അടൂരില്‍ വീണ്ടും ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം

March 6, 2012 കേരളം,ക്ഷേത്രവിശേഷങ്ങള്‍

അടൂര്‍: ഞായറാഴ്ച രാത്രി വടക്കത്തുകാവ് പുതുശേരി ഭാഗത്തുള്ള രണ്ട് ക്ഷേത്രങ്ങള്‍ കുത്തിത്തുറന്ന് പണം അപഹരിച്ചു. മഹര്‍ഷിക്കാവ് മഹാദേവര്‍ ക്ഷേത്രത്തിന്റെ ഓഫീസുമുറി കുത്തിത്തുറന്ന് അകത്തുകയറിയ മോഷ്ടാക്കള്‍ ഇരുമ്പലമാരയും മേശയും കുത്തിത്തുറന്ന് അലമാരയില്‍ സൂക്ഷിച്ചിരുന്ന 15680 രൂപയും സെയ്ഫില്‍ സൂക്ഷിച്ചിരുന്ന 6000ത്തോളം രൂപയും കവര്‍ന്നിട്ടുണ്ട്.  അലമാരയില്‍ ഇരുന്ന താക്കോല്‍ എടുത്ത് ക്ഷേത്ര ശ്രീകോവില്‍ തുറന്നുവെങ്കിലും സാധനങ്ങള്‍ മോഷണം പോയിട്ടില്ല. ക്ഷേത്ര ഓഫീസ് മുറിയില്‍നിന്ന് മോഷ്ടാക്കള്‍ മുറി കുത്തിത്തുറക്കാന്‍ ഉപയോഗിച്ച പിക്കാസും ഓഫീസിനു പിന്നില്‍ നിന്ന് കമ്പിപ്പാരയും കണ്ടു കിട്ടി.
മഹര്‍ഷിക്കാവ് മഹാദേവര്‍ക്ഷേത്രത്തോട് ചേര്‍ന്നുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വക പുതുശേരിഭാഗം ദേവീക്ഷേത്രത്തിലും മോഷ്ടാക്കള്‍ ഞായറാഴ്ച രാത്രി കവര്‍ച്ച നടത്തി. ക്ഷേത്രത്തിലെ തിടപ്പള്ളിയുടെ പൂട്ട് തകര്‍ത്ത് അകത്ത് കയറിയ മോഷ്ടാക്കള്‍ ആയിരത്തോളം രൂപ കവര്‍ന്നു. രണ്ടിടത്തും വിരലടയാളവിദഗ്ദ്ധര്‍ എത്തി പരിശോധന നടത്തി. ഏനാത്ത് പോലീസ് കേസെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം