ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി ഏഴുകോടി കുടുംബങ്ങള്‍ക്ക് ലഭ്യമാക്കുമെന്ന് രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍

March 13, 2012 ദേശീയം

ന്യൂഡല്‍ഹി: ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ രാഷ്ട്രീയ സ്വാസ്ഥ്യ ഭീമാ യോജനയുടെ പ്രയോജനം ഏഴുകോടി കുടുംബങ്ങള്‍ക്ക് ലഭ്യമാക്കുമെന്ന് രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍. നിലവില്‍ 2.64 കോടി കുടുംബങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. പുതിയ രാഷ്ട്രപതിതിരഞ്ഞെടുപ്പ് ജൂലായില്‍ നടക്കാനിരിക്കെ അഞ്ചുവര്‍ഷകാലയളവിലെ അവസാനത്തെ നയപ്രഖ്യാപനമാണ് പ്രതിഭാപാട്ടീല്‍ തിങ്കളാഴ്ച നടത്തിയത്. ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ച് പാര്‍ലമെന്റിന്റെ ഇരുസഭകളെയും അഭിസംബോധന ചെയ്യുകയായിരുന്നു രാഷ്ട്രപതി.

രാജ്യം നേരിടുന്ന അഞ്ചു വെല്ലുവിളികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ പ്രവര്‍ത്തിക്കും. ദാരിദ്ര്യവും പട്ടിണിയും നിരക്ഷരതയും മാറ്റി ജീവിത സുരക്ഷ ഉറപ്പുവരുത്തുക, സാമ്പത്തിക സുരക്ഷിതത്വം കൈവരിക്കുക, ഊര്‍ജ സുരക്ഷ, പരിസ്ഥിതിയുടെ സുരക്ഷ, ആഭ്യന്തരവിദേശ സുരക്ഷ തുടങ്ങിയവ ഉറപ്പാക്കുക തുടങ്ങിയവയാണ് രാജ്യത്തിന് മുന്നിലെ പ്രധാന വെല്ലുവിളികള്‍ രാഷ്ട്രപതി വിശദീകരിച്ചു.

യു.പി.എ. സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികളും കൈവരിച്ച നേട്ടങ്ങളും 12ാം പദ്ധതിയില്‍ നടപ്പാക്കാന്‍ പോകുന്ന പദ്ധതികളും എണ്ണിപ്പറഞ്ഞ് നടത്തിയ നയപ്രഖ്യാപനം സര്‍ക്കാറിന്റെ വിടവാങ്ങലാണെന്നും ഇടക്കാല തിരഞ്ഞെടുപ്പിന്റെ സാധ്യതയാണ് ഇത് സൂചിപ്പിക്കുന്നതെന്നും ബി.ജെ.പി. പ്രസ്താവിച്ചു.

സര്‍ക്കാര്‍ നടപ്പാക്കുന്നതും നടപ്പാക്കാന്‍ പോകുന്നതുമായ 30ലധികം പദ്ധതികള്‍ രാഷ്ട്രപതി പ്രസംഗത്തില്‍ പരമാര്‍ശിച്ചു. അഴിമതി തടയാന്‍ എടുത്ത നടപടികള്‍, ലോക്പാല്‍ ഉള്‍പ്പെടെ അതുമായി ബന്ധപ്പെട്ട് കൊണ്ടുവന്ന ബില്ലുകള്‍, കള്ളപ്പണവും കുഴല്‍പ്പണവും നിയന്ത്രിക്കാന്‍ എടുത്ത നടപടികള്‍, ഭരണ സുതാര്യതയ്ക്കുവേണ്ടി ഇഭരണവുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികള്‍, വിവിധ സാമൂഹിക സുരക്ഷാ പദ്ധതികള്‍, ഭക്ഷ്യസുരക്ഷാ ബില്ല്, കാര്‍ഷിക വളര്‍ച്ച, വര്‍ധിച്ച കാര്‍ഷികവായ്പ, ന്യൂനപക്ഷ ക്ഷേമ പരിപാടികള്‍ തുടങ്ങിയവയെല്ലാം രാഷ്ട്രപതിയുടെ പ്രസംഗത്തില്‍ ഇടംപിടിച്ചു.

പന്ത്രണ്ടാം പദ്ധതിയില്‍ ഒമ്പതുശതമാനം സാമ്പത്തിക വളര്‍ച്ച ലക്ഷ്യമിട്ടിട്ടുണ്ടെന്ന് രാഷ്ട്രപതി പറഞ്ഞു. പദ്ധതിയുടെ ആദ്യവര്‍ഷമായ 201213 ല്‍ വേഗത്തിലുള്ളതും സുസ്ഥിരമായതും എല്ലാവരെയും പങ്കാളികളാക്കിയുമുള്ള വികസനം’ എന്നതാണ് ലക്ഷ്യം. കാര്‍ഷിക മേഖലയില്‍ നാലുശതമാനം വളര്‍ച്ച പ്രതീക്ഷിക്കുന്നുണ്ട്.

കഴിഞ്ഞ ജൂലായ് 13ന് നടന്ന മുംബൈ സ്‌ഫോടനവും സപ്തംബര്‍ ഏഴിനു നടന്ന ഡല്‍ഹി സ്‌ഫോടനവും ഭീകരരുടെ സംഘങ്ങള്‍ ഇപ്പോഴും സജീവമാണെന്ന് ഓര്‍മിപ്പിക്കുന്നതാണ്. 2011ല്‍ 18 ഭീകര സംഘങ്ങളെ നിര്‍വീര്യമാക്കി. ആഭ്യന്തര സുരക്ഷയ്‌ക്കെതിരെ ഉയരുന്ന ഭീഷണി ശക്തമായി ചെറുക്കുന്നതിനാണ് ദേശീയ ഇന്റലിജന്‍സ് ഗ്രിഡും ദേശീയ ഭീകരവിരുദ്ധ കേന്ദ്രവും സര്‍ക്കാറിന്റെ ആലോചനയിലുള്ളത്.

ആണവനിലയങ്ങളുടെ സുരക്ഷിതത്വവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സര്‍ക്കാര്‍ ഒരു വിട്ടുവീഴ്ചയും ചെയ്യില്ല. ഫുകുഷിമ അപകടത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷ പുനഃപരിശോധിക്കുകയും വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കുകയും ചെയ്യുന്നുണ്ടെന്ന് രാഷ്ട്രപതി പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം