കൊമേഴ്‌സ് സര്‍വീസസ് ലിമിറ്റഡ് (എ.എം.എസ്.എല്‍) രാജ്യത്തെ ആദ്യത്തെ മൊബൈല്‍ വാലെറ്റ് സേവനമായ എയര്‍ടെല്‍ മണിക്ക് തുടക്കം കുറിച്ചു. ഒരു മൊബൈല്‍ ഫോണ്‍ സേവന ദാതാവ് ഇത്തരത്തിലൊരു സേവനത്തിന് ഇന്ത്യയില്‍ തുടക്കമിടുന്നത് ഇതാദ്യമായാണ്. തുടക്കത്തില്‍ മുന്നൂറിലേറെ നഗരങ്ങളില്‍ ഈ സേവനം ലഭ്യമാകും. വേഗം, ലാളിത്യം, സുരക്ഷിതത്വം എന്നിവ മുഖമുദ്രയായ ഈ സേവനം പ്രയോജനപ്പെടുത്തി ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ മൊബൈല്‍ ഉപകരണങ്ങളില്‍ പണം ലോഡ് ചെയ്യാനാകും. ബില്ലുകള്‍ അടയ്ക്കുന്നതിനും മൊബൈല്‍ റീച്ചാര്‍ജുകള്‍ക്കും ഏഴായിരത്തിലേറെ വ്യാപാര സ്ഥാപനങ്ങളിലും ഓണ്‍ലൈനിലും ഇടപാടുകള്‍ നടത്തുന്നതിനും ഇത്തരത്തില്‍ ലോഡ് ചെയ്യുന്ന പണം ഉപയോഗിക്കാനാകും.

കേരളത്തില്‍ 67ലേറെ വ്യാപാരസ്ഥാപനങ്ങളുമായാണ് എയര്‍ടെല്‍ തുടക്കത്തില്‍ ധാരണയിലെത്തിയിരിക്കുന്നത്. യൂണിവേഴ്‌സെല്‍, അബാദ് ഗ്രൂപ്പ് ഓഫ് ഹോട്ടല്‍സ്, ക്വയിലോണ്‍ റേഡിയോ സര്‍വീസ്, നില്ലി വൈറ്റ്‌സ് റെയ്മണ്ട്‌സ് എന്നീ സ്ഥാപനങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. മാത്രമല്ല എയര്‍ടെല്‍ മണി ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്ക് ഡിസ്‌കൗണ്ടുകളും ആകര്‍ഷകമായ മറ്റ് സൗജന്യങ്ങളും നേടാനും അതുവഴി പണം ലാഭിക്കാനും അവസരമുണ്ട്.

പണത്തിനും കാര്‍ഡിനും പകരമെന്നതിനൊപ്പം ഈ മൊബൈല്‍ അധിഷ്ഠിത സേവനം ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് പ്രീ പെയ്ഡ് വാലറ്റുകളിലേക്കും ബാങ്ക് അക്കൗണ്ടുകളിലേക്കും ഇന്‍സ്റ്റന്റ് മണി ട്രാന്‍സ്ഫറും നടത്താന്‍ കഴിയും. ഇതോടെ കേരളത്തിലെ ഉപഭോക്താക്കള്‍ക്ക് എയര്‍ടെല്‍ മണി പ്രയോജനപ്പെടുത്തി രാജ്യമൊട്ടാകെ പേമെന്റുകളും മണി ട്രാന്‍സ്ഫറും നടത്താനാണ് വഴിയൊരുങ്ങിയിരിക്കുന്നത്. അതാകട്ടെ ഏതു സമയത്തും എവിടെയും. ദല്‍ഹിയിലും ചെന്നൈയിലും 2011ല്‍ തുടക്കമിട്ട എയര്‍ടെല്‍ മണി ഈ വിജയത്തിന്റെ ചുവടു പിടിച്ചാണ് ദേശവ്യാപക സേവനം ആരംഭിച്ചിരിക്കുന്നത്.

പലചരക്കുകള്‍ വാങ്ങാനും മാളുകളില്‍ ഷോപ്പിങിനും പുറത്തു നിന്നും സുഹൃത്തുക്കള്‍ക്കൊപ്പം ഭക്ഷണം കഴിക്കാനും ഇന്ത്യയിലെ ജനങ്ങളില്‍ 90 ശതമാനവും ആശ്രയിക്കുന്നത് പണത്തെയാണെന്ന് ഭാരതി എയര്‍ടെല്ലില്‍ കേരളത്തിന്റെയും തമിഴ്‌നാടിന്റെയും ചുമതല വഹിക്കുന്ന സി.ഇ.ഒ വികാസ് സിംഗ് പറഞ്ഞു. കാലഘട്ടം മാറിയതോടെ ഈ റോള്‍ ക്രെഡിറ്റ് കാര്‍ഡുകളും ഡെബിറ്റ് കാര്‍ഡുകളും ഏറ്റെടുത്തു. മണി ട്രാന്‍സ്ഫറിനാകട്ടെ മണി ഓര്‍ഡറുകളും ചെക്കുകളും തന്നെയായിരുന്നു ആശ്രയം. ഇപ്പോള്‍ എയര്‍ടെല്‍ മണിയുടെ ദേശവ്യാപക സേവനം മൊബൈല്‍ അധിഷ്ഠിത വാലറ്റ് സേവനമെന്ന ആശയത്തിന് സാക്ഷാത്കാരം നല്‍കിയിരിക്കുകയാണ്. കേവലം ഒരു ബട്ടണ്‍ അമര്‍ത്തി ഇടപാടുകള്‍ നടത്തുന്നതാണ് ഈ വിപ്ലവകരമായ പരിഷ്‌കാരം. കേരളത്തിലെ ഉപഭോക്താക്കള്‍ക്ക് ഈ സേവനം സ്വീകരിക്കുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്ക് അവരുടെ മൊബൈല്‍ ഫോണുകളില്‍ നിന്നും  *400# ഡയല്‍ ചെയ്ത് എയര്‍ടെല്‍ മണി എക്‌സ്പ്രസ് അക്കൗണ്ടില്‍ സ്വയം രജിസ്റ്റര്‍ ചെയ്യാം. അല്ലെങ്കില്‍ 300ലേറെ നഗരങ്ങളിലായി 15000ലേറെ വരുന്ന എയര്‍ടെല്‍ മണി ഔട്ട്‌ലെറ്റുകളിലെത്തി കെവൈസി രേഖകള്‍ സമര്‍പ്പിച്ചും ഈ സേവനം ലഭ്യമാക്കാം.

എയര്‍ടെല്‍ മണിപവര്‍ അക്കൗണ്ടുകള്‍ക്കായി 1800ലേറെ ബ്രാന്‍ഡുകളുമായി മര്‍ച്ചന്റ് പാര്‍ട്ണര്‍ഷിപ്പുകളില്‍ എയര്‍ടെല്‍ ഏര്‍പ്പെട്ടിട്ടുണ്ട്. സേവനദാതാക്കളായ ബിഎസ്ഇഎസ് രാജധാനി പവര്‍ ലിമിറ്റഡ്, റിലയന്‍സ് എനര്‍ജി, ഇന്ദ്രപ്രസ്ഥ ഗ്യാസ്, ടാറ്റ പവര്‍ കമ്പനി, മഹാരാഷ്ട്ര സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ്, ടെലികോം കമ്പനികളായ ബിഎസ്എന്‍എല്‍, എംടിഎന്‍എല്‍, ഇന്‍ഷുറന്‍സ് കമ്പനികളായ എല്‍ഐസി, അവീവ, ഐസിഐസിഐ, എസ്ബിഐ, സിനിമാ തീയേറ്ററുകളായ പിവിആര്‍, ഡിടി സിനിമാസ്, ഫണ്‍ സിനിമാസ്, ഫെയിം, ഐനോക്‌സ്, സംഘടിത റീട്ടെയ്‌ലര്‍മാരായ മെഗാമാര്‍ട്ട്, യൂണിവേര്‍സെല്‍, അപ്പോളോ ഫാര്‍മസി എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഇതിനു പുറമമെ പ്രാദേശികമായി കെമിസ്റ്റുകള്‍, ഗ്രോസറി ഷോപ്പുകള്‍ തുടങ്ങിയവയും എയര്‍ടെല്‍ മണി സ്വീകരിക്കാന്‍ ധാരണയിലെത്തിയിട്ടുണ്ട്.

ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് ഫലപ്രദമായ ബദല്‍ എന്ന നിലയിലും എയര്‍ടെല്‍ മണി പ്രയോജനപ്പെടുത്താം. ഫ്‌ളിപ്കാര്‍ട്ട്, യാത്ര, ലെറ്റ്‌സ് ബൈ, എയര്‍ടെല്‍.ഇന്‍ തുടങ്ങിയ വെബ്‌സൈറ്റുകളില്‍ ഓണ്‍ലൈന്‍ ഇടപാടുകള്‍ക്ക് എയര്‍ടെല്‍ മണി പ്രയോജനപ്പെടും. ഇതിനും പുറമെയാണ് ഡിസ്‌കൗണ്ടുകളും മറ്റ് സൗജന്യങ്ങളും.

201ലാണ് എഎംഎസ്എല്ലിന് സെമി ക്ലോസ് വാലറ്റ് സേവനം തുടങ്ങുന്നതിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്നും ലൈസന്‍സ് ലഭിച്ചത്. ഇതിനുതകുന്ന സുരക്ഷയും സമഗ്രതയും സമന്വയിക്കുന്ന സംവിധാനമാണ് എയര്‍ടെല്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്. എയര്‍ടെല്‍ മണിയെ കുറിച്ച് കൂടുതല്‍ അറിയാന്‍ എയര്‍ടെല്‍ മൊബൈല്‍ ഉപഭോക്താക്കള്‍ അവരുടെ മൊബൈല്‍ ഫോണില്‍ നിന്നും 121 വിളിച്ചാല്‍ മതി. www.airtelmoney.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ചാലും വിവരങ്ങള്‍ ലഭിക്കും. എയര്‍ടെല്‍ ഉപഭോക്താക്കളല്ലാത്തവര്‍ക്ക് 88-00-01-21-21 എന്ന നമ്പറില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം