തിരുക്കുറള്‍ മാഹാത്മ്യം

March 9, 2012 ഗുരുവാരം

ഹേമാംബിക
അധികാരം : പുകഴ്
ഒരാളുടെ സല്‍പ്രവൃത്തികള്‍ മറ്റുള്ളവരില്‍ സ്വാധീനം ചെലുത്തുമ്പോള്‍ കീര്‍ത്തി ഉണ്ടാകുന്നു. ദാനധര്‍മ്മങ്ങള്‍, ഉദാരത എന്നിവയെല്ലാം ഒരാളുടെ കീര്‍ത്തിയെ വര്‍ദ്ധിപ്പിക്കുന്നു. വിദ്യകൊണ്ടും ധനംകൊണ്ടും സമ്പന്നരായ ധാരാളം ആളുകള്‍ നമുക്കിടയിലുണ്ട്. മറ്റുള്ളവര്‍ ആവശ്യപ്പെടുന്നതിനുമുമ്പുതന്നെ തനിക്കു സ്വായത്തമായവ അതര്‍ഹിക്കുന്നവനു നല്‍കുമ്പോള്‍ അവന്റെ സത്കീര്‍ത്തിയും മഹത്വവും ഒന്നിനൊന്നു വര്‍ദ്ധിക്കുന്നു. വിദ്യയും സമ്പത്തും ഒത്തുചേര്‍ന്നവന് സല്‍കീര്‍ത്തികൂടി ഉണ്ടാകുന്നത് മനോഹരമായ വര്‍ണ്ണപുഷ്പത്തിന് അത്യന്തം സൗരഭ്യംകൂടി സ്വായത്തമാകുന്നതുപോലെയാണ്. തിരുക്കുറളിലെ ഇരുപത്തിനാലാം അദ്ധ്യായം പുകഴ് കീര്‍ത്തിയെന്ന പ്രതിഭാസത്തെ പ്രകീര്‍ത്തിക്കുന്ന ഒന്നാണ്.
ദാനം ചെയ്യുകയും അതില്‍കൂടി നേടുന്ന സല്‍ക്കീര്‍ത്തിയോടുകൂടി ജീവിക്കുകയും ചേയ്യുക എന്നതില്‍ക്കവിഞ്ഞു ലാഭകരമായ മറ്റൊന്ന് മനുഷ്യന് ലഭിക്കുവാനില്ല. ലോകത്തില്‍ എന്തെങ്കിലുമൊന്നിനെ എടുത്തുപറഞ്ഞ് വാഴ്ത്തുന്നത് യാചിക്കുന്നവര്‍ക്ക് അവര്‍ക്കാവശ്യമുള്ളത് ദാനം ചെയ്യുന്നവരുടെ കീര്‍ത്തിയെയാകുന്നു. ലോകത്തില്‍ അനശ്വരമായി നിലനില്ക്കുന്നത് നിസ്തുലമായ കീര്‍ത്തിയല്ലാതെ മറ്റൊന്നുമല്ല. മറ്റെല്ലാം കാലത്തിന്റെ വിസ്മൃതിയിലാണ്ടുപോയാലും ഒരുവന്‍ ചെയ്ത നന്മയുടെ കീര്‍ത്തി ലോകമുള്ളിടത്തോളംകാലം നിലനില്‍ക്കും.
ഒരുവന്‍ ഭൂമിയുടെ  അതിര്‍ത്തിവരെയും നശിക്കാത്ത കീര്‍ത്തി സമ്പാദിക്കുമെങ്കില്‍ അവന്‍ ദേവലോകത്ത് എത്തിച്ചേര്‍ന്നിരിക്കുന്ന ജ്ഞാനികളേക്കാള്‍ വന്ദ്യനായി ദേവന്മാരാല്‍ വാഴ്ത്തപ്പെടുന്നു. വിദ്വജ്ജനങ്ങളല്ലാത്തവരുടെ കീര്‍ത്തിയാകുന്ന ശരീരത്തിന് നാശവും ദ്രവിച്ചുപോകലും ഉണ്ടാകുന്നു. എന്നാല്‍ വിദ്വജ്ജനങ്ങളുടെ കീര്‍ത്തിയാകുന്ന ശരീരമാകട്ടെ എന്നെന്നും നിലനില്‍ക്കുന്നതാണ്. യാതൊരുവിധത്തിലുള്ള നാശമോ മരണമോ ആ ശരീരത്തിനുണ്ടാകുന്നില്ല. മനുഷ്യനായി ജനിക്കുകയാണെങ്കില്‍ പ്രശസ്തിക്കു ഹേതുവായ സദ്ഗുണങ്ങളെക്കൂടി ജനിക്കണം. അല്ലെങ്കില്‍ മനുഷ്യനായി പിറക്കുന്നതിനേക്കാള്‍ പിറക്കാതിരിക്കുയാണ നല്ലത്.
കീര്‍ത്തിയുണ്ടാകുന്നവിധത്തില്‍ ജീവിക്കുവാന്‍ ശ്രമിക്കാത്ത ആളുകള്‍, താന്‍ ചെയ്യുന്ന കുറ്റത്തിന് സ്വയം പഴിക്കുന്നതിനുപകരം, മറ്റുളളവര്‍ തന്നെ പഴിക്കുന്നതുകണ്ട് അവരെ നിന്ദിക്കുന്നതില്‍ എന്താണര്‍ത്ഥം? കീര്‍ത്തിയാകുന്ന സമ്പത്ത് നേടുക എന്നതായിരിക്കണം ഒരുവന്റെ ജീവിതലക്ഷ്യം. അങ്ങനെ നിര്‍ബന്ധമായും നേടിയെടുക്കേണ്ടതായ കീര്‍ത്തിയെ നേടിയെടുക്കാത്തവര്‍ ഭൂമിയിലുള്ളവര്‍ക്കെല്ലാം നിന്ദ്യനായിത്തീരുമെന്ന് ജ്ഞാനികള്‍ അഭിപ്രായപ്പെടുന്നു. കീര്‍ത്തിയില്ലാത്ത ജഡശരീരത്തെ താങ്ങുന്ന ഭൂമി സമൃദ്ധമായ വളക്കൂറിലുണ്ടാകുന്ന വിളകളുടെ വിളവുപോലും കുറയ്ക്കുന്നു. തന്നില്‍ പിഴവുകളുണ്ടാകാതെ പ്രശസ്തിയോടെ ജീവിക്കുന്നവര്‍ മാത്രമേ യഥാര്‍ത്ഥത്തില്‍ ജീവിക്കുന്നുള്ളൂ. പ്രശസ്തിക്കുവേണ്ടി യത്‌നിയ്ക്കാതെ എപ്പോഴും അന്യരുടെ പഴികേട്ടു ജീവിക്കുന്നവരാകട്ടെ മരിച്ചതിനുതുല്യര്‍തന്നെയാണ്.
ഇങ്ങനെ കീര്‍ത്തി അഥവാ പ്രശസ്തി എന്ന അധികാരത്തില്‍ തിരുവള്ളുവര്‍ മാനുഷനെന്ന പുഷ്പത്തിന്റെ കീര്‍ത്തിയെന്ന സൗരഭ്യത്തെ പ്രകീര്‍ത്തിക്കുന്നു. സല്‍കീര്‍ത്തിസമ്പന്നനായ ഒരാള്‍ മരിച്ചാലും അവന്റെ കീര്‍ത്തിയാകുന്ന ശരീരത്തിന് ഒരിക്കലും നാശമില്ല. മരണശേഷവും അത് സൗരഭ്യം പരത്തി മാലോകരെ ധന്യമാക്കുന്നു. മരണത്തിനുപോലും നശിപ്പിക്കുവാന്‍ കഴിയാതെ അനശ്വരമായ കീര്‍ത്തിസമ്പാദിച്ച് ജീവിതം സുരഭിലമാക്കുവാന്‍ നാം ഓരോരുത്തരും യത്‌നിക്കുക.

കൂടുതല്‍ വാര്‍ത്തകള്‍ - ഗുരുവാരം