ആറ്റുകാല്‍ പൊങ്കാല: കേസെടുത്ത പൊലീസിനു വീഴ്ച പറ്റിയതായി മുഖ്യമന്ത്രി

March 13, 2012 കേരളം

കോട്ടയം: ആറ്റുകാല്‍ പൊങ്കാലയില്‍ പങ്കെടുത്ത സ്ത്രീകള്‍ക്കെതിരെ  കേസെടുത്ത പൊലീസിനു വീഴ്ച പറ്റിയതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സംഭവത്തിന്റെ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നു. പൊലീസ് കേസെടുത്തതു മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും നിലപാടിനു പൂര്‍ണമായും വിരുദ്ധമാണെന്നും  അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ ഗൂഢാലോചന ഉണ്ടോ എന്നതിനെക്കുറിച്ചു പ്രതികരിക്കാനില്ല. തെറ്റു പറ്റിയാല്‍ അംഗീകരിക്കുക, തെറ്റു തിരുത്താന്‍ തയാറാകുക, തെറ്റു ചെയ്ത ആള്‍ക്കെതിരെ നടപടി എടുക്കുക ഇതാണു പ്രാഥമികമായി ചെയ്യേണ്ടത്. സംഭവം അറിഞ്ഞ് രണ്ടു മണിക്കൂറിനകം ഈ നടപടികള്‍ എല്ലാം സര്‍ക്കാര്‍ പൂര്‍ത്തിയാക്കി.

ഹൈക്കോടതി വിധി ആറ്റുകാല്‍ പൊങ്കാലയ്ക്ക് എതിരല്ല. സര്‍ക്കാര്‍ ഈ കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയതാണ്. ആറ്റുകാല്‍ പൊങ്കാല നിരോധിക്കണമെന്നാവശ്യപ്പെട്ട് യുക്തിവാദി സംഘം നല്‍കിയ ഹര്‍ജിയില്‍   വ്യക്തമായ നിലപാട് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. ആറ്റുകാല്‍ പൊങ്കാല വര്‍ഷങ്ങളായി നടക്കുന്ന ആചാരമാണ്.

ഇതു നടത്തുന്നവരും പങ്കെടുക്കുന്നവരും പൊലീസ് നിര്‍ദേശങ്ങള്‍ അനുസരിക്കുന്നവരാണ്. ഇത് ആര്‍ക്കും തടസ്സമാകുന്നില്ല. അതു കൊണ്ട് പൊങ്കാല നടത്തുന്നതില്‍ ഒരു കുഴപ്പവുമില്ല എന്നാണു സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചത്.

വിശ്വാസത്തില്‍ അധിഷ്ഠിതമായ പൊങ്കാലയില്‍ വിവാദമുണ്ടായതില്‍ ഖേദമുണ്ട്  – മുഖ്യമന്ത്രി പറഞ്ഞു. പ്രശ്‌നത്തില്‍ തന്നെ വിമര്‍ശിക്കാനും  പരസ്യമായി പ്രതികരിക്കാനും ശ്രമിക്കുന്നവരുടെ ലക്ഷ്യം മുതലെടുപ്പാണ്. മന്ത്രി വി.എസ്. ശിവകുമാറും ഒപ്പമുണ്ടായിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം