ആയുധ പരിശോധന: ഇറ്റാലിയന്‍ സാന്നിധ്യമാകാമെന്ന് കോടതി

March 2, 2012 കേരളം

കൊല്ലം: മത്സ്യത്തൊഴിലാളികളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇറ്റാലിയന്‍ കപ്പല്‍ എന്റിക ലക്‌സിയില്‍ നിന്ന് പിടിച്ചെടുത്ത ആയുധങ്ങള്‍ പരിശോധിക്കുമ്പോള്‍ ഇറ്റാലിയന്‍ സാന്നിധ്യമാകാമെന്ന് കോടതി.  രണ്ട് ഇറ്റാലിയന്‍ പ്രതിനിധികള്‍ക്ക് പരിശോധനാവേളയില്‍ സാക്ഷികളാകാമെന്നാണ് കൊല്ലം സി.ജെ.എം കോടതി അറിയിച്ചത്. ഫോറന്‍സിക് ലാബിലെ ആയുധ പരിശോധനാവേളയില്‍ ആയുധങ്ങളുടെ പെട്ടി തുറക്കുമ്പോഴും ടെസ്റ്റ് ഫയര്‍ നടത്തുമ്പോഴുമാണ് ഇറ്റാലിയന്‍ സാനിധ്യം അനുവദിച്ചത്. എന്നാല്‍ പരിശോധനയില്‍ ഇടപെടാന്‍ ഇവര്‍ക്ക് അനുവാദമില്ല.
പരിശോധനയില്‍ പങ്കെടുപ്പിക്കണമെന്നാവശ്യപ്പെട്ട് ഇറ്റാലിയന്‍ അധികൃതര്‍ കൊല്ലം മജിസ്‌ട്രേട്ട് കോടതിയെ സമിപിച്ചതിനാലാണ് ഫോറന്‍സിക് ലാബിലെ പരിശോധന രണ്ടു ദിവസത്തേക്ക് മാറ്റിവെച്ചത്.കരസേനയിലെ ബാലിസ്റ്റിക് വിദഗ്ദ്ധരുടെ സഹായത്തോടെയാണ് തിരുവനന്തപുരം ഫോറന്‍സിക് ലാബില്‍ തോക്ക് പരിശോധന നടക്കുക.ഇറ്റാലിയന്‍ കപ്പലില്‍ പരിശോധന നടത്താന്‍ കേരള പോലീസിനൊപ്പം ഇറ്റാലിയന്‍ ഉദ്യോഗസ്ഥരെയും അനുവദിച്ചിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം