ശ്രീരാമരഥയാത്രകള്‍ മാര്‍ച്ച് 15ന് മൂകാംബികയില്‍നിന്ന് ആരംഭിക്കും

March 9, 2012 കേരളം

തിരുവനന്തപുരം: ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ അനുഗ്രഹാശിസ്സുകളോടെ ശ്രീരാമദാസമിഷന്റെ ആഭിമുഖ്യത്തില്‍ ചേങ്കോട്ടുകോണം ശ്രീരാമദാസാശ്രമത്തില്‍ നടക്കുന്ന ശ്രീരാമനവമി ഹിന്ദുമഹാസമ്മേളനത്തിനും ശ്രീരാമായണ നവാഹയജ്ഞത്തിനും മുന്നോടിയായി കേരളത്തിലേക്കും മഹാരാഷ്ടയിലേക്കും നടക്കുന്ന ശ്രീരാമരഥയാത്രകള്‍ മാര്‍ച്ച് 15ന് രാവിലെ കൊല്ലൂര്‍ ശ്രീമൂകാംബികാദേവീക്ഷേത്ര സന്നിധിയില്‍നിന്ന് സമാരംഭിക്കും.

ശ്രീരാമദാസമിഷന്‍ പ്രസിഡന്റ് സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതിയും ബദലാപൂര്‍ ശ്രീരാമദാസ ആശ്രമം അദ്ധ്യക്ഷന്‍ സ്വാമി കൃഷ്ണാനന്ദ സരസ്വതിയും ഭദ്രദീപപ്രതിഷ്ഠ നടത്തുന്ന ശ്രീരാമരഥങ്ങളാണ് കേരളത്തിലേക്കും മഹാരാഷ്ട്രയിലേക്കും പ്രയാണം ആരംഭിക്കുക. ക്ഷേത്രമാതൃകയില്‍ നിര്‍മ്മിച്ച ശ്രീരാമരഥങ്ങളില്‍ ശ്രീമൂകാംബികാദേവിയുടെ
ശ്രീകോവിലില്‍നിന്നു മുഖ്യതന്ത്രി തെളിയിച്ചുനല്‍കുന്ന ജ്യോതിയും പഞ്ചലോഹ നിര്‍മ്മിതങ്ങളായ ശ്രീരാമസീതാആഞ്ജനേയ വിഗ്രഹങ്ങളും ശ്രീരാമപാദുകങ്ങളും ചൂഡാരത്‌നവും ശ്രീരാമദാസ ആശ്രമ സ്ഥാപകാചാര്യന്‍ ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദരുടെയും ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെയും ഛായാചിത്രങ്ങളും ഉണ്ടാകും.

കേരളത്തിലേക്കുള്ള ശ്രീരാമരഥം മാര്‍ച്ച് 15ന് കാസര്‍ഗോഡ്, 16ന് കണ്ണൂര്‍, 17ന് വയനാട്, 18ന് കോഴിക്കോട്, 19ന് മലപ്പുറം, 20ന് പാലക്കാട്, 21ന് തൃശൂര്‍, 22ന് എറണാകുളം, 23ന് ഇടുക്കി, 24ന് കോട്ടയം, 25ന് പത്തനംതിട്ട, 26ന് ആലപ്പുഴ, 27ന് കൊല്ലം, 28ന് കന്യാകുമാരി, 29 മുതല്‍ ഏപ്രില്‍ 1 വരെ തിരുവനന്തപുരം എന്നി ജില്ലകളില്‍ പ്രയാണം നടത്തും.
കേരളത്തിലെ മഹാക്ഷേത്രങ്ങള്‍, ആശ്രമങ്ങള്‍, ആദ്ധ്യാത്മിക കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ രഥയാത്ര എത്തിച്ചേരും. ഇതിന്റെ ഭാഗമായി എല്ലാ ജില്ലകളിലും പ്രധാന സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് ഹിന്ദുമഹാസമ്മേളനം നടക്കും. ആദ്ധ്യാത്മികാചാര്യന്മാര്‍, സന്ന്യാസി ശ്രേഷ്ഠന്മാര്‍, ഹിന്ദു സംഘടനാ നേതാക്കള്‍, സമുദായ നേതാക്കള്‍ തുടങ്ങിയവര്‍ സ്വീകരണ സമ്മേളനങ്ങളില്‍ പങ്കെടുക്കും. ശ്രീരാമനവമി ഹിന്ദുമഹാസമ്മേളനം മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 11 വരെയും നടക്കുമെന്ന്  ശ്രീരാമദാസമിഷന്‍ ജനറല്‍സെക്രട്ടറി ബ്രഹ്മചാരി സായിസമ്പത്ത് അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ ശ്രീരാമനവമി മഹോത്സവം പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ഡോ. പൂജപ്പുര കൃഷ്ണന്‍ നായര്‍, പബ്ലിസിറ്റി കമ്മിറ്റി കണ്‍വീനര്‍ ടി. മായാമോഹന്‍ എന്നിവര്‍ പങ്കെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം