മലബാര്‍ ദേവസ്വത്തിന്റെ കീഴില്‍ ക്ഷേത്രകലാഇന്‍സ്റ്റിട്യൂട്ട് അടുത്തവര്‍ഷം

March 3, 2012 കേരളം,ക്ഷേത്രവിശേഷങ്ങള്‍

വൈക്കം: മലബാര്‍ ദേവസ്വത്തിന്റെ കീഴില്‍ ക്ഷേത്രകലാഇന്‍സ്റ്റിട്യൂട്ട് അടുത്തവര്‍ഷം ആരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്ന് ദേവസ്വംവകുപ്പ് മന്ത്രി വി.എസ്.ശിവകുമാര്‍ പറഞ്ഞു. വൈക്കത്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സംഘടിപ്പിച്ച ക്ഷേത്രകലോത്സവത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രകലാപീഠം വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ക്ക് അംഗീകാരം നല്‍കുന്നകാര്യം സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കും, വൈക്കത്ത് ക്ഷേത്രകലാപീഠത്തിന് പുതിയ കെട്ടിടത്തിന്റെ പണി ഉടനെ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
വൈക്കം മഹാദേവക്ഷേത്രവുമായി ബന്ധപ്പെടുത്തി തീര്‍ത്ഥാടന വിനോദസഞ്ചാരം(പില്‍ഗ്രിം ടൂറിസം) പദ്ധതി ആലോചനയിലുണ്ട്. ചടങ്ങില്‍ കെ.അജിത്ത് എം.എല്‍.എ അധ്യക്ഷനായിരുന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്, പ്രഗത്ഭരായ ക്ഷേത്രകലാകാരന്മാര്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ള ക്ഷേത്രകലാ പ്രവീണ പുരസ്‌കാരങ്ങള്‍ നാദസ്വരവിദ്വാന്‍ വൈക്കം രാധാകൃഷ്ണപ്പണിക്കര്‍, തകില്‍ വിദഗ്ധന്‍ ചെങ്ങന്നൂര്‍ പ്രഭാകരപ്പണിക്കര്‍, ചെണ്ടവിദ്വാന്‍ സദനം ദിവാകരമാരാര്‍, ക്ഷേത്രാനുഷ്ഠാന കലാവിദഗ്ധന്‍ കലാനിലയം പുലിപ്ര കൃഷ്ണന്‍കുട്ടി എന്നിവര്‍ക്ക് മന്ത്രി സമ്മാനിച്ചു. നടന്‍ ബാബുനമ്പൂതിരി മുഖ്യപ്രഭാഷണം നടത്തി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.എം.രാജഗോപാലന്‍നായര്‍, വൈക്കം നഗരസഭാധ്യക്ഷ ശ്രീലതാ ബാലചന്ദ്രന്‍, കൗണ്‍സിലര്‍ ലേഖശ്രീകുമാര്‍, ക്ഷേത്രകലാപീഠം ഡയറക്ടര്‍ പ്രൊഫ. വൈക്കം വേണുഗോപാല്‍, കള്‍ച്ചറല്‍ ഡയറക്ടര്‍ കെ. ചന്ദ്രിക, കലാപീഠം മാനേജര്‍മാരായ വി.കൃഷ്ണകുമാര്‍, ശശി, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ മുരളി കോട്ടയ്ക്കകം തുടങ്ങിയവര്‍ സംസാരിച്ചു

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം