അനുഷ്ഠാനം കൊണ്ട് ആര്‍ജ്ജിച്ച ഐശ്വര്യം

March 13, 2012 സനാതനം

ഡോ.ചന്ദ്രശേഖരന്‍ നായര്‍
ജനിയ്ക്കുന്നതിനു മുമ്പ് അച്ഛനും, ജനിച്ച് നിമിഷങ്ങള്‍ക്കകം അമ്മയും നഷ്ടപ്പെട്ട കുഞ്ഞിന്റെ കരുണാര്‍ദ്രമായ കഥകേട്ട ബ്രാഹ്മണി ഭിക്ഷുദേവനോട് അന്വേഷിച്ച്-’സുഖസൗകര്യത്തില്‍ ആറാടിയിരുന്ന ധര്‍മിഷ്ഠനായ സത്യരഥനെ ശത്രുക്കള്‍ കൊല്ലാന്‍ കാരണമെന്തു? അദ്ദേഹത്തിന്റെ ഭാര്യയും ഈ കുട്ടിയുടെ അമ്മയുമായ സ്ത്രീയെ മുതല പിടിയ്ക്കാന്‍ എന്തു കാരണം. ഈ കുട്ടി അനാഥനായതിന്റെ പിന്നിലെ ചരിത്രം എന്ത്? ഞാനും എന്റെ ഈ കുഞ്ഞും പിച്ചക്കാരായിപ്പോയതെന്തുകൊണ്ട്? ഈ രണ്ടു കുട്ടികള്‍ക്കും ഭാവിയില്‍ സുഖജീവിതം എങ്ങനെ കിട്ടും?’
ബ്രാഹ്മണിയുടെ ചോദ്യത്തിനു മറുപടിയായി ഭിക്ഷുവര്യനായ ശിവന്‍ അരുളിച്ചെയ്തു- ‘ഈ രാജകുമാരന്റെ അച്ഛന്‍ പൂര്‍വജന്മത്തില്‍ പാണ്ഡ്യദേശത്തിലെ ശ്രേഷ്ഠനായ രാജാവായിരുന്നു. അദ്ദേഹം ധര്‍മ്മപൂര്‍വം തന്നെയാണ് രാജ്യഭാരം നിര്‍വഹിച്ചിരുന്നത്. ഒരിയ്ക്കല്‍ അദ്ദേഹം പ്രദോഷകാലത്ത് ശങ്കരപൂജ നടത്തിക്കൊണ്ടിരിയ്ക്കയായിരുന്നു. ആ സമയം നഗരത്തില്‍ വലിയ ഒരു കോലാഹലം നടന്നു. ബഹളം കേട്ട രാജാവ് പൂജ നിറുത്തിവച്ച് അത് പരിഹരിയ്ക്കാനായി പുറത്തുവന്നു. ഈ സമയത്ത് മന്ത്രി ബഹളക്കാരനായ ഒരു ശത്രുവിനെ പിടിച്ചുകൊണ്ട് രാജാവിന്റെ അടുത്തു വന്ന. അയാള്‍ പണ്ഡ്യരാജാവിന്റെ ഒരു സാമന്തന്‍ ആയിരുന്നു. അയാളെ കണ്ട് ക്രോധാക്രാന്തനായ രാജാവ് അയാളുടെ തല വെട്ടിപ്പിളര്‍ന്നു. ശിവപൂജയുടെ നിയമം ലംഘിച്ച് രാജാവ് രാത്രി ഭോജനവും കഴിച്ചു. ആ രാജാവാണ് പിന്നീട് വിദര്‍ഭരാജനായി ജനിച്ചത്. ശിവപൂജ മുടക്കിയ കാരണം കൊണ്ടാണ് സുഖഭോഗങ്ങളില്‍ മുഴുകിയ കാലത്ത് തന്നെ ആ രാജാവിന് മൃത്യു വരിയ്‌ക്കേണ്ടിവന്നത്. ആ ജന്മത്തില്‍ അദ്ദേഹത്തിന്റെ പുത്രനാണ് ഈ കാണുന്ന അനാഥനായ ബാലന്‍. പൂര്‍വ ജന്മത്തില്‍ ഇവന്റെ അമ്മയും കൊലപാതകം നടത്തിയിട്ടുണ്ട്. അതുകൊണ്ടാണ് അവളെ ഈ ജന്മത്തില്‍ മുതല പിടിച്ചത്. നിന്റെ സ്വന്തം ഈ പുത്രന്‍ പൂര്‍വജന്മത്തില്‍ ബ്രാഹ്മണന്‍ ആയിരുന്നു. അയാള്‍ വലിയ ദാനശീലനായിരുന്നെങ്കിലും യജ്ഞം തുടങ്ങിയ സത്കര്‍മ്മങ്ങള്‍ ഒന്നും തന്നെ ചെയ്തില്ല. അതിനാല്‍ അയാള്‍ ദരിദ്രനായി പിറന്നു. യജ്ഞോപവീതം കഴിഞ്ഞ് രണ്ട് ബാലന്മാരും ശിവനെ ധ്യാനിയ്ക്കട്ടെ. ശിവന്‍ അവരെ രക്ഷിച്ചുകൊള്ളും.’ ഇപ്രകാരം ബ്രഹ്മണിയ്ക്ക് ഉപദേശം കൊടുത്ത ഭിക്ഷു സന്യാസി തന്റെ സ്വന്തം രൂപം പ്രകടിപ്പിച്ചു. ശിവ സ്വരൂപം തന്റെ മുന്നില്‍ കണ്ട ബ്രഹ്മണി അദ്ദേഹത്തെ പ്രണമിയ്ക്കുകയും സ്തുതിയ്ക്കുകയും ചെയ്തു. ശിവന്‍ അപ്രത്യക്ഷമായശേഷം രണ്ടു കുട്ടികളെയും കൊണ്ട് ബ്രാഹ്മണി അവളുടെ വീട്ടിലേയ്ക്ക് പോയി. ഏകച്ചക്രം എന്നു പേരുള്ള ഒരു ഗ്രാമത്തില്‍ അവള്‍ ഒരു വീടു ഉണ്ടാക്കി. രാജകുമാരനെയും തന്റെ കുട്ടിയെയും അവള്‍ സംരക്ഷിച്ചു. യജ്ഞോപവീതം കഴിഞ്ഞ അവര്‍ ശാണ്ഡില്യമുനിയുടെ ഉപദേശം അനുസരിച്ച് ശിവപൂജ ചെയ്തിരുന്നു. ഒരിയ്ക്കല്‍ രാജകുമാരനെ കൂട്ടാതെ ദ്വിജകുമാരന്‍ നദിയില്‍ കുളിയ്ക്കാന്‍ പോയി. അവിടെ അവന് ഒരു നിധി കുംഭം കിട്ടി. ശിവപൂജ ചെയ്ത് സന്തോഷപൂര്‍വം അവര്‍ ഒരു വര്‍ഷം കഴിച്ചുകൂട്ടി. പിന്നീട് ഒരിയ്ക്കല്‍ രാജകുമാരന്‍ ബ്രാഹ്മണകുമാരനെയും കൂട്ടി വനത്തില്‍ പോയി. അവിടെ യാദൃശ്ചികമായി ഒരു ഗന്ധര്‍വകന്യക വന്നുചേര്‍ന്നു. അവളുടെ അച്ഛന്‍ അവളെ രാജകുമാരന് കൊടുത്തു. വിവാഹാനന്തരം രാജകുമാരന്‍ നിഷ്‌കണ്ടകം എന്ന രാജ്യത്തിലെ രാജാവായി. തന്മൂലം അയാളുടെ വളര്‍ത്തമ്മ രാജമാതാവുമായി. രാജാവിന്റെ പേര് ധര്‍മഗുപത്ന്‍ എന്നായിരുന്നു. ബ്രാഹ്മണ ബാലനാകട്ടെ യുവരാജാവുമായി. ശിവാരാധനയില്‍ മുഴുകി രാജാവായ ധര്‍മഗുപ്തന്‍ തന്റെ കുടുംബസമേതം രാജോചിതമായ സുഖഭോഗങ്ങളനുഭവിച്ച് നീണാള്‍ വാണു.

അനേകം സത്കര്‍മങ്ങള്‍ ഈ ലോകത്തില്‍ ഉണ്ട്. ഒന്നോ രണ്ടോ സത്കര്‍മങ്ങള്‍ കൊണ്ടു മാത്രം ജീവിതം ധന്യമാവുകയില്ല. യജ്ഞാദികര്‍മങ്ങള്‍ അനുഷ്ഠിയ്ക്കാതിരിയ്ക്കുന്നതുപോലെ തന്നെ പാപമാണ് അനുഷ്ഠിയ്ക്കാന്‍ തുടങ്ങി വിഘ്‌നം വരുത്തിയാലും ദേഹശുദ്ധിപോലെ തന്നെ മനഃശുദ്ധിയും ജീവിതവിജയത്തിന് അത്യന്താപേക്ഷിതമാണ്. പൂര്‍വജന്മത്തില്‍ ആര്‍ജ്ജിച്ച പാപകല്മഷങ്ങളാല്‍ സത്യരഥനും ഭാര്യയും അകാല മൃത്യവിന് ഇരയായെങ്കിലും അത്യന്തം ദുര്‍ഘടമായ പരിതഃസ്ഥിതിയില്‍ ജനിച്ചുവളര്‍ന്ന അവരുടെ പുത്രന്‍ ശിവാരാധനയിലൂടെ മനസ്സും പവിത്രമാക്കി രാജപദവിയില്‍ സുഖമായി വാണു. കര്‍മ്മഫലം എല്ലാപേരേയും അനുഗമിയ്ക്കുന്നുണ്ട് എന്ന കാര്യം ആരും മറക്കണ്ട. തിന വിതച്ചവന്‍ തിന കൊയ്യും വിന വിതച്ചവന്‍ വിന കൊയ്യും.

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം