രണ്ടു ഹെക്ടര്‍ വരെ ഭൂമിയുള്ള കര്‍ഷകര്‍ക്ക് 400 രൂപ പെന്‍ഷന്‍

March 14, 2012 കേരളം

തിരുവനന്തപുരം: രണ്ടു ഹെക്ടറില്‍ താഴെ ഭൂമിയുള്ള ചെറുകിട നാമമാത്ര കര്‍ഷകര്‍ക്കു പ്രതിമാസം 400 രൂപ പെന്‍ഷന്‍ അനുവദിച്ചു സര്‍ക്കാര്‍ ഉത്തരവായി. രണ്ടു ഹെക്ടറോ അതിനു താഴെയോ കൃഷിഭൂമിയുള്ളതും ഏപ്രില്‍ ഒന്നിന് 60 വയസ് പൂര്‍ത്തിയാക്കിയ ചെറുകിട നാമമാത്ര കര്‍ഷകര്‍ക്കാണ് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക.

അപേക്ഷകന്‍ കുറഞ്ഞത് 10 വര്‍ഷം കാര്‍ഷികവൃത്തിയില്‍ വ്യാപൃതനായിരുന്ന ആളും കൃഷി മുഖ്യ ജീവനോപാധിയായി സ്വീകരിച്ചിട്ടുള്ള വ്യക്തിയുമായിരിക്കണം. മറ്റു ക്ഷേമ പദ്ധതികള്‍, പെന്‍ഷന്‍ തുടങ്ങിയവയുടെ ഗുണഭോക്തകള്‍ക്കു പദ്ധതിയുടെ ആനുകൂല്യം ലഭിക്കില്ല. കുറഞ്ഞത് 10 സെന്റ് സ്ഥലത്തു സ്വന്തം ഭൂമിയിലോ, പാട്ടഭൂമിയിലോ കഴിഞ്ഞ 10 വര്‍ഷമായി മുടങ്ങാതെ കൃഷി ചെയ്യുന്ന ആള്‍ ആയിരിക്കണം. നെല്ല്, തെങ്ങ്, പച്ചക്കറി, കിഴങ്ങുവര്‍ഗങ്ങള്‍, സുഗന്ധവിളകള്‍ തുടങ്ങിയ ഏതു വിളകളും കൃഷിചെയ്യുന്ന കര്‍ഷകര്‍ക്ക് ആനുകൂല്യം ലഭിക്കും.

ഒരു കുടുംബത്തില്‍ നിന്ന് ഒരംഗത്തിനു മാത്രമേ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുകയുള്ളു. കുടുംബാംഗങ്ങള്‍ക്ക് ( ഭര്‍ത്താവ്/ഭാര്യ/മക്കള്‍) മറ്റു സ്ത്രോതസുകളില്‍ നിന്നും സ്ഥിരവരുമാനം ലഭിക്കുന്നുവെങ്കില്‍ ഈ പദ്ധതിയില്‍ പരിഗണിക്കില്ല. സാമ്പത്തികമായി ഏറ്റവും പിന്നില്‍ നില്‍ക്കുന്നവര്‍ക്കു പദ്ധതിയില്‍ മുന്‍ഗണന ലഭിക്കും. നിലവിലുള്ള കിസാന്‍ അഭിമാന്‍ പദ്ധതി പ്രകാരം പെന്‍ഷന്‍ ആനുകൂല്യം കൈപ്പറ്റുന്ന ഗുണഭോക്താക്കളെക്കൂടി ഈ പുതിയ പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുതിയ നിരക്കില്‍ പെന്‍ഷന്‍ നല്‍കും.

നിര്‍ദിഷ്ട ഫോമിലുള്ള അപേക്ഷയോടൊപ്പം വയസ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കുന്നതിനും വരുമാനം നിജപ്പെടുത്തുന്നതിനുമുള്ള വില്ലേജ് ഓഫീസറുടെ സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. പാട്ടക്കൃഷിക്കാരാനാണെങ്കില്‍ ഭൂവുടമയില്‍ നിന്നു കഴിഞ്ഞ 10 വര്‍ഷമായി ഭൂമിയില്‍ സ്ഥിരമായി പാട്ടക്കൃഷി ചെയ്യുന്നു എന്ന സത്യവാങ്മൂലം സമര്‍പ്പിക്കണം.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം