ജഗതി ശ്രീകുമാറിന് ചൊവ്വാഴ്ച ഏഴുമണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ നടന്നു; പൂര്‍ണവിജയമായിരുന്നുവെന്നു ഡോക്ടര്‍മാര്‍

March 14, 2012 കേരളം

കോഴിക്കോട്: വാഹനാപകടത്തില്‍പ്പെട്ട് ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മിംസ് ആശുപത്രിയില്‍ കഴിയുന്ന നടന്‍ ജഗതി ശ്രീകുമാറിന് ചൊവ്വാഴ്ച ഏഴുമണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ നടന്നു. വലത് ഇടുപ്പ്, വലത് കാല്‍മുട്ട്, വലത് മേല്‍ക്കൈ എന്നിവിടങ്ങളിലായിരുന്നു ശസ്ത്രക്രിയ. ശസ്ത്രക്രിയ പൂര്‍ണവിജയമായിരുന്നുവെന്നും ജഗതി ജീവിതത്തിലേക്ക് തിരിച്ചുവരികയാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

രാവിലെ പതിനൊന്ന് മണിയോടെയാണ് ജഗതിയെ ഓപ്പറേഷന്‍ തിയേറ്ററിലേക്ക് കൊണ്ടുപോയത്. ഡോ.ജോര്‍ജ് എബ്രഹാം, ഡോ. പ്രൊഫ. സാമുവല്‍ ചിത്തരഞ്ജന്‍ എന്നിവരായിരുന്നു ശസ്ത്രക്രിയ നയിച്ചത്. അനസ്തീഷ്യ വിഭാഗത്തില്‍നിന്നും ഡോ. ഗീതാജോര്‍ജും സംഘത്തിലുണ്ടായിരുന്നു.

വൈകുന്നേരം ആറു മണിയോടെ ശസ്ത്രക്രിയ കഴിഞ്ഞ് ജഗതിയെ ഐ.സി.യു.വിലേക്ക് മാറ്റി. രക്തസമര്‍ദവും വൃക്ക, ശ്വാസകോശം എന്നിവയുടെ പ്രവര്‍ത്തനങ്ങളും സാധാരണഗതിയിലാണ്. ആരോഗ്യസ്ഥിതി പൂര്‍ണമായും തൃപ്തിയാകുംവരെ ജഗതി വെന്റിലേറ്ററില്‍ത്തന്നെ തുടരുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം