രാഷ്‌ട്രപതി ലാവോസിലേക്ക്‌

September 9, 2010 ദേശീയം,മറ്റുവാര്‍ത്തകള്‍,രാഷ്ട്രാന്തരീയം

ന്യൂഡല്‍ഹി: ലാവോസ്‌, കംബോഡിയ എന്നീ രാജ്യങ്ങളിലെ പത്തു ദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്‌ട്രപതി പ്രതിഭാ പാട്ടീല്‍ ഇന്നു യാത്രതിരിക്കും. പ്രസിഡന്റ്‌ ചൗമലി സയോസോണിന്റെ ക്ഷണ പ്രകാരമാണ്‌ പ്രതിഭാ പാട്ടീല്‍ ലാവോസ്‌ സന്ദര്‍ശിക്കുന്നത്‌.
ലാവോസ്‌ സന്ദര്‍ശിക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ രാഷ്‌ട്രപതിയാണു പ്രതിഭാ പാട്ടീല്‍. സന്ദര്‍ശനത്തിനിടെ പരസ്‌പര സഹകരണത്തിനുള്ള നിരവധി കരാറുകളില്‍ ഒപ്പുവക്കും. ലാവോസ്‌ സന്ദര്‍ശനം പൂര്‍ത്തിയാക്കി 13-ാം തീയതി കംബോഡിയയിലെത്തുന്ന രാഷ്‌ട്രപതി കംബോഡിയ രാജാവ്‌ നൊരോദം സിഹാമോണിയുമായി കൂടിക്കാഴ്‌ച നടത്തും.ആസിയാന്‍ മേഖലയില്‍ വാണിജ്യ സഹകരണത്തിലൂടെ സ്വാധീനം വര്‍ധിപ്പിക്കാന്‍ ചൈന നടത്തുന്ന ശ്രമങ്ങള്‍ക്കുള്ള ഇന്ത്യയുടെ മറുപടി കൂടിയാണുരാഷ്‌ട്രപതിയുടെ സന്ദര്‍ശനം. ചൈനയ്‌ക്ക്‌ വ്യക്‌തമായ സ്വാധീനമുള്ള ആസിയാന്‍ മേഖലയിലേക്ക്‌ രാഷ്‌ട്രപതി നടത്തുന്ന സന്ദര്‍ശനത്തെ ഏറെ പ്രാധാന്യത്തോടെയാണ്‌ നയതന്ത്ര വിദഗധര്‍ വീക്ഷിക്കുന്നത്‌.
വാണിജ്യരംഗത്തെ പ്രമുഖരുടെ സംഘവും രാഷ്‌ട്രപതിയെ അനുഗമിക്കുന്നുണ്ട്‌. ഐക്യരാഷ്‌ട്രസഭയില്‍ സ്‌ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ അവകാശവാദത്തെ പിന്തുണക്കുന്ന രാജ്യങ്ങളാണ്‌ ലാവോസും കംബോഡിയയും.10 ദിവസത്തെ സന്ദര്‍ശനം പൂര്‍ത്തിയാക്കി 18-ാം തീയതിയാണ്‌ രാഷ്‌ട്രപതി പ്രതിഭാ പാട്ടീല്‍ തിരിച്ചെത്തുക.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം