പമ്പ-അച്ചന്‍കോവില്‍-വൈപ്പാര്‍ നദീസംയോജനം നടപ്പാക്കുമെന്നു തമിഴ്നാടിന്റെ ജലനയം

March 5, 2012 കേരളം

തിരുവനന്തപുരം: നദീസംയോജനം നടപ്പാക്കണമെന്നുള്ള നിര്‍ദേശം സുപ്രീംകോടതി പുറപ്പെടുവിക്കുന്നതിനു മുമ്പുതന്നെ പമ്പ-അച്ചന്‍കോവില്‍-വൈപ്പാര്‍ ഉള്‍പ്പെടെയുള്ള നദീസംയോജനപദ്ധതികള്‍ നടപ്പാക്കുമെന്നു തമിഴ്നാട് സര്‍ക്കാരിന്റെ ജലനയം. തമിഴ്നാടിന്റെ 2011-12 വര്‍ഷത്തെ നയത്തില്‍ മഹാനദി-ഗോദാവരി-കൃഷ്ണ-പെണ്ണാര്‍-പാലാര്‍-കാവേരി-വൈഗാ-ഗുണ്ടാര്‍ ലിങ്ക് നദീസംയോജനപദ്ധതിക്കൊപ്പമാണു പമ്പയും അച്ചന്‍കോവിലും വൈപ്പാറുമായി കൂട്ടിയോജിപ്പിക്കുന്നകാര്യവും വിവരിക്കുന്നത്. കേന്ദ്ര ജലവിഭവ മാനേജ്മെന്റ്- വികസന ഏജന്‍സി നടത്തിയ പഠനത്തിലും ഡല്‍ഹി ഐഐടിയിലെ വിദഗ്ധനായ ഡോ.ഗോസെയ്ന്റെ നേതൃത്വത്തില്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുത്തു നടത്തിയ പഠനത്തിലും പമ്പ, അച്ചന്‍കോവില്‍ നദികളില്‍ അധിക ജലമില്ലെന്നു വ്യക്തമാക്കിയിട്ടും കേരളത്തിന്റെ മാത്രം സ്വന്തമായ രണ്ടു നദികളിലും സംസ്ഥാനത്തിന് ആവശ്യമായതിലും 20 ശതമാനം അധികം വെള്ളമുണ്ടെന്നു തമിഴ്നാട് ജലനയത്തില്‍ ആവര്‍ത്തിക്കുന്നു.

വൈപ്പാര്‍ സംയോജനപദ്ധതിയിലൂടെ തമിഴ്നാട്ടിലേക്ക് 22 ടിഎംസി വെള്ളം തിരിച്ചുവിടണമെന്നാണു തമിഴ്നാട് നിര്‍ദേശം. പമ്പ-അച്ചന്‍കോവില്‍-വൈപ്പാര്‍ സംയോജനത്തിലൂടെ ശങ്കരന്‍കോവില്‍, ശിവഗിരി, കോവില്‍പ്പെട്ടി, ശ്രീവിലിപ്പുത്തൂര്‍, രാജപാളയം, സാത്തൂര്‍, തെങ്കാശി എന്നീ വരള്‍ച്ചയനുഭവിക്കുന്ന താലൂക്കുകളിലെ 91,400 ഹെക്ടര്‍ കൃഷിഭൂമിയില്‍ ജലസേചനം നടത്താനാകുമെന്നും തമിഴ്നാട് പറയുന്നു. നദീസംയോജനപദ്ധതിയുടെ അനുബന്ധമായി നടപ്പാക്കുന്ന ജലവൈദ്യുത പദ്ധതിയില്‍ നിന്നു കേരളത്തിലെ ഉപഭോഗം കൂടുമ്പോള്‍ 500 മെഗാവാട്ട് വൈദ്യുതി നല്‍കാമെന്ന വാഗ്ദാനവും തമിഴ്നാട് മുന്നോട്ടുവയ്ക്കുന്നുണ്ട്. ദേശീയ ജലവികസന ഏജന്‍സിയുടെ നിര്‍ദേശത്തിനു തങ്ങള്‍ നേരത്തേതന്നെ അംഗീകാരം നല്‍കിയിരുന്നുവെങ്കിലും അധികമുള്ള ജലം പങ്കുവയ്ക്കാന്‍ കേരളം തയാറായില്ലെന്നു കുറ്റപ്പെടുത്തലും അവരുടെ ജലനയത്തിലുണ്ട്. നദീസംയോജനപദ്ധതി നടപ്പാക്കുന്നതിനു 2006 മുതല്‍ തമിഴ്നാട് നടത്തിയ ശ്രമങ്ങളും നയത്തില്‍ വിശദീകരിക്കുന്നു.

രണ്ടു സംസ്ഥാനങ്ങള്‍ക്കും ഗുണകരമായ വൈപ്പാര്‍ നദീസംയോജന പദ്ധതി നടപ്പാക്കുന്നതിനു കേരളത്തിന്റെ അനുമതി ലഭ്യമാക്കാന്‍ പ്രധാനമന്ത്രി ഇടപെടണമെന്നു 2006 സെപ്റ്റംബര്‍ അഞ്ചിനുതന്നെ തമിഴ്നാട് സര്‍ക്കാര്‍ ഔദ്യോഗികമായി ആവശ്യപ്പെട്ടിരുന്നു. 2007 സെപ്റ്റംബര്‍ 25 നു പമ്പ-അച്ചന്‍കോവില്‍-വൈപ്പാര്‍ പദ്ധതിയെ നദീസംയോജന പ്രോജക്ടിന്റെ മുന്‍ഗണനാപട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നു കേന്ദ്ര ജലവിഭവ മന്ത്രാലയത്തോടാവശ്യപ്പെട്ടു. ദേശീയ ജലവികസന ഏജന്‍സി കേരള സര്‍ക്കാരുമായി സഹകരിച്ചു വിദഗ്ധരുടെ സംഘത്തെ ഉപയോഗിച്ചു സംയുക്ത പഠനം നടത്തണമെന്ന ആവശ്യവും തമിഴ്നാട് മുന്നോട്ടുവച്ചു. ഇക്കാര്യം കേരളം നേരത്തേ ഉന്നയിച്ചിരുന്നതാണെന്നും തമിഴ്നാട് അവകാശപ്പെടുന്നു. നദീസംയോജന പദ്ധതിയുമായി ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാരുകളുമായി സമവായത്തിന്റെ സാധ്യതകള്‍ തേടണമെന്ന നിര്‍ദേശവും അവര്‍ മുന്നോട്ടുവയ്ക്കുന്നു.

ദേശീയ ജലവികസന ഏജന്‍സിയുടെ 24-ാം വാര്‍ഷികയോഗം 2008 ജൂലൈ ഒമ്പതിനു ഡല്‍ഹിയില്‍ നടന്നപ്പോള്‍ തമിഴ്നാട് ഉന്നയിച്ച പ്രധാന ആവശ്യം വൈപ്പാര്‍ പദ്ധതി പ്രാവര്‍ത്തികമാക്കുന്നതിനു കേരളത്തിന്റെ അനുമതി നേടിയെടുക്കാന്‍ കേന്ദ്രം ശക്തമായ സമ്മര്‍ദം ചെലുത്തണം എന്നതായിരുന്നു. 2008 ഡിസംബറിലും 2009 നവംബറിലും ഈ ആവശ്യംതന്നെ അവര്‍ ഉന്നയിച്ചു. വൈപ്പാര്‍ പദ്ധതി നടപ്പാക്കുന്നതിന് ഉന്നതതല ടാസ്ക്ഫോഴ്സ് രൂപവത്കരിക്കണമെന്ന നിര്‍ദേശമാണ് ഏറ്റവുമൊടുവില്‍ തമിഴ്നാട് മുന്നോട്ടുവച്ചത്. നദീസംയോജനപദ്ധതി നടപ്പാക്കുന്നതിനു കേന്ദ്ര സര്‍ക്കാരിനുമേല്‍ എല്ലാവിധത്തിലുള്ള സമ്മര്‍ദവും തുടരുമെന്നു വ്യക്തമാക്കുന്ന തമിഴ്നാട് ജലനയം ഇക്കാര്യത്തില്‍ നിയമനിര്‍മാണത്തിനു തയാറാകണമെന്നും ആവശ്യപ്പെടുന്നുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം