കണ്ണനെ വരവേല്‍ക്കാന്‍ ഗുരുവായൂര്‍ ഒരുങ്ങി: മറ്റന്നാള്‍ ആറാട്ട്

March 12, 2012 കേരളം,ക്ഷേത്രവിശേഷങ്ങള്‍

ഗുരുവായൂര്‍: കണ്ണനെ വരവേല്‍ക്കാന്‍ നാടൊരുങ്ങി. പള്ളിവേട്ട ദിവസമായ നാളെയും ആറാട്ട് ദിവസമായ മറ്റന്നാളും സന്ധ്യക്കു ദീപാരാധനയ്ക്കു ശേഷമാണു പുറത്തേക്കെഴുന്നള്ളിപ്പ്. ശ്രീവത്സം ഗസ്റ്റ്ഹൗസിനു മുന്നില്‍ നെറ്റിപ്പട്ടം കെട്ടിയ മൂന്നാനകളുടെ എഴുന്നള്ളിപ്പ് രൂപം തയാറായിക്കഴിഞ്ഞു. പടിഞ്ഞാറെ നടയിലെ അലങ്കാരപ്പന്തല്‍ ദീപത്തില്‍ മുങ്ങിക്കുളിച്ചുനില്‍ക്കുന്നു. ക്ഷേത്രത്തിനു ചുറ്റുഭാഗത്തും നാല്‍പ്പന്തലുകളും വീഥി വിതാനങ്ങളും അലങ്കാരങ്ങളുമായി കണ്ണനു വരവേല്‍പ്പൊരുക്കാന്‍ അവസാന മിനുക്കുപണിയിലാണ്.
നാളെ പള്ളിവേട്ടയുടെ ചടങ്ങുകള്‍ കഴിഞ്ഞു ഭഗവാനു നമസ്‌കാര മണ്ഡപത്തില്‍ പ്രത്യേക ശയ്യാഗൃഹത്തിലാണു പള്ളിയുറക്കം. ഉറക്കത്തിനു ഭംഗം വരാതിരിക്കാന്‍ ക്ഷേത്രപരിസരമാകെ നിശ്ശബ്ദതയിലാകും. ക്ഷേത്രത്തിലെ നാഴികമണി പോലും അടിക്കില്ല. ഭക്തര്‍ ഉച്ചത്തില്‍ സംസാരിക്കുക പോലുമില്ല. ക്ഷീണിതനായി ഉറങ്ങിപ്പോയ ഭഗവാന്‍ ആറാട്ടു ദിവസം വൈകി ഉണരുന്നതിനാല്‍ ഞായറാഴ്ച രാവിലെ എട്ടു വരെ ക്ഷേത്രഗോപുരം തുറക്കുകയില്ല. രാവിലെ എട്ടിനു ശേഷം മാത്രമേ ഭക്തര്‍ക്കു ദര്‍ശനം അനുവദിക്കുകയുളളൂ.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം