പ്രപഞ്ചവും ഭൂതമാത്രാസ്പന്ദനങ്ങളും

March 14, 2012 പാദപൂജ

സ്വാമി സത്യാനന്ദ സരസ്വതി
പ്രപഞ്ചത്തില്‍ സ്ഥൂലങ്ങളായും സൂക്ഷ്മങ്ങളായും പ്രവര്‍ത്തിക്കുന്ന വസ്തുക്കളെ ശക്തിപ്രവാഹങ്ങളും ഭൂതമാത്രകളുടെ സ്പന്ദനങ്ങളാകുന്നു. ഓരോ വസ്തുവിനും പ്രവാഹത്തിനുമുള്ള ശക്തിക്രമം വ്യത്യസ്തമായതുകൊണ്ട് വസ്തുക്കള്‍ക്കു തമ്മില്‍ സ്പന്ദനംകൊണ്ടുള്ള സവിശേഷതയുണ്ട്. ഒരു വസ്തുവിന് മറ്റൊരു വസ്തുവില്‍ നിന്നുമുള്ള സ്പന്ദനവ്യത്യാസമാണ് ആ വസ്തുവിന്റെ നാമധേയമായിത്തീര്‍ന്നിരിക്കുന്നത്. ഏതു പേരിനോടും ബന്ധപ്പെട്ട് നിലനില്‍ക്കുന്ന വിശേഷസ്പന്ദനം ആ വസ്തുവിന്റെ പേരുച്ചരിക്കുമ്പോള്‍ സംഭവിക്കുന്നു. വസ്തുവിന്റെ പേരുച്ചരിക്കുന്ന സമയത്ത് ആ ശബ്ദസ്പന്ദനം വസ്തുവിലെത്തി ഒരു പ്രതിസ്പന്ദനം സൃഷ്ടിക്കുന്നു. വസ്തു അകലെയായാലും അടുത്തായാലും ഈ വ്യത്യാസം സംഭവിക്കുകതന്നെ ചെയ്യും.

വസ്തു ദൃശ്യലോകത്തിലില്ലെങ്കില്‍ക്കൂടി സൂക്ഷ്മലോകത്തിലോ ഭാവനാലോകത്തിലോ രൂപനാമങ്ങളോടെ അവശേഷിക്കുന്നുവെങ്കില്‍ ഇഷ്ടമോ അനിഷ്ടമോ ഉളവാക്കുന്ന സ്പന്ദനങ്ങളുണ്ടായെന്നു വരും. രൂപവും നാമവും ഒരേസ്പന്ദനത്തിന്റെ രണ്ടുഭാവങ്ങളാണ്. ഭൂതമാത്രകളുടെ സ്പന്ദനം ക്രോഡീകരിക്കുമ്പോള്‍ വസ്തുവിന്റെ രൂപമായും, വിപുലീകരിക്കുമ്പോള്‍ (വിതരണം ചെയ്യുമ്പോള്‍) ശബ്ദമായും രൂപപ്പെടുന്നു. ചിന്തയില്‍ രൂപംകൊള്ളുന്ന സ്പന്ദനത്തെ ഉദാഹരിച്ചാല്‍ ഈ സത്യം ബോധ്യമാകും. അച്ഛനെന്ന് വിളിക്കുമ്പോള്‍ അച്ഛനെ ഓര്‍മിക്കുന്നു. ഓര്‍മ്മിക്കുമ്പോള്‍ കിട്ടുന്നത് രൂപവും വിളിക്കാനുപയോഗിക്കുന്നത് ശബ്ദവുമാണ്. എന്നാല്‍ ഇവ രണ്ടും ഒരേ സ്പന്ദനത്തിന്റെ രണ്ടു ഭാവങ്ങളാണ്. ഈ രീതിയിലാണ് ലോകത്തുള്ള സമസ്തരൂപങ്ങളും ശബ്ദങ്ങളും ബന്ധപ്പെട്ടിരിക്കുന്നത്. ഇവയെ രണ്ടായി കണക്കാക്കുന്നത് ശാസ്ത്രത്തിനോ തത്ത്വബോധത്തിനോ നിരക്കുന്നതല്ല.

പ്രപഞ്ചത്തിലെ സമസ്തരൂപങ്ങളും നാമങ്ങളില്‍ ലയിച്ച് താദാത്മ്യം പ്രാപിക്കുന്ന ഏകത്വമാണ് പ്രണവമായി വര്‍ണിക്കപ്പെടുന്നത്. ഈ പ്രണവം അഥവാ ഓങ്കാരം ഈശ്വരന്റെ പേരായതുകൊണ്ട് പ്രണവം ഉച്ചരിക്കുമ്പോള്‍ ഈശ്വരനില്‍ നിന്ന്  പ്രതിസ്പന്ദനം ഉണ്ടാകുന്നു. ഈ പ്രതിസ്പന്ദനം ശാശ്വതമായ ബ്രഹ്മാണ്ഡബീജത്തിന്റെ സ്പന്ദനമാണെന്ന് മറക്കരുത്.
മന്വന്തരങ്ങളില്‍ സര്‍വജ്ഞരായ ജീവാത്മാക്കള്‍ക്ക് മറവി സംഭവിക്കുന്നുവെന്ന് നേരത്തെ സൂചിപ്പിച്ചിട്ടുണ്ട്. പരിണാമവും അതോടൊപ്പം സംഭവിക്കുന്നു. എന്നാല്‍ ഈശ്വരനിലെ സര്‍വജ്ഞത്വബീജം പ്രളയകാലത്തില്‍ (കല്പാന്തകാലം) പോലും പ്രജ്ഞാവിച്ഛേദം സംഭവിക്കാതെ തുടരുന്നു. തന്മൂലം ഈശ്വരനെന്ന സര്‍വജ്ഞബീജത്തില്‍ അനേകകോടി ജീവാത്മാക്കള്‍ ലയിച്ചിരിക്കുന്നു. അതേപോലെ കാലാന്തരത്തില്‍ അനേകകോടി ജീവത്മാക്കള്‍ ഉല്പത്തിപ്രാപിക്കുകയും ചെയ്യുന്നു. ഈ ഉല്പത്തിക്ക് കാരണമായിരുന്ന സ്പന്ദനങ്ങള്‍ ഈശ്വരബീജത്തിലടങ്ങിയിരിക്കുന്ന ജീവാത്മസ്പന്ദനമാണ്. പ്രസ്തുത സ്പന്ദനം മൂലം ആ ജീവാത്മാവിനുണ്ടാകുന്ന ഉല്പത്തി, സ്പന്ദനത്തിനു കാരണമായ ഭൂതമാത്രകളുടെ ചലനത്തെ ആശ്രയിച്ചിരിക്കുന്നു. ഭൂതമാത്രകളുടെ സ്വഭാവവിശേഷവും ചലനവേഗതയും ജീവാത്മാവില്‍ സൃഷ്ടിക്കുന്ന സംസ്‌കാരവിശേഷം സ്ഥൂലശരീരത്തിലൂടെ പ്രകടമാകുന്നതാണ് നാം കാണുന്ന സ്ഥൂലപ്രപഞ്ചം.

സ്ഥിരഭാവമുള്ള സര്‍വജ്ഞബീജത്തിന്റെ നാമമാണ് പ്രണവമെന്ന് നേരത്തെ പറഞ്ഞു. നാമങ്ങളുച്ചരിക്കുമ്പോള്‍ ശരീരത്തില്‍ നിന്ന് പ്രതിസ്പന്ദനങ്ങളുണ്ടാകുന്നതായും സൂചിപ്പിച്ചു. പ്രണവമെന്ന ഈശ്വരനാമമുച്ചരിക്കുമ്പോള്‍ ഈശ്വരനില്‍ നിന്ന് പ്രതിസ്പന്ദനമുണ്ടാകുന്നു. പ്രജ്ഞാവിച്ഛേദം വരാത്ത വ്യക്തിത്വമാണ് ഈശ്വരനെന്നറിയുമ്പോള്‍ അതില്‍ നിന്നുണ്ടാകുന്ന പ്രതികരണം പ്രജ്ഞാവിച്ഛേദമില്ലാത്ത സംസ്‌കാരത്തെയാണ് സൃഷ്ടിക്കുന്നത്. പ്രണവോച്ചാരണംകൊണ്ടു ലഭ്യമാകുന്ന നേട്ടം പ്രജ്ഞാവിച്ഛേദം വരാത്ത വ്യക്തിത്വമാണ്. ശബ്ദവും നാമവും തമ്മില്‍ ബന്ധപ്പെട്ട് സൃഷ്ടിക്കുന്ന പ്രതിസ്പന്ദനങ്ങള്‍ അതാതിന്റെ സംസ്‌കാരത്തെ ഉളവാക്കുന്നതായി പറഞ്ഞിട്ടുണ്ട്. പ്രണവശബ്ദം ഈശ്വരനാമമായതുകൊണ്ട് ഈശ്വരകലതന്നെയാണ് പ്രതിസ്പന്ദനത്തിലൂടെ ലഭിക്കുന്നത്. ഈ കലയുടെ പ്രവാഹശക്തി നാദവും അതിന്റെ സൃഷ്ടിസ്വരൂപം ബിന്ദുവുമാണ്. ‘തസ്യ വാചഃ പ്രണവഃ’ – ഈശ്വരനെ കുറിക്കുന്ന ശബ്ദം പ്രണവമാകുന്നു. എന്ന് പ്രണവത്തെ പതജ്ഞലി മഹര്‍ഷി സൂത്രരൂപേണ കണ്ടെത്തിയിരിക്കുന്നത് ഇത്ര വ്യാപകമായ ഈ പ്രപഞ്ചത്തിന്റെ സ്ഥൂലസൂക്ഷ്മകാരണശരീരങ്ങളിലെ  ഭൂതമാത്രാസ്പന്ദനങ്ങളുടെ സംസ്‌കാരവിശേഷത്തെ ചര്‍ച്ചചെയ്തുകൊണ്ടാണ്.
ഓരോ നാമം ഉച്ചരിക്കുമ്പോഴും ആ നാമത്തിന്റെ രൂപത്തില്‍ നിന്നുണ്ടാകുന്ന സ്പന്ദനങ്ങള്‍, ഉച്ചരിക്കുന്നയാളില്‍ പ്രതിസ്പന്ദനങ്ങള്‍ ഉണ്ടാക്കുന്നുവെന്നത് നാം പ്രത്യേകം ഓര്‍മിക്കേണ്ടതാണ്. ദുഷ്ടന്റെ പേര്, ശിഷ്ടന്റെ പേര്, നേതാവിന്റെ പേര്, ജന്തുക്കളുടെ പേര്, ഇഷ്ടപ്പെട്ടവരുടെ പേര് ഇതെല്ലാം ഉച്ചരിക്കുമ്പോഴുണ്ടാകുന്ന പ്രതിസ്പന്ദനം ഉച്ചരിക്കുന്നവയില്‍തന്നെ ചലനങ്ങളും പ്രതിചലനങ്ങളും സൃഷ്ടിക്കുന്നുവെന്ന് നാം മറക്കരുത്. പ്രസ്തുത ചലനങ്ങള്‍ക്കും പ്രതിചലനങ്ങള്‍ക്കും അനുസൃതമായി ഉച്ചരിക്കുന്നവനുണ്ടാകുന്ന അനുഭവം സുഖമോ ദുഃഖമോ നിരാശയോ നിഷ്‌ക്കളങ്കത്വമോ എന്തുവേണമെങ്കിലുമാകാം. വ്യക്തിയുടെ സ്വഭാവരൂപവല്‍ക്കരണത്തില്‍ മേല്പറഞ്ഞ ചലനപ്രതിചലനങ്ങള്‍ സൃഷ്ടിക്കുന്ന സ്വാധീനത നാം ശ്രദ്ധാപൂര്‍വം അറിഞ്ഞ് നിയന്ത്രിക്കേണ്ടതാണ്.

നല്ല വസ്തുക്കളുടെ നാമമുച്ചരിച്ചുണ്ടാകുന്ന ചലനം നന്മയേയും സ്ഥിരബുദ്ധിയേയും തരുന്നു. സ്വാര്‍ഥതയ്ക്കുവേണ്ടി സന്ദര്‍ഭാനുസരണം മാറിക്കൊണ്ടിരിക്കുന്ന വികാരജീവികളുടെ നാമങ്ങളുച്ഛരിക്കുമ്പോഴുണ്ടാകുന്ന ചലനപ്രതിചലനങ്ങള്‍ ആ വസ്തുവിന്റെ പ്രതിസ്പന്ദനങ്ങളില്‍ നിന്നുണ്ടാകുന്ന വസ്തുഗുണങ്ങളെ അഥവാ ഭൂതമാത്രാചലനങ്ങളെ സൃഷ്ടിക്കുന്നു. ഇങ്ങനെ സൃഷ്ടിക്കപ്പെടുന്ന ഭൂതമാത്രകള്‍  യഥാര്‍ഥത്തില്‍ അവന്‍ വിദ്വേഷിക്കുന്ന വസ്തുവിന്റേതാണെന്നവനറിയുന്നില്ല. ഭൂതമാത്രാചലനങ്ങള്‍ ഇങ്ങനെ നന്മയ്ക്കും തിന്മയ്ക്കും കാരണമായിത്തീരുന്നു. പ്രണവോച്ചാരണംകൊണ്ടുള്ള ഭൂതമാത്രാചലനങ്ങള്‍, സാത്വികവും സഗുണാത്മകവുമായ നന്മയായും, അവ നിശ്ചലമാകുമ്പോള്‍ നിര്‍ഗുണാത്മകമായ ബ്രഹ്മാവസ്ഥയായും പരിണമിക്കുന്നു. അതുകൊണ്ട് പ്രണവജപം, ജപക്രമം, പ്രണവാര്‍ത്ഥധാരണ ഇവ ഗുരുമുഖത്തില്‍ നിന്ന് വഴിപോലെ അഭ്യസിക്കേണ്ടതും അഭ്യാസക്രമം തെറ്റാതെ അര്‍ഥഭാവന ചെയ്യേണ്ടതുമാണ്.

കൂടുതല്‍ വാര്‍ത്തകള്‍ - പാദപൂജ