ആര്‍ഷ സംസ്‌കാരത്തിന്റെ അമൂല്യത

March 3, 2012 ഉത്തിഷ്ഠത ജാഗ്രത

ഡോ. പൂജപ്പുര കൃഷ്ണന്‍നായര്‍
ഓരോ ജനതയ്ക്കും തനതായ സംസ്‌കാരവും ചരിത്രവും പാരമ്പര്യവും ഉണ്ട്. ആര്‍ഷ സംസ്‌കാരത്തിന്റെ ഈറ്റില്ലമാണ് ഭാരതം. സത്യദര്‍ശികളായ ഋഷീശ്വരന്മാരുടെ ധാര്‍മ്മികബോധത്തില്‍നിന്നും രൂപം പ്രാപിച്ചതുകൊണ്ടാണ് ഭാരതസംസ്‌കാരത്തിന് ആര്‍ഷസംസ്‌കാരം എന്ന പേര്‍ സിദ്ധിച്ചത്. നമ്മുടെ സംസ്‌കാരത്തിന്റെ സ്രഷ്ടാക്കളും, വക്താക്കളും, പ്രചാരകരും ഈ ഋഷീശ്വരന്മാര്‍ തന്നെ ആയിരുന്നു. കഠിനമായ തപസ്സിലൂടെ പരമ്പരാഗതമായി നേടിയെടുത്തു ലോകജനതക്കാകമാനം വെളിച്ചത്തെ പ്രദാനം ചെയ്തത് അപരിഷ്‌കൃതരെന്ന് ഇന്നത്തെ പരിഷ്‌കൃതതലുമുറകള്‍ മുദ്ര കുത്തിയ ഈ ഗുരപരമ്പരകളായിരുന്നു. പ്രപഞ്ചോല്‍പ്പത്തി മുതല്‍ തുടങ്ങുന്ന ചരിത്രസത്യങ്ങളെ ഇത്രകണ്ട് വസ്തുനിഷ്ടവും യുക്തിസമവുമായി പ്രവചിക്കുവാനും പ്രചരിപ്പിക്കുവാനും മറ്റു മതങ്ങളുടെ വക്താക്കള്‍ക്കോ ശാസ്ത്രത്തിനോ കഴിഞ്ഞിട്ടില്ല. പ്രപഞ്ചത്തിലെ പുല്‍ച്ചെടികള്‍ മുതല്‍ ഭീമാകാരങ്ങളായ വൃക്ഷങ്ങള്‍വരെ കീടങ്ങള്‍ മുതല്‍ ജന്തുക്കള്‍വരെയുള്ള സര്‍വ്വ ചരാചരങ്ങള്‍ക്കും സമത്വത്തിന്റെ പീയൂഷകുഭം ചൊരിഞ്ഞത് ആര്‍ഷസംസ്‌കാരമാണ്. ഇതിനു പ്രചോദനമേകിയത് ഇരുണ്ട ഗുഹാതലങ്ങളിലും, ഘോരമായ വനപ്രദേശത്തും മരത്തിന്റെ തോലുമണിഞ്ഞിരുന്ന് ഇലകളും കായ്കനികളും ഭക്ഷിച്ച് തപസ്സനുഷ്ഠിച്ചിരുന്ന സത്യാന്വേഷികളായ ഗുരപരമ്പരകളായിരുന്നു. ഇത്തരത്തിലൊരു സമത്വത്തെ പ്രദാനം ചെയ്യുവാന്‍ ഇവിടുത്തെ ഒരു ഭൗതീക ശാസ്ത്രത്തിനും കഴിഞ്ഞിട്ടില്ല. വെറും ബാഹ്യമായ ചിന്താഗതിയിലൂടെ ആര്‍ഷസംസ്‌കാരത്തെ വിശകലനം ചെയ്യുവാന്‍ സാദ്ധ്യമല്ല. അതിലേക്ക് കൂടുതല്‍ ആഴത്തില്‍ ഇറങ്ങിച്ചെന്ന് യുക്തിപൂര്‍വ്വം അപഗ്രഥിച്ചു എങ്കില്‍ മാത്രമേ അതിന്റെ ഉല്‍കൃഷ്ടതയെപ്പറ്റി നാം ബോധവാനാകൂ! ഇങ്ങനെ ബാഹ്യവീക്ഷണത്തിലൂടെ മാത്രം പ്രസ്താവിക്കുവാന്‍ കഴിയാഞ്ഞതും എന്നാല്‍ വിജ്ഞാനത്തിന്റെ സന്ദേശം ലോകമാകമാനം വ്യാപിപ്പിച്ചതും ആര്‍ഷഭാരതസംസ്‌കാരമാണ്. ഈ ഗുരുപരമ്പര യാഗാദി കര്‍മ്മങ്ങള്‍ക്കുപയോഗിച്ചിരുന്ന ഹവ്യം ഈ പ്രപഞ്ചത്തിലെ പ്രാണികള്‍ക്കുപോലും ഒന്നുപോലെ പ്രയോജനകരമാകത്തക്കവിധത്തിലാകുവാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഇത്രമാത്രം ഉല്‍കൃഷ്ടമായ ഒരു സംസ്‌കാരത്തിന്റെ ചരിത്രവും പാരമ്പര്യവും ഭാരത സംസ്‌കാരത്തിന്റെ ദര്‍ശനത്തിലല്ലാതെ മറ്റെങ്ങും നമുക്കു കാണുവാന്‍ കഴിയുന്നില്ല. എന്ന വസ്തുത പ്രത്യേകം ശ്രദ്ധേയമാണ്.

പ്രപഞ്ചത്തിന്റെ നിലനില്പുതന്നെ ജീവനെ ആശ്രയിച്ചാണ്. ജീവനുണ്ടെങ്കിലേ പ്രപഞ്ചമുള്ളൂ. ഈ തത്ത്വം നമ്മിലേക്കു പകര്‍ന്നുതന്നത് ലോകക്ഷേമകാംക്ഷികളായ സന്യാസപരമ്പരകളാണ്. ഇത് ഒരു യുക്തിവാദിക്കോ ഭൗതികശാസ്ത്രത്തിനോ, മറ്റ് ഏതൊരു മതത്തിന്റേയോ രാഷ്ട്രീയത്തിന്റെയോ വക്താക്കള്‍ക്ക് കഴിഞ്ഞിട്ടില്ല. ഇതില്‍നിന്നും ഹൈന്ദവ സംസ്‌കാരത്തിന്റെ അമൂല്യതയെ ഏതൊരു സൂക്ഷ്മ ദൃഷ്ടികള്‍ക്കുപോലും വിലയിരുത്തുവാന്‍ കഴിയും. ആര്‍ഷസംസ്‌കരത്തിന് ഒരിക്കലും വറ്റാത്ത പ്രചോദനങ്ങളായി വര്‍ത്തിക്കുന്ന പുരാണേതിഹാസങ്ങളാണ് ഇന്ത്യയുടെ ധാര്‍മ്മികബോധവും ജനകീയ സംസ്‌ക്കാരവും കരുപ്പിടിപ്പിച്ചതും വളര്‍ത്തിയെടുത്തതും. കരിക്കട്ടയില്‍ നിന്നു രത്‌നം കണക്കെ ലോകജനതയെ അധാര്‍മ്മികതയില്‍ നിന്നും ധാര്‍മ്മികതയുടെ പാതയിലേക്കു നയിക്കുവാന്‍ ഇവര്‍ക്കു കഴിഞ്ഞു. ക്രിസ്തുവിന് വളരെ മുമ്പുതന്നെ ഹൈന്ദവ സംസ്‌കാരത്തിന് ആഗോള വ്യാപകമായ ഒരു സംസ്‌കാരമായി ഉയരുവാന്‍ കഴിഞ്ഞത് മുകളില്‍ പ്രസ്താവിച്ച മേന്മകള്‍ മൂലമാണ്. സോഷ്യലിസ്റ്റ് രാജ്യമായ റഷ്യ, ഇന്തോനേഷ്യ, തായ്‌ലന്റ് എന്നീ രാജ്യങ്ങളില്‍ ഹിന്ദുമതം പ്രചരിച്ചും പില്‍ക്കാലത്ത് ഈ രാജ്യങ്ങളെ സംസ്‌ക്കാരത്തിന്റെ അത്യുന്നതതലങ്ങളിലെത്തിക്കുവാന്‍ ഹിന്ദുമതത്തിനു കഴിഞ്ഞു.
ഈ അടുത്തകാലത്ത് ചൈനയിലെ തുറമുഖനഗരമായ ഗ്വാംങ്‌സുമില്‍ 1934-ല്‍ ആരംഭിച്ച് 1987 ഫെബ്രുവരി വരെ നടത്തിയ ഖനനങ്ങളില്‍ നിന്നു ലഭിച്ച ഹൈന്ദവ ദേവീദേവന്മാരുടെ വിഗ്രഹങ്ങളും മറ്റ് അവശിഷ്ടങ്ങളും ചൈനീസ് സംസ്‌കാരത്തില്‍ ഹന്ദുമതം ചെലുത്തിയ സ്വാധീനത്തെ വ്യക്തമാക്കുന്നു.

ലോകത്തിനു ശാസ്ത്രം ഗുരത്വത്തെ സംഭാവനചെയ്യുന്നതിനു വളരെ മുമ്പുതന്നെ ഭാരതസംസ്‌കാരം ഗുരത്വത്തിന്റെ മഹത്വത്തെ ലോകജനതയ്ക്ക് കാഴ്ചവെച്ചു. അനന്തമായ സ്‌നേഹത്തിലൂടെയും തീഷ്ണമായ ഭക്തിയിലൂടെയും അര്‍പ്പണ മനോഭാവത്തോടുകൂടിയും ജന നന്മയ്ക്ക് വിനീത ഹൃദയന്മാരായി ചെയ്യു്ന്ന ശ്രേഷ്ഠങ്ങളായ കര്‍മ്മങ്ങലുടെ ആകെത്തുകയാണ് ഗുരുത്വം എന്ന് ലോകാസമസ്താ സുഖിനോ ഭവന്തു: എന്ന ആത്യന്തികതത്വത്തിന്റെ പ്രചാരകനാരായിരുന്ന ഋഷീശ്വരന്മാര്‍ നമ്മെ പഠിപ്പിച്ചു. ഈ ഗുരുത്വസങ്കല്പമാണ് പില്‍ക്കാലത്തു ശാസ്ത്രത്തിനു വെളിച്ചം വീശിയത്. ഗുരുത്വസങ്കല്പത്തിന്റെ സന്ദേശം ലോകം ആകമാനം പ്രചരിപ്പിച്ചത് ആര്‍ഷഭാരതസംസ്‌കാരമാണ്. ഇങ്ങനെ നമ്മുടെ ഋഷീശ്വരന്മാര്‍ ഈശ്വരസാക്ഷാത്ക്കാരത്തിന്റെ അക്ഷയദീപവുമേന്തി ലോകമാകമാനം നിറഞ്ഞുനില്ക്കുന്നതായി ദര്‍ശിക്കുവാന്‍ കഴിയും. സത്യത്തിന്റേയും ധര്‍മ്മനിഷ്ഠയുടേയും ഈശ്വരസാക്ഷാത്ക്കാരത്തിന്റേയും ഭാസുരമായ പാതയിലേക്ക് ഇവര്‍ നമ്മെ നയിച്ചിരുന്നു. ഒരു ബ്രഹ്മജ്ഞാനി ബ്രഹ്മംതന്നെ ആകുന്നു എന്ന തത്വത്തെ നമ്മുടെ ചിന്താമണ്ഡലങ്ങളിലേക്ക് എത്തിച്ച് ഭക്തിയുടെ കര്‍മ്മശേഷിയുടെ പൂമെത്തകള്‍ വിരിച്ച പാതയിലേക്ക് നമ്മെ നയിച്ച മഹാഗുരുപരമ്പരകളുടെ നാം ഇന്നു കാണുന്ന കണ്ണിയാണ് ബ്രഹ്മശ്രീ സ്വാമി സത്യാനന്ദസരസ്വതി. ജാതിക്കും മതത്തിനു ം രാഷ്ട്രീയ ചിന്താഗതിക്കും അപ്പുറത്തായി വര്‍ത്തിക്കുന്ന മനുഷ്യസമത്വത്തിന്റേയും സാഹോദര്യത്തിന്റേയും ലോകത്തേക്ക് നമ്മെ നയിച്ച് അനുഗ്രഹാശിസുകള്‍ നല്‍കി അനുഗ്രഹിച്ച് ദിവ്യസമാധിപൂണ്ട ശ്രീ നീലകണ്ഠഗുരുപാദ മഹാരാജിന്റെ ശിഷ്യനാണദ്ദേഹം. ഇങ്ങനെ ജാതിവര്‍ണ്ണ വര്‍ഗ്ഗവിവേചനത്തിന്റെ വേലിക്കെട്ടുകള്‍ക്കും അപ്പുറത്തു കുടികൊള്ളുന്ന പരസ്പരസാഹോദര്യത്തിന്റേയും സൗഹാര്‍ദ്ദത്തിന്റേയും പ്രതീകമാണ് ആര്‍ഷഭാരതസംസ്‌കാരം. ചുരുക്കത്തില്‍ ലോകസംസ്‌കാരവും ഭാരതസംസ്‌കാരവും പാലും വെള്ളവുംപോല ലയിച്ചുചേര്‍ന്നിരിക്കുന്നു. ഇന്നു ലോകം കണ്ടുകൊണ്ടിരിക്കുന്ന എല്ലാ വിധ ശാസ്ത്ര സാങ്കേതിക സാംസ്‌ക്കാരിക പുരോഗതിയുടെ ഈറ്റില്ലമാണ് ഭാരതമെന്നും അതിന്റെ വക്താക്കള്‍ നമ്മുടെ ഋഷീശ്വരന്മാര്‍ ആണെന്നും നിസ്സംശയം തെളിയിക്കാം.

കൂടുതല്‍ വാര്‍ത്തകള്‍ - ഉത്തിഷ്ഠത ജാഗ്രത