പാതയോരം കൈയേറല്‍ നിരോധനം ആറ്റുകാല്‍ പൊങ്കാലയെ ബാധിക്കില്ലെന്നു മുഖ്യമന്ത്രി

March 6, 2012 കേരളം

തിരുവനന്തപുരം: പാതയോരങ്ങളിലെ പൊതുയോഗങ്ങള്‍ നിരോധിച്ചുകൊണ്ടുള്ള ഹൈേക്കോടതി ഉത്തരവ് ആറ്റുകാല്‍ പൊങ്കാലയെ ബാധിക്കില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നിയമസഭയില്‍ പി.ടി.എ. റഹിം, എം.എ. ബേബി, കെ. മുരളീധരന്‍, പി. ശ്രീരാമകൃഷ്ണന്‍, എം. ചന്ദ്രന്‍, വി.എസ്. സുനില്‍കുമാര്‍, കെ. രാജു, വി. ശിവന്‍കുട്ടി, പാലോട് രവി, വര്‍ക്കല കഹാര്‍, സി. ദിവാകരന്‍ എന്നിവരുടെ ചോദ്യങ്ങള്‍ക്കു മറുപടിയായാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇതുസംബന്ധിച്ചു പോലീസിന് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.

കോടതിവിധിയെ സര്‍ക്കാര്‍ രണ്ടു രീതിയിലാണു വ്യഖ്യാനിക്കുന്നത്. മറ്റുള്ളവരുടെ സഞ്ചാരസ്വാതന്ത്യ്രം ഹനിക്കാനുള്ള മനഃപൂര്‍വമായ ശ്രമമല്ല പൊങ്കാല. മാത്രമല്ല ഒരു ആശയംവച്ച് സംഘം കൂടുകയുമല്ല ചെയ്യുന്നത്. കുടുംബങ്ങളായി വന്ന് ഒത്തുകൂടുകയാണ്. അതുകൊണ്ടുതന്നെ ഇതു കോടതിവിധിയുടെ പരിധിയില്‍ വരുന്നതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇന്നത്തെ നിയമത്തില്‍ അയവു വരുത്താന്‍ ശ്രമിക്കുന്നുണ്ട്. ഹൈക്കോടി ഉത്തരവിനെതിരേ സുപ്രീകോടതിയില്‍ പ്രത്യേക അനുമതി ഹര്‍ജി ഫയല്‍ ചെയ്യാന്‍ അഡ്വക്കറ്റ് ജനറലിനു നവംബര്‍ 10നു നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രതിപക്ഷവുമായി ആലോചിച്ച് ആവശ്യമെങ്കില്‍ ഇക്കാര്യത്തില്‍ നിയമനിര്‍മാണം നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഹൈക്കോടതി ഉത്തരവു ലംഘിച്ചു യോഗംചേര്‍ന്നതുമായി ബന്ധപ്പെട്ടു രാഷ്ട്രീയ പ്രവര്‍ത്തകരുടെ പേരില്‍ എടുത്തിട്ടുള്ള കേസുകളില്‍ പ്രത്യേക സമീപനം സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. സംഘടനാ സ്വാതന്ത്യ്രം സംരക്ഷിക്കും. ജാഥകള്‍, പൊതുയോഗങ്ങള്‍ എന്നിവ ജനങ്ങള്‍ക്കു ദോഷകരമാകാതിരിക്കാന്‍ ചില നിയന്ത്രണം ആവശ്യമാണ്. എന്നാല്‍ പൂര്‍ണ നിരോധനം ശരിയല്ല. നിരോധനം ഉള്ളതുകൊണ്ടു യോഗങ്ങളോ സമ്മേളനങ്ങളോ പ്രകടനമോ സമരമോ നടക്കാതിരിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.ബന്തുകളും ഹര്‍ത്താലുകളും തടയാന്‍ നിയമനിര്‍മാണം പ്രായോഗികമല്ലെന്നു മുഖ്യമന്ത്രി അറിയിച്ചു. ഇതു നടത്താന്‍ ആഹ്വാനം ചെയ്യുന്നവരാണ് ഇക്കാര്യത്തില്‍ ശ്രദ്ധിക്കേണ്ടതെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം