എരുമേലി ടൌണ്‍ഷിപ്പ് രൂപീകരണം; ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം

March 8, 2012 കേരളം

എരുമേലി: ശബരിമല തീര്‍ഥാടന പ്രദേശമെന്ന പ്രാധാന്യം മുന്‍നിര്‍ത്തി എരുമേലിയെ ടൌണ്‍ഷിപ്പാക്കി വികസിപ്പിക്കാന്‍ വികസന ഏജന്‍സി രൂപീകരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചതിനു പിന്നാലെ ഇന്ന് രൂപ രേഖ തയാറാക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേരുന്നു.

രാവിലെ 11ന് വ്യവസായ വകുപ്പ് മന്ത്രിയുടെ ഓഫീസിലാണ് യോഗം നടക്കുക. മുഖ്യമന്ത്രിക്ക് പുറമെ വ്യവസായം, തദ്ദേശ സ്വയംഭരണം, രജിസ്ട്രേഷന്‍, നിയമം, റവന്യൂ വകുപ്പുകളിലെ മന്ത്രിമാര്‍, ചീഫ് സെക്രട്ടറി, അഡീഷണല്‍ ചീഫ് സെക്രട്ടറി, വകുപ്പുതല സെക്രട്ടറിമാര്‍, ചീഫ് വിപ്പ് പി.സി. ജോര്‍ജ് എന്നിവര്‍ പങ്കെടുക്കും. എരുമേലിയില്‍ ടൌണ്‍ഷിപ്പ് രൂപീകരണം സാധ്യമാകുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം അഡീഷണല്‍ ചീഫ് സെക്രട്ടറി കെ. ജയകുമാര്‍ തയാറാക്കുന്ന റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യും. കോടിക്കണക്കിന് തീര്‍ഥാടകരെത്തുന്ന പ്രദേശത്ത് നിര്‍ബന്ധമായ്ും നടപ്പാക്കിയിരിക്കേണ്ട സൌകര്യങ്ങള്‍ സാധ്യമാക്കുന്നതിന് മുന്നോടിയായാണ് ടൌണ്‍ഷിപ്പ് സ്ഥാപിക്കാന്‍ തീരുമാനിച്ചത്. 300 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ ഘട്ടം ഘട്ടമായി നടപ്പിലാക്കാനുള്ള രൂപരേഖ തയാറാക്കി വരികയാണ്. ജില്ലാ കളക്ടര്‍ ചെയര്‍മാനും ബിഡിഒ സെക്രട്ടറിയുമായ ടൌണ്‍ഷിപ്പ് വികസന ഏജന്‍സിക്കായിരിക്കും പ്രവര്‍ത്തനങ്ങളുടെ നിര്‍വഹണവും മേല്‍നോട്ടവും. വികസന ഏജന്‍സി രൂപീകരിക്കാന്‍ കഴിഞ്ഞ മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു.

തദ്ദേശ സ്വയംഭരണ വകുപ്പ് ചീഫ് എന്‍ജിനിയര്‍, ശുചിത്വ മിഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍, ആന്റോ ആന്റണി എംപി, പി.സി. ജോര്‍ജ് എംഎല്‍എ, പഞ്ചായത്ത് പ്രസിഡന്റ്, ദേവസ്വം ബോര്‍ഡ് പ്രതിനിധി എന്നിവരാണ് കളക്ടര്‍ക്കും ബിഡിഒയ്ക്കും പുറമേ സമിതിയിലെ അംഗങ്ങള്‍.

ടൌണ്‍ഷിപ്പാക്കുന്നതിന്റെ ഭാഗമായി 23 വാര്‍ഡുകളുള്ള പഞ്ചായത്തില്‍ നിന്നും 10 വാര്‍ഡുകള്‍ ഒഴിവാക്കി മുനിസിപ്പാലിറ്റി രൂപീകരിക്കാനാണ് തീരുമാനം. ഒഴിവാക്കപ്പെടുന്ന 10 വാര്‍ഡുകള്‍ ഉള്‍പ്പെടുത്തി കിഴക്കന്‍ മേഖല കേന്ദ്രമാക്കി പുതിയ പഞ്ചായത്ത് രൂപീകരിക്കും. ദേശീയപാത നിലവാരത്തിലുള്ള റോഡുകള്‍, സ്പെഷാലിറ്റി സൌകര്യങ്ങളോടു കൂടിയ ആശുപത്രി, മാലിന്യ നിര്‍മാര്‍ജനത്തിനായി ബ്രഹത്തായ പ്ളാന്റും ശുചിത്വ പരിപാലന സംവിധാനങ്ങളും, തീര്‍ഥാടകര്‍ക്ക് സുഗമമായി പേട്ടതുള്ളല്‍ നടത്താനുള്ള സൌകര്യങ്ങള്‍, ഗതാഗതക്കുരുക്കുകളില്ലാതെ ട്രാഫിക് നടപ്പാക്കല്‍, സൌജന്യമായി തീര്‍ഥാടകര്‍ക്ക് വിശ്രമിക്കാനുള്ള സൌകര്യം, നദികളും തോടുകളും സംരക്ഷിക്കല്‍, ശാസ്ത്രീയ ശുചിത്വ സംവിധാനങ്ങളോടു കൂടിയ ശൌചാലയങ്ങള്‍, പോലീസ് സേവനത്തിന് സ്ഥിരം സംവിധാനം, ടൂറിസം വകുപ്പിന്റെ പ്രത്യേക കേന്ദ്രങ്ങള്‍, കെഎസ്ആര്‍ടിസി ഡിപ്പോ തുടങ്ങി ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് ലക്ഷ്യമിടുന്നതെന്ന് ചീഫ് വിപ്പ് പി.സി. ജോര്‍ജ് പറഞ്ഞു.

ടൌണ്‍ഷിപ്പാക്കുന്നതോടെ കേന്ദ്രഫണ്ടിലുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്കും വഴിയൊരുങ്ങുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്നു ചേരുന്ന ഉന്നതതല യോഗത്തില്‍ ടൌണ്‍ഷിപ്പ് രൂപീകരണം സംബന്ധിച്ച പ്രാഥമിക നടപടികള്‍ ആരംഭിക്കുന്നതിനുള്ള നിര്‍ദേശം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം