അരവണപ്രസാദം: സ്ഥിരം സംവിധാനത്തിനു നിര്‍ദേശം

March 7, 2012 കേരളം

കൊച്ചി:ശബരിമലയില്‍  അപ്പം, അരവണ നിര്‍മാണം, പാക്കിംഗ്, വിതരണം എന്നിവയ്ക്കു സ്ഥിരമായ പരിശോധന സംവിധാനം വേണമെന്നു ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. അരി, ശര്‍ക്കര എന്നിവയുടെ ഗുണനിലവാരം ഉറപ്പുവരുത്തേണ്ടതുണ്ട്. ഇവ വാങ്ങുന്നതിനും കൃത്യമായ സംവിധാനം വേണമെന്നും ജസ്റീസുമാരായ തോട്ടത്തില്‍ ബി. രാധാകൃഷ്ന്‍, സി.ടി. രവികുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു.

ഇത്തരം സംവിധാനത്തിനായി ദേവസ്വം, ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവരടങ്ങുന്ന കമ്മിറ്റി ആവശ്യമാണെന്നും കോടതി വ്യക്തമാക്കി. ണ്. ഇക്കാര്യങ്ങളില്‍ വീഴ്ച വന്നാല്‍ ഉദ്യോഗസ്ഥര്‍ ഉത്തരവാദികളായിരിക്കും. അരി, ശര്‍ക്കര എന്നിവയുടെ ഗുണനിലവാരം ഓംബുഡ്സ്മാനും ഭക്ഷ്യസുരക്ഷാ കമ്മീഷണറും നിര്‍ദേശിക്കുന്ന തരത്തിലായിരിക്കണം.

മാസപൂജ, മണ്ഡല, മകരവിളക്ക് സീസണ്‍ എന്നീ കാലഘട്ടങ്ങളില്‍ അപ്പം, അരവണ എന്നിവ പരിശോധിക്കാന്‍ ലാബ് സൌകര്യം വേണമെന്നും ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. ഓംബുഡ്സ്മാന്റെയും ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെയും റിപ്പോര്‍ട്ടുകള്‍ കോടതി അംഗീകരിച്ചു. അതിനിടെ, അരവണ ക്ഷാമം ഉണ്ടാകാതിരിക്കാന്‍ പുതിയ പ്ളാന്റ് ആവശ്യമാണെന്നു വ്യക്തമാക്കി മകരവിളക്കു കാലത്തെ നടത്തിപ്പു സംബന്ധിച്ച് സ്പെഷല്‍ കമ്മീഷണര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ബെയ്ലി പാലം എങ്ങനെ പ്രയോജനപ്പെടുത്താമെന്നു പരിശോധിക്കണം. ശബരിമലയ്ക്കുവേണ്ടി പുതിയ വെബ്സൈറ്റ് വേണമെന്നും കമ്മീഷണര്‍ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം