മത്സ്യബന്ധനത്തിനു പോയ രണ്ടു വള്ളങ്ങള്‍ക്കുനേരേ വെടിയുതിര്‍ത്തതായി പരാതി

March 8, 2012 കേരളം

  • വെടിവയ്പു നടന്നിട്ടില്ലെന്നു കോസ്റ്റ് ഗാര്‍ഡ്

ചവറ/കൊല്ലം: കൊല്ലം തങ്കശേരിയില്‍നിന്നു മത്സ്യബന്ധനത്തിനു പോയ രണ്ടു വള്ളങ്ങള്‍ക്കുനേരേ ആഴക്കടലില്‍ അജ്ഞാത കപ്പലില്‍ നിന്നു വെടിയുതിര്‍ത്തതായി പരാതി. സെന്റ് ആന്റണി, ജോഷ്വ എന്നീ ഫൈബര്‍ വള്ളങ്ങള്‍ക്കുനേരേയാണ് കപ്പലില്‍നിന്നു വെടിവയ്പ് ഉണ്ടായതത്രേ. ഇന്നലെ രാവിലെ 10.15നായിരുന്നു സംഭവം. ജോനകപ്പുറം സ്വദേശികളായ വള്ളം ഉടമ ആന്റണി (32), ബേബി ഹര്‍വിന്‍ (34), നസ്രത്ത് (55) എന്നിവരാണ് സെന്റ് ആന്റണി വള്ളത്തിലുണ്ടായിരുന്നത്.

ജോഷ്വ എന്ന വള്ളത്തില്‍ നാലു തൊഴിലാളികളുമുണ്ടായിരുന്നു. തീരത്തുനിന്നു 10 നോട്ടിക്കല്‍ മൈല്‍ അകലെചുവന്ന നിറത്തിലുള്ള എണ്ണക്കപ്പലില്‍നിന്നു രണ്ടുതവണ വെടിവച്ചതായാണു പരാതി. അമിതവേഗത്തില്‍ ചീറിപ്പാഞ്ഞുപോയ എ ന്തോ സാധനം കടലില്‍ പതിച്ചതായും തൊഴിലാളികള്‍ പറയു ന്നു. മത്സ്യബന്ധനം നടത്തവേ വല യുടെ മുകളിലൂടെ കപ്പല്‍ കടന്നുപോയെന്നും അതിനുശേഷം വലയെടുക്കാന്‍ ചെന്നപ്പോള്‍ വെടിവച്ചുവെന്നുമാണ് പറയുന്നത്.

ആദ്യം സെന്റ് ആന്റണി വള്ളത്തിനുനേരേയും പിന്നീട് ജോഷ്വ വള്ളത്തിനുനേരേയുമായിരുന്നു വെടിവയ്പ്. തുടര്‍ന്ന് ഇവര്‍ വള്ളങ്ങള്‍ വേഗത്തില്‍ ഓടിച്ച് രക്ഷപ്പെടുകയായിരുന്നു.

സംഭവത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്കാര്‍ക്കും പരിക്കില്ല. ബോട്ടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടില്ല. ഉച്ചയ്ക്ക് ഒന്നോടെ വള്ളങ്ങളുമായി മത്സ്യത്തൊഴിലാളികള്‍ മടങ്ങിയെത്തുകയും ചെയ്തു.തൊഴിലാളികള്‍ ആദ്യം ഇത് നിസാരമായി എടുത്തെങ്കിലും മറ്റുള്ളവര്‍ നിര്‍ദേശിച്ചതനുസരിച്ച് സെന്റ് ആന്റണി വള്ളത്തിലെ തൊഴിലാളികള്‍ വൈകുന്നേരം ആറരയോടെ നീണ്ടകര പോലീസ് സ്റേഷനില്‍ എത്തി ഇതുസംബന്ധിച്ച് പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ നേവിയെയും കോസ്റ്ഗാര്‍ഡിനെയും വിവരം അറിയിച്ചതായി കോസ്റല്‍ പോലീസ് പറഞ്ഞു.

അതേസമയം കൊല്ലത്ത് പുറങ്കടലില്‍ ഇന്നലെ വെടിവയ്പ് നടന്നിട്ടില്ലെന്നു കോസ്റ്റു ഗാര്‍ഡ് കൊച്ചിയില്‍ പറഞ്ഞു. രാവിലെ പത്തരയോടെ വെടിവയ്പ് നടന്നു എന്നാണു മത്സ്യത്തൊഴിലാളികള്‍ പറഞ്ഞത്. നീണ്ടകര പോലീസ് കോസ്റ് ഗാര്‍ഡിനെ സംഭവം അറിയിക്കുന്നതു വൈകുന്നേരം ഏഴോടെയാണ്. സംഭവത്തെപ്പറ്റി അന്വേഷിച്ചെങ്കിലും സൂചനകളൊന്നും ലഭിച്ചിട്ടില്ല. സംഭവം അറിയിക്കാന്‍ വൈകിയത് അന്വേഷണത്തെ ബാധിച്ചു. ഇതിനുശേഷം നടത്തിയ അന്വേഷണത്തില്‍ സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നു കോസ്റ് ഗാര്‍ഡ് വ്യക്തമാക്കി.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം